ഡിട്രോയിറ്റ്: ഓഗസ്റ്റ് 12-ാം തീയതി ശനിയാഴ്ച വൈകുന്നേരം ഇടവക വികാരി റവ. ഫാ. ഫിലിപ്പ് രാമച്ചനാട്ട് തിരുനാൾ കൊടിയുയർത്തി. റവ. ഫാ. മാത്യു മേലേടത്തിന്റെ നേതൃത്വത്തിൽ ആഘോഷമായ തിരുനാൾ പാട്ടുകുർബാന നടത്തപ്പെട്ടു. റവ. ഫാ. ജോയി ചക്കിയാൻ വചനസന്ദേശം നൽകി. റവ. ഫാ. സതീഷ് രാമച്ചനാട്ട്, റവ. ഫാ. സ്റ്റാനി എടത്തിപ്പറമ്പിൽ, റവ. ഫാ. ജോർജ് പള്ളിപ്പറമ്പിൽ എന്നിവർ സഹകാർമ്മികരായിരുന്നു. തുടർന്ന് ജപമാല പ്രദക്ഷിണവും സ്നേഹവിരുന്നും നടത്തപ്പെട്ടു.

ഡിട്രോയിറ്റ് സെന്റ് മേരീസ് ചെണ്ടമേളം നടത്തിയ ചെണ്ടമേളം ഏവരുടെയും പ്രശംസ നേടി. ഓഗസ്റ്റ് 13-ാം തീയതി ഞായറാഴ്ച രാവിലെ റവ. ഫാ. സ്റ്റാനി എടത്തിപ്പറമ്പിലിന്റെ നേതൃത്വത്തിൽ ആഘോഷമായ റാസ കുർബാന നടന്നു. റവ. ഫാ. സതീഷ് രാമച്ചനാട്ട് വചനസന്ദേശം നൽകി. റവ. ഫാ. ജോർജ് പള്ളിപ്പറമ്പിൽ, റവ. ഫാ. ഫിലിപ്പ് രാമച്ചനാട്ട്, റവ. ഫാ. ജോയി ചക്കിയാൻ, റവ. ഫാ. മാത്യു മേലേടത്ത് എന്നിവർ സഹകാർമ്മികരായിരുന്നു. ഇടവക വികാരി റവ. ഫാ. ഫിലിപ്പ് രാമച്ചനാട്ടിന്റെ നേതൃത്വത്തിൽ ബറുമറിയം എന്ന സുറിയാനിഭാഷയിലെ മാതാവിന്റെ സ്തുതിപ്പ് ഗാനം ആലപിച്ചത് തിരുനാളിൽ ക്നാനായ പാരമ്പര്യവും തനിമയും വിളിച്ചോതി.

തുടർന്ന് ഭക്തിസാന്ദ്രമായ പ്രദക്ഷിണവും സ്നേഹവിരുന്നും നടന്നു. കൈക്കാരന്മാരായ ജോയ് വെട്ടിക്കാട്ട്, ജെയ്സ് കണ്ണച്ചാൻപറമ്പിൽ, പാരീഷ് കൗൺസിൽ അംഗങ്ങൾ, ഇടവകാംഗങ്ങൾ വളരെ ഒരുമയോടെ ചടങ്ങുകൾക്ക് നേതൃത്വം നൽകി. സെന്റ് മേരീസ് കൊയർ ടീം നടത്തിയ ഗാനശുശ്രൂഷകൾ തിരുനാളിൽ സംബന്ധിച്ച ഏവരെയും തിരുനാൾ തിരുക്കർമ്മങ്ങളിൽ ഭക്തിപൂർവ്വം സംബന്ധിക്കാൻ ഏറെ സഹായിച്ചു.

ജെയ്സ് കണ്ണച്ചാൻപറമ്പിൽ അറിയിച്ചതാണിത്.