ഷിക്കാഗോ രൂപത ക്നാനായ മിഷൺ മുൻ ഡയറക്ടറായിരുന്ന ഫിലിപ്പ് തൊടുകയിൽ അച്ചന്റെ പൗരോഹിത്യ സ്വീകരണത്തിന്റെ സുവർണ്ണ ജൂബിലി ഷിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ദേവാലയത്തിൽ വച്ച് നടത്തപ്പെട്ടു. നവംബർ 18 ന് ഞായറാഴ്ച രാവിലെ 10 മണിക്ക് ജൂബിലി വിളക്കിന് തിരി തെളിയിച്ചുകൊണ്ട് നടത്തിയ കൃതജ്ഞതാ ബലിയിൽ ബഹു. ഫിലിപ്പ് അച്ചൻ മുഖ്യകാർമികത്വം വഹിച്ചു. ഇടവക വികാരിയും ക്നാനായ റീജിയൺ ഡയറക്ടറുമായ ഫാദർ തോമസ് മുളവനാൽ, അസി. വികാരി ഫാദർ ബിൻസ് ചേത്തലിൽ എന്നിവർ വി.ബലിയിൽ സഹകാർമികരായിരുന്നു.

നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്ത വി. കുർബാന മധ്യേ നടത്തിയ വചന സന്ദേശത്തിൽ ദൈവവിളിക്ക് അനുയോജ്യരായവരെ അല്ല ദൈവം വിളിക്കുന്നത്, മറിച്ച് വിളിച്ചതിനു ശേഷം അവരെ യോഗ്യരാക്കി മാറ്റുകയാണ് ദൈവം ചെയ്യുന്നതെന്ന് ബഹു.ഫിലിപ്പ് അച്ചൻ ജനങ്ങളെ ഓർമിപ്പിച്ചു. നമ്മുടെ പടിവാതിൽക്കൽ നിൽക്കുന്ന 'സ്നേഹമെന്ന' ആ യാചകനെ ബോധ്യത്തോടെ നാം സ്വീകരിച്ചാൽ, നാം ആഗ്രഹിക്കുന്ന എല്ലാ സുഖവും സമ്പത്തും കൂടെ പോരുമെന്നും എന്നാൽ അതിനെ മാന്യതയോടും മാതൃകാപരമായും വിനിയോഗിക്കുമ്പോളാണ് ദൈവസ്നേഹം നമ്മളിൽ പൂവണിയുന്നതെന്ന് തന്റെ വചന സന്ദേശത്തിൽ അദ്ദേഹം കൂട്ടിച്ചേർത്തു.

1969 ഡിസംബർ 18ാം തീയതി അഭിവന്ദ്യ മാർ.തോമസ് തറയിൽ പിതാവിൽനിന്നും പൗരോഹിത്യം സ്വീകരിച്ച ഫിലിപ്പ് അച്ചൻ പതിനാലു വർഷങ്ങൾക്ക് മുൻപ് സെ.മേരിസ് ഇടവകയിൽ ആയിരുന്നപ്പോൾ ചെയ്ത സേവനങ്ങളെ അനുസ്മരിച്ചുകൊണ്ട് ഇടവക വികാരി ഫാദർ തോമസ് മുളവനാൽ സംസാരിച്ചു. നന്ദിസൂചകമായി അച്ചനെ ബൊക്കെ നൽകി സ്വീകരിക്കുകയും, പൊന്നാടയണിയിച്ച് ആദരിക്കുകയും ചെയ്തു. തുടർന്ന് കുടുംബങ്ങളടൊത്ത് കേക്ക് മുറിക്കുകയും, തന്റെ പൗരോഹിത്യ സുവർണ്ണ ജൂബിലി വർഷത്തിന്റെ തുടക്കം സെ.മേരിസ് ഇടവക ജനങ്ങളോടൊത്ത് ആഘോഷിക്കുവാൻ സാധിച്ചതിലുള്ള സന്തോഷവും അദ്ദേഹം പങ്കുവച്ചു. സി.സി.ഡി കുട്ടികൾക്കായി ക്രിസ്മസിനോടനുബന്ധിച്ച് നടത്തുന്ന ''ഉണ്ണിക്കൊരു കുഞ്ഞാട്'' എന്ന ദാനധർമ്മ പദ്ധതിയുടെ ഉദ്ഘാടനവും തദവസരത്തിൽ ബഹു. ഫിലിപ്പ് അച്ചൻ നിർവഹിച്ചു. ചടങ്ങുകളുടെ സുഗമമായ പ്രവർത്തനങ്ങൾക്ക് ചർച്ച് എക്സിക്യൂട്ടീവ് വേണ്ട ക്രമീകരണങ്ങൾ ഒരുക്കി.സ്റ്റീഫൻ ചൊള്ളമ്പേൽ (പി.ആർ.ഒ.) അറിയിച്ചതാണിത്.