ഷിക്കാഗോ: ബെൽവുഡ് സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്‌സ് കത്തീഡ്രലിൽ മലങ്കര സഭാ ഭാസുരൻ പരിശുദ്ധ വട്ടശേരിൽ ഗീവർഗീസ് മാർ ദീവന്നാസ്യോസ് തിരുമേനിയുടെ എൺപതിത്തിയൊന്നാം ഓർമ്മപ്പെരുന്നാളും, കോട്ടയം ദേവലോകം അരമനയിൽ കബറടങ്ങിയിരിക്കുന്നതും അമേരിക്കൻ ഭദ്രാസന ശിൽപിയും സീനിയർ മെത്രാപ്പൊലീത്തയുമായിരുന്ന അഭിവന്ദ്യ ഡോ. തോമസ് മാർ മക്കാറിയോസ് തിരുമേനിയുടെ ഏഴാം ഓർമ്മപ്പെരുന്നാളും സംയുക്തമായി ഭക്ത്യാദരവുകളോടെ 27, 28, മാർച്ച് 1 (വെള്ളി, ശനി, ഞായർ) തീയതികളിൽ കൊണ്ടാടുന്നു.

വെള്ളിയാഴ്ച വൈകിട്ട് 7 മണിക്ക് സന്ധ്യാ പ്രാർത്ഥന, മദ്ധ്യസ്ഥ പ്രാർത്ഥന, പ്രസംഗം എന്നിവയുണ്ടായിരിക്കും. ശനിയാഴ്ച വൈകിട്ട് 6 മണിക്ക് സന്ധ്യാമനസ്‌കാരം തുടർന്ന് പ്രാർത്ഥനാ യോഗം, അനുസ്മരണ യോഗം എന്നിവ മക്കാറിയോസ് മെമോറിയൽ ഹാളിൽ നടക്കും. ഞായറാഴ്ച രാവിലെ 9 മണിക്ക് പ്രഭാത നമസ്‌കാരം തുടർന്ന് 10 മണിക്ക് വിശുദ്ധ കുർബാന, ധൂപപ്രാർത്ഥന, കൈമുത്ത്, നേർച്ചവിളമ്പ് എന്നിവയുണ്ടായിരിക്കും. ഫാ. ഡാനിയേൽ ജോർജ് ചടങ്ങുകൾക്ക് നേതൃത്വം നൽകും.

നോമ്പാചരണത്തോടും ഭക്തിയോടുംകൂടി പെരുന്നാളിൽ സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കണമെന്ന് ഫാ. ഡാനിയേൽ ജോർജ് (വികാരി), മാത്യു ഫിലിപ്പ് (ട്രസ്റ്റി), ഏലിയാമ്മ പുന്നൂസ് (സെക്രട്ടറി) തുടങ്ങിയവർ താത്പര്യപ്പെടുന്നു. ജോർജ് വർഗീസ് വെങ്ങാഴിയിൽ അറിയിച്ചതാണിത്.