കണ്ണൂർ: കുട്ടികളെ മുതിർന്നവരുടെ താൽപര്യപ്രകാരം പാർട്ടി പരിപാടികളിലും മറ്റും അണിനിരത്തുന്നത് അടുത്തകാലത്തായി സോഷ്യൽ മീഡിയയിൽ സജീവ ചർച്ചയാണ്. ഇതെല്ലാം ബാലാവകാശ ലംഘനമാണെന്ന വിമർശനവും ഉയരുന്നുണ്ട്. ശബരിമല തീർത്ഥാടനത്തിനായി പിതാവിനൊപ്പം കാൽനടയായി പോകുന്ന രണ്ടുകുഞ്ഞുങ്ങളുടെ ദൃശ്യം വേദനിപ്പിക്കുന്നുവെന്ന് വ്യക്തമാക്കി കണ്ണൂർ ജില്ലയിലെ സിപിഎം വനിതാ നേതാവ് നൽകിയ പോസ്റ്റ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാവുകയാണ്.

ശബരിമല തീർത്ഥാടകരായ രണ്ടുപേർക്കൊപ്പം രണ്ട് കുട്ടികൾ കൂടി കാൽനടയായി പോകുന്ന ചിത്രം നൽകിയാണ് ദിവ്യ പോസ്റ്റിട്ടത്. കാസർകോട്ടുകാരായ രക്ഷിതാക്കൾക്കൊപ്പം ശബരിമല ദർശനത്തിന് പോകുന്ന കുട്ടികളുടെ ചിത്രമാണ് നൽകിയത്. സിപിഐഎം നേതാവും കണ്ണൂർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ പിപി ദിവ്യയുടെ ഫേസ് ബുക്ക് പോസ്റ്റ് ഇതോടെ വിവാദമായി.

ദിവ്യയുടെ പോസ്റ്റ് ഇങ്ങനെ:

എന്ത് വിശ്വാസത്തിന്റെ പേരിലായാലും ശരി ഈ കാഴ്ച വല്ലാതെ വേദനിപ്പിക്കുന്നു. കാസറഗോഡു നിന്നും കാൽനടയായി അഛനോടൊപ്പം രണ്ടു കുരുന്നുകൾ ശബരിമലയിലേക്ക്. പൊരിവെയിലത്ത് നഗ്‌നപാദരായ് ഈ കുഞ്ഞുങ്ങൾ താണ്ടാനുള്ളത് 400 കിലോമീറ്റർ.ആരു ചെയ്ത പാപഭാരം തീർക്കാനാണാവോ...

ഇത്രയും കുറിച്ച് ദൃശ്യം സഹിതമാണ് പോസ്റ്റ് നൽകിയത്. ഇതോടെ പോസ്റ്റിനെ അനുകൂലിച്ചും എതിർത്തും നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്. ബാലപീഡനത്തിന് കേസെടുക്കണമെന്ന് ചിലർ അഭിപ്രായപ്പെടുമ്പോൾ ഈ പാർട്ടിയിലെ എല്ലാവരും ട്രോളന്മാരാണല്ലോ എന്ന അഭിപ്രായവുമായാണ് മറ്റുചിലർ എത്തുന്നത്. ഇത് വെറുമൊരു സംഘപരിവാർ വിരുദ്ധ പ്രചരണമാണെന്നും മറ്റ് മതസ്ഥർക്കെതിരെ സിപിഎം നേതാവ് ഇത്തരമൊരു പോസ്റ്റ് നൽകാൻ ധൈര്യം കാട്ടുമോയെന്നും ചോദിച്ചുകൊണ്ടാണ് പലരുടേയും പ്രതിഷേധം.