ഷിക്കാഗോ: സെന്റ് ഗ്രിഗോറിയോസ് കത്തീഡ്രലിൽ കാവൽ പിതാവും മലങ്കര സഭയുടെ മഹാ പരിശുദ്ധനുമായ പരുമല തിരുമേനിയുടെ നൂറ്റിപ്പന്ത്രണ്ടാം ഓർമ്മപ്പെരുന്നാൾ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ കത്തീഡ്രലിൽ ആചരിച്ചു. 24-ന് വെള്ളിയാഴ്ചനടന്ന സന്ധ്യാപ്രാർത്ഥനയെ തുടർന്ന് തിരുവനന്തപുരം ഭദ്രാസനാധിപൻ  ഡോ. ഗബ്രിയേൽ മാർ ഗ്രിഗോറിയോസ് നയിച്ച പെരുന്നാൾ ഒരുക്ക ധ്യാനത്തോടുകൂടി പരിപാടികൾ ആരംഭിച്ചു. 25-ന് ശനിയാഴ്ച വൈകിട്ട് 6.30-ന് ആഘോഷപൂർവ്വമായ കൊടിയേറ്റ് നടന്നു. സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസനാധിപൻ അഭി. അലക്‌സിയോസ് മാർ യൗസേബിയോസ് മെത്രാപ്പൊലീത്ത ചടങ്ങുകൾക്ക് നേതൃത്വം നൽകി. തുടർന്ന് സന്ധ്യാ പ്രാർത്ഥനയും പ്രസംഗവും നടന്നു. 26-ന് ഞായറാഴ്ച രാവിലെ 8.30-ന് അഭിവന്ദ്യ തിരുമേനിയുടെ പ്രധാന കാർമികത്വത്തിലും വികാരി ഫാ. ദാനിയേൽ ജോർജിന്റെ സഹകാർമികത്വത്തിലും വിശുദ്ധ കുർബാന, പരിശുദ്ധന്റെ നാമത്തിൽ മധ്യസ്ഥ പ്രാർത്ഥന എന്നിവയും നടന്നു.

മലങ്കര സഭയ്ക്ക് ലഭിച്ച വലിയ ദാനമാണ് പരിശുദ്ധ പരുമല തിരുമേനിയെന്നും, ദൈവത്താൽ വേർതിരിക്കപ്പെട്ട്, വചനത്താലും, രക്തത്താലും ആത്മാവിനാലും വിശുദ്ധീകരിക്കപ്പെട്ട് മലങ്കര സഭയ്ക്ക് എന്നും വിശുദ്ധനായി ജീവിക്കുന്ന ആ പരിശുദ്ധന്റെ ഓർമ്മ നമുക്ക് എന്നും അനുഗ്രഹത്തിന്     നിദാനമായിത്തീരട്ടെ എന്ന് പ്രാർത്ഥിക്കുകയും, ആ വിശുദ്ധന്റെ മധ്യസ്ഥതയ്ക്കും അനുഗ്രഹത്തിനും കൃപകൾക്കും മുഖാന്തിരമായിത്തീരട്ടെ എന്നു പ്രാർത്ഥിക്കുകയും ചെയ്യുന്നുവെന്നും പ്രസംഗത്തിൽ അലക്‌സിയോസ് മാർ യൗസേബിയോസ് മെത്രാപ്പൊലീത്ത ഉദ്‌ബോധിപ്പിച്ചു.

കുരിശ്, കൊടി, മുത്തുക്കുടകൾ, ചെണ്ട-വാദ്യമേളങ്ങൾ എന്നിവയുടെ അകമ്പടിയോടുകൂടി നടന്ന റാസയിൽ പ്രാർത്ഥനയിലും പെരുന്നാൾ ഗീതങ്ങൾ ആലപിച്ച് ഭക്തജനങ്ങൾ പങ്കെടുത്തു. കുരിശടിയിൽ പ്രാർത്ഥന നടത്തി ദേവാലയത്തിലെത്തിയ വിശ്വാസികൾക്ക് മെത്രാപ്പൊലീത്ത വാഴ്‌വ് നൽകി അനുഗ്രഹിച്ചു. തുടർന്ന് മാർ മക്കാറിയോസ് മെമോറിയൽ ഹാളിൽ പെരുന്നാൾ സദ്യ നടത്തപ്പെട്ടു. മൂന്നു ദിവസങ്ങളിലായി വമ്പിച്ച ജനാവലി പെരുന്നാളിലും അനുബന്ധ പരിപാടികളിലും സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കുകയുണ്ടായി.
ഇതിനുവേണ്ടി ഫാ. ദാനിയേൽ ജോർജ്, തോമസ് സ്‌കറിയ, ഏലിയാമ്മ പുന്നൂസ്, ഷിബു മാത്യു തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള വിവിധ കമ്മിറ്റികൾ പ്രവർത്തിച്ചു. ജോർജ് വർഗീസ് വെങ്ങാഴിയിൽ അറിയിച്ചതാണിത്.