ഗോവ: ഐ.എസ്.എല്ലിലെ ലീഗ് മത്സരത്തിൽ മുംബൈ സിറ്റി എഫ്.സിയെ ഗോൾ മഴയിൽ മുക്കി എഫ്.സി ഗോവ. എതിരില്ലാത്ത അഞ്ചു ഗോളുകൾക്കായിരുന്നു ഗോവയുടെ വിജയം.ഗോവയിലെ നെഹ്‌റു സ്‌റ്റേഡിയത്തിൽ മികച്ച പ്രകടനമാണ് ഗോവ പുറത്തെടുത്തത്. ആദ്യ പകുതിയിൽ ഒരു ഗോൾ മാത്ര ഗോവ നേടിയത്. രണ്ടാം പകുതിയിൽ നാലു ഗോളുകളാണ് ഗോവൻ വലയിലെത്തിച്ചത്. മത്സരത്തിന്റെ ആറാം മിനിറ്റിൽ പെനാൽറ്റിയിലൂടെ ഗോവ മുന്നിലെത്തി. മുംബൈ താരം സൗവിക് ഘോഷ്, ഫെറാൻ കോറോമിനാസിനെ ബോക്സിനുള്ളിൽ ഫൗൾ ചെയ്തതിനായിരുന്നു പെനാൽറ്റി. കോറോ തന്നെ ലക്ഷ്യം കാണുകയും ചെയ്തു.

പിന്നീട് 55-ാം മിനിറ്റിലാണ് ഗോവ രണ്ടാമത്തെ ഗോൾ നേടുന്നത്. കഴിഞ്ഞ സീസണിൽ ബ്ലാസ്‌റ്റേഴ്‌സ് താരമായിരുന്ന ജാക്കിച്ചന്ദ് സിങ്ങിന്റെ ആദ്യ ഗോൾ. സെറിട്ടൺ ഫെർണാണ്ടസിന്റെ പാസിൽ നിന്നായിരുന്നു ഗോൾ. പിന്നാലെ എഡു ബേഡിയ ഗോവയുടെ ലീഡ് മൂന്നാക്കി ഉയർത്തി.അവസാന പത്തു മിനിറ്റിൽ മിഗ്വൽെ പലാങ്ക ഫെർണാണ്ടസിന്റെ ഇരട്ട ഗോളുകൾ കൂടിയായതോടെ ഗോവയുടെ മുംബൈ വധം പൂർത്തിയായി. 84, 90 മിനിറ്റുകളിലായിരുന്നു ഫെർണാണ്ടസിന്റെ ഗോളുകൾ. ഇതോടെ മൂന്നുകളികളിൽ നിന്ന് രണ്ടു ജയവും ഒരു സമനിലയുമായി ഗോവ പോയിന്റ് പട്ടികയിൽ ഒന്നാമതെത്തി. മുംബൈ ഏഴാം സ്ഥാനത്താണ്.