ടൊയോട്ട ഇന്നോവയുടെ ഏറ്റവും പുതിയ മോഡലായ ഹൈക്രോസ് സ്വന്തമാക്കി നടൻ മണിയൻപിള്ള രാജു. കഴിഞ്ഞ വർഷം അവസാനമാണ് ടൊയോട്ട, ഇന്നോവ ഹൈക്രോസിനെ വിപണിയിലെത്തിക്കുന്നത്. തിരുവനന്തപുരത്തെ നിപ്പോൺ ടൊയോട്ടയിൽ നിന്നാണ് നടൻ ഹൈക്രോസ് വാങ്ങിയത്.

പെട്രോൾ, പെട്രോൾ ഹൈബ്രിഡ് പതിപ്പുകളിൽ വിപണിയലെത്തിയ വാഹനത്തിന്റെ എക്‌സ്‌ഷോറും വില 18.55 ലക്ഷം രൂപ മുതൽ 29.72 ലക്ഷം രൂപ വരെയാണ്. ഹൈബ്രിഡ് എൻജിൻ, മോണോകോക്ക് ബോഡി, പനോരമിക് സൺറൂഫ് തുടങ്ങി പുതിയ നിരവധി ഫീച്ചറുകളുമായിട്ടാണ് ഇന്നോവ ഹൈക്രോസ് എത്തുന്നത്. ലീറ്ററിന് 21.1 കിലോമീറ്ററാണ് ഹൈബ്രിഡ് പതിപ്പിന്റെ ഇന്ധനക്ഷമത. എംപിവിക്കാൾ ഏറെ, ക്രോസ് ഓവർ ലുക്കാണ് പുതിയ ഹൈക്രോസിന്. ടൊയോട്ടയുടെ ടിഎൻജിഎ ജിഎസി മോഡുലാർ പ്ലാറ്റ്‌ഫോമിലാണ് നിർമ്മാണം.

രണ്ട് പെട്രോൾ എൻജിൻ ഓപ്ഷനുകളാണ് ഹൈക്രോസിനുള്ളത്. 2 ലീറ്റർ പെട്രോൾ ഹൈബ്രിഡ് എൻജിൻ മോഡലിൽ ടൊയോട്ടയുടെ അഞ്ചാം തലമുറ സ്‌ട്രോങ് ഹൈബ്രിഡ് ടെക്കാണ് ഉപയോഗിക്കുന്നത്. 152 ബിഎച്ച്പി കരുത്തും187 എൻഎം ടോർക്കുമുണ്ട് ഈ എൻജിന്. ഇലക്ട്രിക് മോട്ടറും കൂടി ചേർന്നാൽ 186 ബിഎച്ച്പിയാണ് കരുത്ത്. 1987 സിസി എൻജിനാണ് പെട്രോൾ ഇന്നോവയ്ക്കു കരുത്തു പകരുന്നത് 174 എച്ച്പി കരുത്തും 197 എൻഎം ടോർക്കുമുണ്ട് ഈ എൻജിന്. സിവിടി ഓട്ടമാറ്റിക്ക് പതിപ്പിൽ മാത്രമേ രണ്ട് എൻജിനുകളും ലഭിക്കൂ.