ന്യൂഡൽഹി: ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഫേസ്‌ബുക്ക്, വാട്‌സാപ്, ഇൻസ്റ്റാഗ്രാം എന്നീ സമൂഹമാധ്യമങ്ങളുടെ പ്രവർത്തനം തടസ്സപ്പെട്ടു. 'സോറി സംതിങ് വെന്റ് റോങ് ' എന്നാണ് ഫേസ്‌ബുക്കിന്റെ വെബ്‌സൈറ്റിൽ കാണിക്കുന്നത്. എത്രയും പെട്ടെന്ന് പ്രശ്‌നം പരിഹരിക്കാൻ ശ്രമിക്കുകയാണെന്നും വെബ്‌സൈറ്റിൽ സൂചിപ്പിക്കുന്നുണ്ട്. മറ്റു വിവരങ്ങൾ ലഭ്യമല്ല. വാട്‌സാപ്പുമായി ബന്ധപ്പെട്ട് ചില പ്രശ്‌നങ്ങൾ ഉള്ളതായും, ശരിയാക്കാൻ പരിശ്രമിക്കുകയാണെന്നും ട്വീറ്റിൽ പറയുന്നു. വൈകാതെ അപ്‌ഡേറ്റ് ചെയ്യാമെന്നും ട്വീറ്റിലുണ്ട്.

ഇന്ത്യൻ സമയം, 9 മണിയോടെയാണ് സേവനങ്ങൾ തടസ്സപ്പെട്ടത്. ഫേസ്‌ബുക്ക് സേവനങ്ങൾ തടസ്സപ്പെട്ടതിനെ കുറിച്ച് നിരവധി ആളുകൾ ട്വീറ്റ് ചെയ്തിട്ടുണ്ട്. സേവനങ്ങൾ എപ്പോൾ പുനഃസ്ഥാപിക്കപ്പെടും എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. വെബ് സേവനങ്ങളെ ട്രാക്ക് ചെയ്യുന്ന വെബ്‌സൈറ്റ് ഡൗൺഡിറ്റക്ടർ ഡോട് കോമും ഉപയോക്താക്കളുടെ പരാതികൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ആദ്യം 14,000 ത്തോളം പേർക്ക് വാട്‌സാപ്പും, പിന്നീട് 3000 പേർക്ക് മെസഞ്ചറും അപ്രാപ്യമായി. പിന്നീട് ഇത് വ്യാപകം ആവുകയായിരുന്നു. ഫേസ്‌ബുക്കിന് ഇന്ത്യയിൽ 410 മില്യൻ ഉപയോക്താക്കളും, വ്ാട്‌സാപ്പിന് 530 മില്യൻ ഉപയോക്താക്കളും, ഇൻസ്റ്റായ്ക്ക് 210 മില്യൺ ഉപയോക്താക്കളും ഉണ്ട്.