ഷിക്കാഗോ: പരിശുദ്ധ പരുമല മാർ ഗ്രിഗോറിയോസ് തിരുമേനിയുടെ നൂറ്റിപ്പതിനാറാം ഓർമ്മപ്പെരുന്നാൾ ബെൽവുഡ് സെന്റ് ജോർജ് ഓർത്തഡോക്സ് കത്തീഡ്രലിൽ ഒക്ടോബർ 26,27,28 (വെള്ളി, ശനി, ഞായർ) തീയതികളിൽ ഓർത്തഡോക്സ് സഭയുടെ തിരുവനന്തപുരം ഭദ്രാസനാധിപൻ അഭി. ഡോ. ഗബ്രിയേൽ മാർ ഗ്രിഗോറിയോസ്, നാഗ്പൂർ ഓർത്തഡോക്സ് സെമിനാരി പ്രിൻസിപ്പൽ റവ.ഫാ. ബിജേഷ് ഫിലിപ്പ്, കത്തീഡ്രൽ വികാരി റവ.ഫാ. ദാനിയേൽ ജോർജ് എന്നിവരുടെ നേതൃത്വത്തിൽ ആചരിക്കുന്നു.

26-നു വെള്ളിയാഴ്ച വൈകിട്ട് 7 മണിക്ക് സന്ധ്യാപ്രാർത്ഥന, പരിശുദ്ധന്റെ നാമത്തിൽ മധ്യസ്ഥ പ്രാർത്ഥന, രോഗികൾക്കുവേണ്ടിയുടെ പ്രത്യേക പ്രാർത്ഥന, പെരുനാൾ ഒരുക്കധ്യാനം എന്നിവയുണ്ടായിരിക്കും.

27-നു ശനിയാഴ്ച വൈകുന്നേരം 3 മണിക്ക് മാർത്തമറിയം വനിതാ സമാജം റീജണൽ കോൺഫറൻസ് അഭി. തിരുമേനി ഉദ്ഘാടനം ചെയ്യും. 6.30-നു ആഘോഷപൂർവ്വമായ കൊടിയേറ്റ്, 6.45-നു സന്ധ്യാ നമസ്‌കാരം തുടർന്നു പരിശുദ്ധ പരുമല മാർ ഗ്രിഗോറിയോസ് അനുസ്മരണ സമ്മേളനം എന്നിവ നടക്കും. വാഴ്‌വിനും കൈമുത്തിനും ശേഷം മാർ മക്കാറിയോസ് മെമോറിയൽ ഹാളിൽ സ്നേഹവിരുന്ന് ഉണ്ടായിരിക്കും.

28-നു ഞായറാഴ്ച രാവിലെ ദേവാലയ കവാടത്തിലെത്തുന്ന തിരുമേനിയേയും വൈദീകരേയും ശുശ്രൂഷാസംഘം ദേവാലയത്തിലേക്ക് ആനയിക്കും. രാവിലെ 8.30-നു പ്രഭാത നമസ്‌കാരം, 9.30-നു വി. കുർബാന തുടർന്ന് റാസ എന്നിവയുണ്ടായിരിക്കും. അതിനുശേഷം നടക്കുന്ന സമ്മേളനത്തിൽ അഭി. തിരുമേനി ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം നിർവഹിക്കും. പെരുന്നാൾ വാഴ്‌വിനും കൈമുത്തിനും ശേഷം പെരുന്നാൾ സദ്യ ഉണ്ടായിരിക്കും. വൈകിട്ട് 4 മണിക്ക് കൊടിയിറക്കുന്നതോടെ പെരുന്നാൾ സമാപിക്കും.

വിശ്വാസികൾ പെരുന്നാളിലും അനുബന്ധ ചടങ്ങുകളിലും നോമ്പാചരണത്തിലും വെടിപ്പോടും വിശുദ്ധിയോടുംകൂടി വന്ന് സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കണമെന്ന് ഫാ. ദാനിയേൽ ജോർജ് താത്പര്യപ്പെടുന്നു.

പെരുന്നാളിനു പ്രധാന കാർമികത്വം വഹിക്കുന്ന അഭി. ഡോ. ഗബ്രിയേൽ മാർ ഗ്രിഗോറിയോസ് തിരുമേനിയെ ഒക്ടോബർ 23-നു ഷിക്കാഗോ ഒഹയർ ഇന്റർനാഷണൽ എയർപോർട്ടിൽ വൈദീകരും വിശ്വാസികളും ചേർന്ന് സ്വീകരിച്ചു.

പെരുന്നാളിന്റെ വിപുലമായ നടത്തിപ്പിനുവേണ്ടി മാനേജിങ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ പ്രവർത്തിച്ചുവരുന്നു. ജോർജ് വർഗീസ് വെങ്ങാഴിയിൽ അറിയിച്ചതാണിത്.