ന്യൂയോർക്ക്: സ്റ്റാറ്റൻഐലന്റ് മോർ ഗ്രിഗോറിയോസ് ഓർത്തഡോക്‌സ് സുറിയാനി പള്ളിയിൽ ഇടവകയുടെ കാവൽ പിതാവായ പരിശുദ്ധ പരുമല തിരുമേനിയുടെ 112-മത് ദക്‌റോനോ പെരുന്നാളും, 39-മത് വാർഷികാഘോഷങ്ങളും സംയുക്തമായി വിപുലമായ പരിപാടികളോടെ ആചരിക്കുന്നു. ഒക്‌ടോബർ 26-ന് ഞായറാഴ്ച വിശുദ്ധ കുർബാനയ്ക്കുശേഷം ഇടവക വികാരി റവ.ഫാ. ചെറിയാൻ മുണ്ടയ്ക്കൽ പെരുന്നാൾ കൊടി ഉയർത്തിയതോടെ ഒരാഴ്ച നീണ്ടുനിൽക്കുന്ന പെരുന്നാൾ ചടങ്ങുകൾക്ക് ആരംഭമായി. പ്രധാന പെരുന്നാൾ ദിനമായ നവംബർ ഒന്നിന് മലങ്കര ഓർത്തഡോക്‌സ് സഭ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനാധിപൻ അഭിവന്ദ്യ സക്കറിയാസ് മോർ നിക്കളാവോസ് മെത്രാപ്പൊലീത്ത തിരുമനസുകൊണ്ട് ശുശ്രൂഷകൾക്ക് മുഖ്യകാർമികത്വം വഹിക്കുന്നതാണ്.

26-ന് ഞായറാഴ്ച മുൽ 31 വെള്ളിയാഴ്ച വരെ എല്ലാദിവസവും വൈകുന്നേരം 6..30-ന് സന്ധ്യാ പ്രാർത്ഥനയുണ്ടായിരിക്കും. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 3.30 മുതൽ റവ.ഡീക്കൻ എബി ജോർജ് നേതൃത്വം നൽകുന്ന റിട്രീറ്റ്, 5.30 മുതൽ ഇടവകയിലെ വിവിധ ഭക്തസംഘടനകളായ എം.ജി.ഒ.സി.എസ്.എം, മാർത്തമറിയം വനിതാ സമാജം, സൺഡേ സ്‌കൂൾ എന്നിവയുടെ വാർഷിക സമ്മേളനവും നടക്കും.

മുഖ്യ പെരുന്നാൾ ദിനമായ നവംബർ ഒന്നാം തീയതി ശനിയാഴ്ച രാവിലെ 8.30-ന് ദേവാലയത്തിൽ എത്തിച്ചേരുന്ന അഭിവന്ദ്യ തിരുമേനിയെ പരമ്പരാഗത രീതിയിൽ സ്വീകരിച്ചാനയിക്കും. 9 മണിക്ക് ആരംഭിക്കുന്ന പ്രഭാത പ്രാർത്ഥനയ്ക്കും, തുടർന്ന് 10 മണിക്ക് ആരംഭിക്കുന്ന വിശുദ്ധ കുർബാനയ്ക്കും ഭദ്രാസനാധിപൻ സഖറിയാസ് മോർ നിക്കളാവോസ് മുഖ്യകാർമികത്വം വഹിക്കും. 11.30-ന് പള്ളിയിൽ നിന്ന് ആഘോഷമായ റാസ പുറപ്പെടും. ബ്രില്ലി ഈവിലൂടെ കടന്നുപോകുന്ന റാസ തിരികെ ദേവാലയത്തിൽ എത്തിച്ചേർന്നാലുടൻ ആശീർവാദവും തുടർന്ന് നേർച്ച വിളമ്പും നടക്കും. ഒരുമണിക്ക് നടക്കുന്ന സ്‌നേഹവിരുന്നോടെ പെരുന്നാൾ ചടങ്ങുകൾ സമാപിക്കുന്നതാണ്. ഫണ്ട് റൈസിങ് റാഫിൾ നറുക്കെടുപ്പും നടത്തുന്നതാണ്.

ഇടവക വികാരി റവ.ഫാ. ചെറിയാൻ മുണ്ടയ്ക്കലിന്റെ നേതൃത്വത്തിൽ ലീനസ് വർഗീസ് (സെക്രട്ടറി), മാത്യു തോമസ് ജൂണിയർ (ട്രഷറർ) എന്നിവർ ഉൾപ്പെട്ട മാനേജിങ് കമ്മിറ്റിയും ഭക്തസംഘടനാ ഭാരവാഹികളും പെരുന്നാൾ ആഘോഷങ്ങൾക്ക് വിപുലമായ ഒരുക്കങ്ങൾ ചെയ്തുവരുന്നു.

തപോനിഷ്ഠകൊണ്ടും പുണ്യജീവിതംകൊണ്ടും പരിശുദ്ധന്മാരുടെ ശ്രേണിയിൽ ചേർക്കപ്പെട്ട മലങ്കരയുടെ പരിശുദ്ധ പരുമല തിരുമേനിയുടെ മഹാമദ്ധ്യസ്ഥതയിൽ അഭയപ്പെട്ട് അനുഗ്രഹം പ്രാപിക്കുവാൻ ഏവരേയും ഭാരവാഹികൾ സ്വാഗതം ചെയ്യുന്നു. പള്ളിയുടെ വിലാസം: Mar Gregorios Orthodox Syrian Church, 175 Brielle Ave, Staten Island, NY 10314.  കൂടുതൽ വിവരങ്ങൾക്ക്: റവ ഫാ. ചെറിയാൻ മുണ്ടയ്ക്കൽ (വികാരി) 718 524 7407, ലീനസ് വർഗീസ് (സെക്രട്ടറി) 917 254 8195, മാത്യു തോമസ് ജൂണിയർ (ട്രഷറർ) 917 856 0368, നിബു ഈപ്പൻ (718 761 6191), പൊന്നച്ചൻ ചാക്കോ (718 687 7627), നോബിൾ വർഗീസ് (917 747 9530), ബിജു തോമസ് (718 885 6410). വെബ്‌സൈറ്റ്: mgoscsi.org, Facebook.com/mgoscs. Email:margregoriossing@gmail.com ലീനസ് വർഗീസ് അറിയിച്ചതാണിത്.