ന്യുയോർക്ക്: സ്റ്റാറ്റൻ ഐലൻഡ് സീറോ-മലബാർ കത്തോലിക്കാ ഇടവകയിൽ ആണ്ടുതോറും ആഘോഷിച്ചുവരുന്ന വാഴ്‌ത്തപ്പെട്ട തേവർപറമ്പിൽ കുഞ്ഞച്ചന്റെ തിരുനാൾ ഈ വർഷവും ഭക്ത്യാഡംബരപൂർവ്വം കൊണ്ടാടുവാൻ പള്ളിക്കമ്മിറ്റി തീരുമാനിച്ചു. ഇടവകയുടെ സ്വർഗ്ഗീയ മദ്ധ്യസ്ഥനായ വാഴ്‌ത്തപ്പെട്ട കുഞ്ഞച്ചന്റെ തിരുനാളിനോടൊപ്പം പരിശുദ്ധ കന്യകാമറിയത്തിൻേറയും മാർ തോമ്മാശൽഹായുടേയും തിരുനാളുകൾ സംയുക്തമായി ടോംകിൻസ് അവന്യൂവിലുള്ള സെന്റ്റ് ജോസഫ് പള്ളിയിൽവച്ച് ഭക്തിനിർഭരമായ തിരുക്കർമ്മങ്ങളോടും പ്രൗഢഗംഭീരമായ പ്രദക്ഷിണത്തോടും കൂടി ഒക്ടോബർ 15-ന് ആഘോഷിക്കുന്നു.

ഞായറാഴ്ച ഉച്ചകഴിഞ്ഞ് 4-മണിക്ക് ആരംഭിക്കുന്ന ആഘോഷമായ തിരുനാൾ പാട്ടുകുർബാനക്കുശേഷം ചെണ്ട-വാദ്യമേളങ്ങളുടെ അകമ്പടിയോടെ തിരുസ്വരൂപങ്ങളും തിരുശേഷിപ്പും എഴുന്നള്ളിച്ചുകൊണ്ടുള്ള ഭക്തിനിർഭരമായ പ്രദക്ഷിണം തിരുനാളിന്റെ പ്രധാന ആകർഷകമായിരിക്കും. പള്ളിയിലെ തിരുക്കർമ്മങ്ങൾക്കുശേഷം ഇടവകയിലെ യുവജനങ്ങൾ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും സേ്നഹവിരുന്നും ഉണ്ടായിരിക്കുന്നതാണ്.

ഇടവകാംഗങ്ങളായ അപ്പു ഡാർളി (347-320-2433), അലക്സ് ജോസഫ് (347-633-7112), സ്റ്റാൻലി സക്കറിയ (347-703-6114) എന്നിവരാണ് ഈ വർഷത്തെ തിരുനാൾ ഏറ്റെടുത്ത് നടത്തുന്നത്. തിരുനാളിന് ഒരുക്കമായുള്ള നവനാൾ പ്രാർത്ഥനയും പരിശുദ്ധ കുർബാനയുടെ വാഴ്‌വും തിരുനാളുവരെയുള്ള എല്ലാ ഞായറാഴ്ചകളിലും വിശുദ്ധ കുർബാനയോടുകൂടി വൈകുന്നേരം 4:30-ന് നടത്തപ്പെടുന്നു.

തിരുനാൾ ആഘോഷങ്ങൾ വളരെ ഭംഗിയോടും ഏറ്റവും ഭക്തിയോടും കൂടി നടത്തുവാനുള്ള ക്രമീകരണങ്ങൾ പുരോഗമിക്കുന്നതായി പ്രസുദേന്തിമാർ അറിയിച്ചു. ഈ തിരുനാളിൽ പങ്കെടുത്ത് ദൈവകൃപയുടെ പരിമളം വിതറുന്ന വാഴ്‌ത്തപ്പെട്ട കുഞ്ഞച്ചന്റെ മാധ്യസ്ഥം വഴി കർത്താവിന്റെ അനുഗ്രഹാശീർവാദങ്ങൾ പ്രാപിക്കുന്നതിന് ഏവരേയും സ്വാഗതം ചെയ്യുന്നതായി വികാരി ഫാ. സോജു തെക്കിനേത്ത് (718-207-5445) അറിയിക്കുന്നു.