ഗാൾവേ (അയർലണ്ട് ):ഗാൾവേ സെന്റ് ജോർജ് സിറിയൻ ഓർത്തഡോക്ൾസ് ദേവാലയത്തിൽ പരി .അബ്ദുൽ ജലീൽ മോർ ഗ്രീഗോറിയോസ് ബാവായുടെ 337 -)O മത് ശ്രാദ്ധപ്പെരുന്നാൾ ഏപ്രിൽ മാസം 8 -)O തീയ്യതി ഞായറാഴ്ച കൊണ്ടാടുന്നു.

ഇറാഖിലെ മൊസൂളിൽ ജനിച്ച പരി .പിതാവ് 1654 ഇൽ ആമീദിലെ മെത്രാപ്പൊലീത്തയായി പരി .ഇഗ്‌നാത്തിയോസ് ശെമവൂൻ പാത്രിയർക്കീസ് ബാവായാൽ അഭിഷിക്തനാവുകയും 1664 ഇൽ അദ്ദേഹം അഞ്ചാം പാത്രിയർക്കാ സിംഹാസനം എന്ന് നിഖ്യാ സുന്നഹദോസിനാൽ നിശ്ചയിക്കപ്പെട്ട യെരുശലേമിന്റെ പാത്രിയർക്കീസ് ആയി ഉയർത്തപ്പെടുകയും ചെയ്തു.

1665 ഇൽ പരി .പാത്രിയർക്കീസ് ബാവായുടെ കൽപ്പന അനുസരിച്ചു മലങ്കരയിൽ എത്തിച്ചേർന്ന പരി .പിതാവ് പോർട്ടുഗീസ് പീഡനത്തിൽ ഞെരുങ്ങി കഴിഞ്ഞ മലങ്കര സഭയെ രക്ഷിക്കാൻ തന്നാലാവും വിധം എല്ലാം ചെയ്തു .കേരളത്തിലെ പൊന്നാനി തുറമുഖത്തു എത്തിച്ചേർന്ന പരി .ബാവായെ വടക്കൻ പറവൂർ യാക്കോബായ സുറിയാനിപ്പള്ളിയിലെ വിശ്വാസികളും വൈദീകരും ആ പള്ളിയിലേക്ക് കൂട്ടിക്കൊണ്ടുപോകുകയും സത്യവിശ്വാസസംരക്ഷണത്തിനു വേണ്ടി പരി .പിതാവ് പള്ളികൾ സന്ദർശിച്ച് വിശ്വാസികളെ സത്യ സുറിയാനി സഭാ വിശ്വാസത്തിൽ ഉറപ്പിക്കുകയും ചെയ്തു .രാജ ശക്തിയുടെ പിൻബലത്താൽ നടത്തപ്പെട്ട ഉദയംപേരൂർ സുന്നഹദോസിനാൽ വികലമാക്കപ്പെട്ട സുറിയാസഭയുടെ വിശ്വാസവും ആചാരാനുഷ്ഠാനങ്ങളും തിരികെ പഴയരീതിലേക്കു എത്തിക്കുന്നതിന് പരി .പിതാവ് കേരളത്തിൽ അങ്ങോളമിങ്ങോളം യാത്രചെയ്യുകയും സുറിയാനിസഭയ്ക്കുവേണ്ടി മെത്രാന്മാരെ വാഴിച്ചാക്കുകയും ചെയ്തു.

1681 ഏപ്രിൽ 27 -)O തീയ്യതി മരണസമയം മുൻകൂട്ടി മനസ്സിലാക്കിയ ബാവാതിരുമേനി കുളിച്ചു സ്ഥാനാവസ്ത്രങ്ങളണിഞ്ഞു വടക്കൻപറവൂർ പള്ളിയിൽ പ്രവേശിക്കുകയും പള്ളിയകത്തുവെച്ചു കാലംചെയ്യുകയും ആ പള്ളിയിൽ തന്നെ കബറടക്കപ്പെടുകയും ചെയ്തു. പരി .പാത്രിയർക്കീസ് ബാവായാൽ 2000 മാണ്ടിൽ പരിശുദ്ധനായി പ്രഖ്യാപിക്കപ്പെട്ട ആ പരി .പിതാവിന്റെ കബറിടം ഇന്ന് അനേകായിരങ്ങൾക്ക് ദൈവീക അനുഗ്രഹങ്ങളുടെ ഉറവയായി നിലനിൽക്കുന്നു.

ഏപ്രിൽ 8 -)O തീയ്യതി പരി .പാത്രിയർക്കീസ് ബാവായുടെ സെക്രട്ടറി നി .വ .ദി .ശ്രീ .മാത്യൂസ് മോർ തിമോത്തിയോസ് മെത്രാപ്പൊലീത്ത വി .കുർബാനയ്ക്കും പ്രത്യേക മധ്യസ്ഥ പ്രാർത്ഥനയ്ക്കും ധൂപപ്രാർത്ഥനയ്ക്കും മുഖ്യ കാർമ്മികത്വം വഹിക്കുന്നതാണ്.അന്നേദിവസം രാവിലെ 8.45 നു എത്തിച്ചേരുന്ന അഭിവന്ദ്യ തിരുമേനിയെ ഇടവക വികാരി റവ .ഫാ .ജോബിമോൻ സ്‌കറിയ ,ട്രസ്റ്റി വിനോദ് ജോർജ്, സെക്രട്ടറി ബിജു തോമസ് എന്നിവരുടെ നേതൃത്വത്തിൽ വിശ്വാസികൾ സ്വീകരിച്ചു പള്ളിയിലേക്ക് ആനയിക്കുന്നതായിരിക്കും.തുടർന്ന് 9 മണിക്ക് വിശുദ്ധ കുർബാനയും തുടർന്നുള്ള ശുശ്രൂഷകളും നേർച്ചവിളമ്പും നടത്തപ്പെടും .

കൂടുതൽ വിവരങ്ങൾക്ക്
വിനോദ് ജോർജ് (ട്രസ്റ്റി ) 0879742875
ബിജു തോമസ് (സെക്രട്ടറി )0879441587