ഷിക്കാഗോ: ദേവലോകം അരമനയിൽ കബറടങ്ങിയിരിക്കുന്ന പരിശുദ്ധ ബസേലിയോസ് ഗീവർഗീസ് ദ്വിതീയൻ ബാവ തിരുമേനിയുടെ അമ്പത്തഞ്ചാം ഓർമ്മപ്പെരുന്നാൾ ബെൽവുഡ് സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് കത്തീഡ്രലിൽ ഭക്ത്യാദരപൂർവ്വം ആഘോഷിക്കുന്നു. ആഘോഷങ്ങൾക്ക് ഫാ. ഡാനിയേൽ ജോർജ് നേതൃത്വം നൽകും.

ഡിസംബർ 31-നു തിങ്കളാഴ്ച വൈകിട്ട് 7-നു സന്ധ്യാപ്രാർത്ഥനയും ധ്യാന പ്രസംഗവും ഉണ്ടായിരിക്കും. ജനുവരി ഒന്നിനു ചൊവ്വാഴ്ച രാവിലെ 9 മണിക്ക് പ്രഭാത നമസ്‌കാരവും തുടർന്നു വിശുദ്ധ കുർബാനയും ഉണ്ടായിരിക്കും. ധൂപ പ്രാർത്ഥനയ്ക്കും കൈമുത്തിനും ശേഷം നടക്കുന്ന സ്നേഹവിരുന്നിനു ബൈജു ജോസും, ഡെന്നീസ് ജോർജും നേതൃത്വം നൽകും.

പരിശുദ്ധ തിരുമേനിയുടേയും വട്ടശേരിൽ തിരുമേനിയുടേയും വാത്സല്യവാനായിരുന്ന ഗീവർഗീസ് ദ്വിതീയൻ ബാവ തിരുമേനിയെ 1929 ഫെബ്രുവരി 13-നു കോട്ടയം മാർ ഏലിയാ ചാപ്പലിൽ വച്ചു മലങ്കരയിലെ മൂന്നാമത്തെ കാതോലിക്കയായി വാഴിച്ചു. ദൈവത്തിൽ അടിയുറച്ച വിശ്വാസവും ഭക്തിയും, സർവ്വോപരി തിരുമേനിയുടെ സത്യദീക്ഷയുമായിരുന്നു ബാവാ തിരുമേനിയുടെ വിജയത്തിന്റെ രഹസ്യം. അനേകരുടെ ഹൃദയത്തിൽ തിരുമേനി ഇന്നും സജീവമായിത്തന്നെ നിലകൊള്ളുന്നു.

പരിശുദ്ധ പിതാവിന്റെ ഭക്തിനിർഭരമായ ഓർമ്മപ്പെരുന്നാളിലേക്ക് എല്ലാ ഭക്തജനങ്ങളേയും വികാരി ഫാ. ഡാനിയേൽ ജോർജ്, ട്രസ്റ്റി പി.സി. വർഗീസ്, സെക്രട്ടറി ഷിബു മാത്യൂസ് തുടങ്ങിയവർ സ്വാഗതം ചെയ്തു.
ജോർജ് വർഗീസ് വെങ്ങാഴിയിൽ അറിയിച്ചതാണിത്.