ഫീനിക്‌സ്: സമൂഹത്തിന്റെ മുഖ്യധാരയിൽ നിന്നും മാറ്റി നിർത്തപ്പെട്ട അധ:സ്ഥിത വർഗ്ഗത്തിന്റെ ഭൗതീകവും ആത്മീയവുമായ ഉന്നമനത്തിനുവേണ്ടി സ്വന്തം വൈദീക ജീവിതം ഉഴിഞ്ഞുവച്ച വാഴ്‌ത്തപ്പെട്ട കുഞ്ഞച്ചന്റെ തിരുനാൾ ഫീനിക്‌സ് ഹോളി ഫാമിലി സീറോ മലബാർ ദേവാലയത്തിൽ ഭക്ത്യാദരപൂർവ്വം കൊണ്ടാടി.

പ്രശസ്തരോടൊപ്പം പങ്കുചേരാനും, അപ്രശസ്തരെ അവഗണിക്കാനുമുള്ള മനുഷ്യരുടെ പൊതു പ്രവണത നിഷേധിച്ചുകൊണ്ടാണ് പാർശ്വവത്കരിക്കപ്പെട്ട ദരിദ്രവർഗ്ഗത്തിന്റെ ആത്മീയ ഉന്നമനത്തിനുവേണ്ടി പ്രവർത്തിക്കാൻ കുഞ്ഞച്ചൻ ഇറങ്ങിപ്പുറപ്പെട്ടത്. വ്യക്തിജീവിതത്തിലെ ത്യാഗങ്ങൾ പലപ്പോഴും ദൈവം പൊതു നന്മയ്ക്കായി ഉപയോഗിക്കാറുണ്ട്. രോഗബാധിതനായി സ്വന്തം ഇടവകയിൽ പ്രവേശിച്ചപ്പോഴാണ് പ്രദേശത്തെ താഴ്ന്ന ജനവിഭാഗങ്ങളുമായി ഇടപഴകുന്നതിന് കുഞ്ഞച്ചന് അവസരം ലഭിച്ചത്. ഇത് കുഞ്ഞച്ചന്റേയും കേരള ക്രൈസ്തവ സമൂഹത്തിന്റേയും പ്രേഷിത പ്രവർത്തന രംഗത്ത് ഒരു വഴിത്തിരിവായി മാറി. സമ്പത്തിലും പ്രൗഢിയിലും മതിമയങ്ങിപ്പോകുന്ന പുതിയ തലമുറ വാഴ്‌ത്തപ്പെട്ട കുഞ്ഞച്ചന്റെ ജീവിതം മാതൃകയായി സ്വീകരിച്ച് ക്രൈസ്തവോചിതമായ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ശക്തിമായി ഇടപെടണമെന്ന് തിരുനാൾ സന്ദേശം നൽകിയ വികാരി ഫാ മാത്യു മുഞ്ഞനാട്ട് അഭിപ്രായപ്പെട്ടു.

പൊന്നിൻ കുരിശുകളും, മുത്തുക്കുടകളുമായി ചെണ്ടമേളത്തിന്റെ അകമ്പടിയോടെ വാഴത്തപ്പെട്ട കുഞ്ഞച്ചന്റെ തിരുസ്വരൂപവും വഹിച്ചുകൊണ്ട് നടന്ന പ്രദക്ഷിണം പരമ്പരാഗത ക്രൈസ്തവാചാരങ്ങളുടെ ആത്മീയ ഗൃഹാതുരത്വം ഉണർത്തുന്നതായി. തിരുശേഷിപ്പ് വണങ്ങൽ, നേർച്ച വിളമ്പ് എന്നിവയിലും വിശ്വാസികൾ ഭക്തിപൂർവ്വം പങ്കെടുത്തു. തിരുനാളിന്റെ ഭാഗമായി സ്‌നേഹവിരുന്നും സംഘടിപ്പിച്ചിരുന്നു. വാഴ്‌ത്തപ്പെട്ട കുഞ്ഞച്ചന്റെ നാമത്തിലുള്ള വാർഡ് കൂട്ടായ്മയാണ് തിരുനാൾ ഏറ്റെടുത്ത് നടത്തിയത്. വാർഡ് പ്രതിനിധി ജോഫി ജോയി വലിയപറമ്പിൽ, ട്രസ്റ്റി അശോക് പാട്രിക് എന്നിവർ പരിപാടികൾക്ക് മുഖ്യ നേതൃത്വം നൽകി. മാത്യു ജോസ് കുര്യംപറമ്പിൽ അറിയിച്ചതാണിത്.