- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വന്തബന്ധങ്ങൾ
ബാലകൃഷ്ണനും ഷീലയും അയൽവാസികളും ബന്ധുക്കളുമായിരുന്നു. ഷീലയ്ക്ക് വനിത ഐറ്റിഐയിൽ അദ്ധ്യാപികയായി ജോലി ലഭിച്ചതിനുശേഷമായിരുന്നു അവരുടെ വിവാഹം. പ്രേമമായിരുന്നുവെങ്കിലും കുടുംബക്കാർ തമ്മിൽ ആലോചിച്ച് മുറപ്രകാരം പെണ്ണുകാണലും വാക്കുറപ്പിക്കലുമെല്ലാം നടത്തി വിവാഹത്തിൽ കലാശിച്ച ജീവിതം- ടൂവീലറുകൾക്ക് സീറ്റ് കവർ പണിഞ്ഞുകൊടുക്കുന്ന സ്
ബാലകൃഷ്ണനും ഷീലയും അയൽവാസികളും ബന്ധുക്കളുമായിരുന്നു. ഷീലയ്ക്ക് വനിത ഐറ്റിഐയിൽ അദ്ധ്യാപികയായി ജോലി ലഭിച്ചതിനുശേഷമായിരുന്നു അവരുടെ വിവാഹം. പ്രേമമായിരുന്നുവെങ്കിലും കുടുംബക്കാർ തമ്മിൽ ആലോചിച്ച് മുറപ്രകാരം പെണ്ണുകാണലും വാക്കുറപ്പിക്കലുമെല്ലാം നടത്തി വിവാഹത്തിൽ കലാശിച്ച ജീവിതം-
ടൂവീലറുകൾക്ക് സീറ്റ് കവർ പണിഞ്ഞുകൊടുക്കുന്ന സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു ബാലകൃഷ്ണൻ. സന്തുഷ്ട കുടുംബം. 2 മക്കൾ ഒരു മകനും ഒരു മകളും. കുടുംബ ഷെയർ വിറ്റ് ഭർത്താവിന്റെ ഷെയറിൽ നല്ലൊരു വീടു പണിത് താമസം മാറിയതിനുശേഷമായിരുന്നു മകളുടെ വിവാഹം.
മകളുടെ കൂട്ടുകാരി തന്നെ തന്റെ സഹോദരനുവേണ്ടി വിവാഹാലോചന നടത്തുകയായിരിന്നു. ഒരു കുഴപ്പം വരന്റെ അച്ഛൻ തമിഴ്‌നാട്ടുകാരനാണെന്നത് മാത്രം. ഏതായാലും പെണ്ണിനെ ആദ്യം നാത്തൂനും പിന്നീട് വരനും ഇഷ്ടപ്പെട്ടു. വിവാഹവും കേമമായി തന്നെ നടത്തി.
മകളുടെ വിവാഹം നടന്ന് ആറുമാസത്തിനുള്ളിൽ മകന് ഗൾഫിൽ പോകുവാനുള്ള ഒരു ചാൻസ് ഒത്തുവന്നു. അൽപ്പം ബുദ്ധിമുട്ടിയിട്ടാണെങ്കിലും ഷീലയും ബാലകൃഷ്ണനും കൂടി അവനെ ഗൾഫിലേക്ക് കടത്തി വിട്ടു- ഇടയ്ക്ക് ഒരു പ്രേമവിശേഷം പറഞ്ഞുകൊള്ളട്ടെ- ഐറ്റിഐ ഇലക്ട്രീഷ്യൻ ട്രെയിഡ് പാസ്സായി കെഎസ്‌സിബിയിൽ മീറ്റർ റീഡറായി താൽക്കാലിക ജോലിയിൽ പ്രവേശിച്ച രാകേഷ് അടുത്ത ബന്ധുവായ ഒരാളിന്റെ മകളുമായി അടുപ്പത്തിലായിരുന്നു എന്ന പരാതിയും നിലനിൽക്കുന്നുണ്ടായിരുന്നു. പ്രേമഭാജനം അപ്പോൾ എൽഎൽബിക്ക് രണ്ടാം വർഷം വിദ്യാർത്ഥിനിയുമായിരുന്നു.
അച്ഛനും അമ്മയും ആലോചിച്ചെടുത്ത തീരുമാനമായിരുന്നു ഇവനെ തൽക്കാലം നാടുകടത്തുക തന്നെ പരിഹാരം. രണ്ടു വർഷത്തിനുശേഷമാണ് രാകേഷ് ആദ്യ ലീവിന് വന്നത്. ആളാകെ തടിച്ചു കൊഴുത്തു. നാട്ടിൽ 15 ദിവസത്തെ അവധി ആഘോഷിച്ച് മടങ്ങിയ രകേഷ് പ്രാണസഖിക്ക് ഒരു മൊബൈൽ ഫോൺ സമ്മാനമായി നൽകിയിട്ടാണ് മടങ്ങിയത്. ഈ വിവരം പെൺവീട്ടുകാരോ രാകേഷിന്റെ വീട്ടുകാരോ അറിഞ്ഞിരുന്നില്ല.
കോളേജ് കുമാരി കമ്മ്യൂണിക്കേഷനൊക്കെ കോളേജ് കാമ്പസിൽ വച്ച് അനുസ്യൂതം തുടർന്നുവന്നു. അവസാന വർഷ പരീക്ഷയുടെ തയ്യാറെടുപ്പിൽ മുഴുകി കാമുകി ഭാവം പുറത്തു കാണിക്കാതെ-കഴിച്ചുകൂട്ടിയ രാഖി ഒരേയൊരു ഡിമാന്റ് മാത്രമേ രാകേഷിനോട് പറഞ്ഞിരുന്നുള്ളൂ. എങ്ങനെയും എൽഎൽബി പാസാകട്ടെ-അത് കഴിഞ്ഞ് രജിസ്റ്റർ വിവാഹം. അതുവരെ ഗൾഫിൽ പിടിച്ചു നിൽക്കണം.
രാകേഷിന് സമ്മതം. പരീക്ഷ കഴിഞ്ഞ് റിസൽട്ട് പ്രതീക്ഷിച്ചു നിൽക്കുമ്പോൾ വിസ കാലാവധി കഴിഞ്ഞ് രാകേഷ് നാട്ടിൽ തിരികെയെത്തി. പിന്നീട് കാര്യങ്ങൾ ധൃതഗതിയിലായിരുന്നു. രാകേഷ് ഒരുദിവസം തന്റെ ബൈക്കിന്റെ പുറകിലിരുത്തി രാഖിയെ സ്വന്തം വീട്ടിൽ കൊണ്ടുവന്നു. അമ്മയോടും അച്ഛനോടും വിവരങ്ങൾ തുറന്നു പറഞ്ഞു. രാഖിയെ അല്ലാതെ വേറൊരാളെ വിവാഹം ചെയ്യുവാൻ കഴിയില്ലെന്നും കഴിഞ്ഞ 5 വർഷങ്ങളായി തങ്ങൾ നിരന്തരം ഫോണിൽ ബന്ധപ്പെടുന്നുണ്ടെന്നും അവർ രണ്ടാളും വെളിപ്പെടുത്തി.
ചില കൂടിയാലോചനകൾക്കും ഫോൺ വിളികൾക്കും ശേഷം ഷീല മകന്റെ ഭാവി വധുവിനേയും കൂട്ടി തിരുവനന്തപുരത്ത് തൈക്കാട് താമസിക്കുന്ന മകളുടെ വീട്ടിലേയ്ക്ക് പോയി. ബാലകൃഷ്ണൻ ജാതക കുറിപ്പുമായി ജോത്സ്യനെ തേടി മകന്റെ ബൈക്കിൽ കയറി യാത്രയായി.
സന്ധ്യമയക്കത്തിനുമുൻപ് രാഖിയുടെ വീട്ടിൽ ഒരു ബന്ധു മുഖാന്തിരം ചെറുക്കൻ പെണ്ണിനെ വിളിച്ചുകൊണ്ടുപോയി എന്ന വിവരം അറിയിക്കുവാൻ ഏർപ്പാടാക്കി. മൂന്നാം ദിവസം പരിസരത്തുള്ള ക്ഷേത്രനടയിൽ വച്ച് ആഡംബരമൊട്ടുമില്ലാതെ ഒരു താലികെട്ട് ഏർപ്പാടാക്കി. അന്ന് രാത്രിയും പിറ്റേന്ന് പകലും രാകേഷിനെ അവന്റെ അടുത്ത സുഹൃത്തിന്റെ വീട്ടിൽ മാറ്റി താമസിപ്പിച്ചു.
രാഖിയുടെ വീട്ടുകാരിൽ നിന്നും വൻ പ്രതിഷേധവും പ്രത്യാക്രമണവും പ്രതീക്ഷിച്ചിരുന്നെങ്കിൽ ആയത് ശാഖാ പ്രവർത്തകർ ഇടപെട്ട് തണുപ്പിച്ചു. പെണ്ണും ചെറുക്കനും പ്രായപൂർത്തിയായവർ, സ്വജാതി, നാലഞ്ചു വർഷമായി അടുപ്പക്കാർ പിന്നെ പെൺകുട്ടിയാണെങ്കിൽ വക്കീൽ പരീക്ഷ പാസ്സായവൾ. ഇനി കൂടുതൽ പുലിവാൽ പിടിപ്പിക്കാതിരിക്കുകയാണ് ഭംഗി. ശാഖാ നേതൃത്വം ഈയൊരു നിലപാട് വീട്ടുകാരോട് പറഞ്ഞ് വർദ്ധിതവീര്യം തണുപ്പിച്ചു.
വഞ്ചിയൂരിൽ രാഖി അഡ്വക്കേറ്റായി പ്രാക്ടീസ് ചെയ്യുന്നു. രാകേഷ് പിതാവിന്റെ സ്ഥാപനത്തിൽ അധിക ചുമതലക്കാരനായി പണി ചെയ്യുന്നു. ഭാര്യാഭർത്താക്കന്മാർ രാവിലെ ഒന്നിച്ച് ബൈക്കിൽ ജോലിക്ക് പോകുന്നു, വൈകിട്ട് ഒന്നിച്ചു വരുന്നു. ബന്ധുക്കൾ പലരും ശത്രുക്കളായി ഇപ്പോഴും തുടരുന്നു. രാഖിക്കും രാകേഷിനും കൂട്ടായി രേശ്മ എന്ന 3 വയസ്സുകാരി മകളും അവൾക്ക് കൂട്ടായി അമ്മുമ്മയും അപ്പുപ്പനും. പ്രേമവിവാഹം സകുടുബം ഒരു തുടർക്കഥയായി തുടരുന്നു..........