ശബരിമലയിൽ പന്തളം കൊട്ടാരം അപ്പവും അരവണയും ഉണ്ടാക്കി വിൽക്കുന്നുവെന്ന് വാർത്ത ശരിയോ തെറ്റോ എന്നതിൽ സംശയമുയർന്ന് നിൽക്കുന്ന വേളയിലാണ് വാർത്താ കുറിപ്പിലൂടെ കൊട്ടാരം അധികൃതർ മറുപടി നൽകിയത്. എന്നാലിപ്പോൾ വാർത്താ കുറിപ്പിന് മറുപടിയുമായി പോസ്റ്റ് ഷെയർ ചെയ്ത സംഘപരിവാർ പ്രവർത്തകൻ ശ്രീജിത്ത് പന്തളം രംഗത്തെത്തിയിരിക്കുകയാണ്. ആദ്യം ഇട്ട പോസ്റ്റ് എഡിറ്റ് ചെയ്തതാണെന്നും കൊട്ടാരം നിർവാഹക സമിതി എന്ന് തെറ്റായി ചേർത്തതാണെന്നും ഇദ്ദേഹം പോസ്റ്റിലൂടെ പറയുന്നു.

ശ്രീജിത്തിന്റെ ആദ്യ പോസ്റ്റ്

'ശബരിമല ദർശനം കഴിഞ്ഞ് പന്തളത്ത് എത്തുന്ന അയ്യപ്പഭക്തർ പന്തളം കൊട്ടാരത്തിന്റെ തേവാരപ്പുരയിലും അതിനോട് ചേർന്നുള്ള കൗണ്ടറിലും ലഭ്യമാകുന്ന അരവണ അപ്പം എന്നിവ വാങ്ങുക. മികച്ച നിലവാരത്തിലും ഗുണമേന്മയിലും സീൽഡ് ടിന്നിൽ ലഭ്യമാണ്. അരവണയ്ക്ക് 60 രൂപയാണ് വില. ആവശ്യത്തിന് സ്റ്റോക്ക് ഉണ്ട്. ഇതുകൊട്ടാരം നിർവാഹക സംഘവും പന്തളം രാജകുടുംബവും നിർമ്മിക്കുന്നതാണ്. ഇതിന് ദേവസ്വം ബോർഡുമായി ബന്ധമില്ല.'

പന്തളം കൊട്ടാരത്തിന്റെ പ്രസ്താവന

'പന്തളം കൊട്ടാരം നിർവാഹക സംഘം അപ്പം, അരവണ നിർമ്മിച്ച് വില്പന നടത്തുന്നുണ്ടെന്നും അതിൽ നിന്ന് ലഭിക്കുന്ന വരുമാനം യുവതീ പ്രവേശന കേസുകൾക്ക് ഉപയോഗിക്കുമെന്നും കാണിച്ച് സോഷ്യൽ മീഡിയകളിൽ വ്യാപകമായ പ്രചരണം നടക്കുന്നതായി കൊട്ടാരം നിർവാഹക സംഘത്തിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. പന്തളം കൊട്ടാരം നിർവാഹക സംഘം അപ്പം അരവണ ഇവ നിർമ്മിക്കുകയോ വിപണനം നടത്തുകയോ ചെയ്യുന്നില്ല എന്ന് എല്ലാ അയ്യപ്പഭക്തരോടും അറിയിക്കുന്നു. കൊട്ടാരം നിർവാഹക സംഘത്തിന്റെ പേരിൽ ഇപ്രകാരം പ്രചരണം നടത്തുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് അറിയിക്കുന്നു...'

 

കൊട്ടാരം വിശദീകരണവുമായി എത്തിയതോടെ ശ്രീജിത്തും നിലപാട് മാറ്റി. കൊട്ടാരം നിർവാഹക സമിതി എന്നത് തെറ്റായി പോസ്റ്റിൽ ചേർത്തതാണെന്നും ആ പോസ്റ്റ് പിന്നീട് എഡിറ്റ് ചെയ്തിരുന്നെന്നും ഇയാൾ വ്യക്തമാക്കുന്നു. അങ്ങനെ തെറ്റായ വിവരം ആദ്യം പോസ്റ്റിൽ ഉൾപ്പെടുത്തിയതിന് മാപ്പ് ചോദിക്കുന്നതായും ശ്രീജിത്ത് പറയുന്നു. എന്നാൽ വർഷങ്ങൾക്ക് മുൻപ് തന്നെ തേവാരപ്പുരയിൽ അപ്പവും അരവണയും ലഭ്യമാണ്. തേവാരപ്പുരയിലും പന്തളത്തും എത്തുന്ന ഭക്തർക്ക് വേണ്ടി ഈ വിവരം കൈമാറാനാണ് ഫേസ്‌ബുക്കിൽ കുറിപ്പിട്ടതെന്നും ഇയാൾ ഫേസ്‌ബുക്ക് വിഡിയോയിൽ വ്യക്തമാക്കുന്നു.

മണ്ഡലകാലത്ത് മിതമായ വിലയ്ക്ക് പണ്ട് മുതലേ കടുംപായസം പന്തളം കൊട്ടാരത്തിലും തേവാരപ്പുരയിൽ എത്തുന്നവർക്ക് വാങ്ങാവുന്നതാണ്. മുൻപ് പ്ലാസ്റ്റിക് കുപ്പിയിലായിരുന്നു ഇത് ലഭിച്ചിരുന്നത്. എന്നാൽ ഇപ്പോൾ ശബരിമലയിലെ അരവണയെ ഓർമ്മിപ്പിക്കുന്ന തരം പ്രകൃതിസൗഹൃദ പേപ്പർ കണ്ടെയ്നറിലാണ് കടുംപായസം ലഭിക്കുന്നത്. ഈ ബോട്ടിലിൽ പന്തളം രാജാവിന്റെയും മണികണ്ഠന്റെയും ചിത്രവും ഉണ്ട്. ഈ ബോട്ടിലിന്റെ ചിത്രവും പങ്കുവച്ചാണ് പ്രചാരണം.