- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'മിസ്റ്റർ ഇൻസ്പക്ടർ, ഞാൻ യൂണിഫോമിലായിരുന്നു വന്നിരുവെങ്കിൽ നിങ്ങൾ എന്റെ മുമ്പിൽ എഴുന്നേറ്റ് നിന്നേനെ, മൈൻഡ് ഇറ്റ്' എന്ന് ക്യാപ്റ്റൻ വിജയ് പറയുന്ന രംഗം എങ്ങനെ മറക്കാൻ; പിൻഗാമിക്ക് 29 വർഷം തികയുമ്പോൾ സഫീർ അഹമ്മദിന്റെ കുറിപ്പ്
സത്യനും ലാലും പിൻഗാമിയും
വളരെ വ്യത്യസ്തമായ ഒരു പ്രതികാര കഥ, അതിന്റെ അസാധാരണമായ ഉഗ്രൻ ആവിഷ്‌ക്കാരം, അതാണ് സത്യൻ അന്തിക്കാടിന്റെ പിൻഗാമി. തുടക്കം മുതൽ ഒടുക്കം വരെ ചടുലമായ അവതരണ മികവ് പുലർത്തിയ പിൻഗാമി എന്ന സിനിമ റിലീസായിട്ട് ഇന്നേയ്ക്ക്, മെയ് 27 ന് ഇരുപ്പത്തിയൊമ്പത് വർഷങ്ങളായി.
1994 ന്റെ തുടക്കത്തിൽ മണിച്ചിത്രത്താഴും ചെങ്കോലും ഒക്കെ കണ്ട് മനസ് നിറഞ്ഞ് സന്തോഷിച്ചിരിക്കുന്ന സമയത്താണ് സിനിമ മാസികകളിൽ ഒരു പുതിയ സിനിമയുടെ അനൗൺസ്‌മെന്റ് വരുന്നത്, മോഹൻലാലും സത്യൻ അന്തിക്കാടും വീണ്ടും ഒന്നിക്കുന്നു എന്ന് പറഞ്ഞ് കൊണ്ട്..ആ വാർത്ത ഞാൻ ഉൾപ്പെടെയുള്ള സിനിമ ആസ്വാദകരിൽ വളരെയധികം സന്തോഷമുണർത്തി.
സ്ഥിരമായി സിനിമകൾ ചെയ്ത് പ്രേക്ഷകരെ രസിപ്പിച്ചിരുന്ന സത്യൻ-ശ്രീനി-ലാൽ കൂട്ടുക്കെട്ട് വരവേൽപ്പിന് ശേഷം അഞ്ച് വർഷത്തോളം ഒന്നിക്കാതിരുന്നതിൽ പ്രേക്ഷകർക്ക് ചെറിയ നിരാശയും പരിഭവവും ഒക്കെ ഉണ്ടായിരുന്നു. കാരണം ഈ കൂട്ടുക്കെട്ടിൽ പിറന്ന ആറ് സിനിമകൾ മലയാള സിനിമയിൽ സെറ്റ് ചെയ്ത ബെഞ്ച് മാർക്ക്, പ്രേക്ഷകരിൽ ഉണ്ടാക്കിയ സ്വാധീനം അത്രത്തോളം വലുതായിരുന്നു. പുതിയ സത്യൻ-ലാൽ സിനിമയെ കുറിച്ചുള്ള വാർത്തയിൽ തിരക്കഥാകൃത്തിന്റെ സ്ഥാനത്ത് ശ്രീനിവാസനെ തിരഞ്ഞ് പോയപ്പോൾ കണ്ടത് രഘുനാഥ് പലേരിയെ ആണ്. ശ്രീനിവാസൻ ഇല്ലെങ്കിലും, പ്രഗൽഭനായ രഘുനാഥ് പലേരി എന്ന പേര് കണ്ടപ്പോൾ സിനിമയെ കുറിച്ചുള്ള പ്രതീക്ഷ കൂടിയതേയുള്ളു.
പ്രതികാര കഥകൾ, അത് എല്ലാ ഭാഷ സിനിമകളിലെയും ഇഷ്ടപ്പെട്ട വിഷയമാണ്. ഒരുപക്ഷേ സിനിമകളിൽ ഏറ്റവും കൂടുതൽ ആവർത്തിക്കപ്പെട്ട് വന്നിട്ടുള്ളതും, ഇപ്പോഴും വന്ന് കൊണ്ടിരിക്കുന്നതും പ്രതികാര കഥകൾ തന്നെയായിരിക്കും. സത്യൻ അന്തിക്കാടിന്റെ പിൻഗാമി എന്നാൽ ഒരു കുമാരേട്ടനും അദ്ദേഹത്തിന്റെ ഡയറിയും അതിലെ കുറിപ്പുകളും, അത് പിൻതുടർന്ന് പോയി തന്റെ അച്ഛന്റെ ഘാതകരെ തേടിപ്പിടിച്ച് വക വരുത്തുന്ന ക്യാപ്റ്റൻ വിജയ് മേനോനുമാണ്. അങ്ങനെ മലയാള സിനിമ അധികം സഞ്ചരിച്ചിട്ടില്ലാത്ത വഴികളിലൂടെ ഉടനീളം സഞ്ചരിച്ച് അസാധാരണ മികവോടെ പ്രതികാര കഥ അവതരിപ്പിച്ചതാണ് പിൻഗാമിയെ മനോഹരമാക്കുന്നതും, ഒപ്പം വ്യത്യസ്തമാക്കുന്നതും.
കുമാരേട്ടനായി തിലകനും ക്യാപ്റ്റൻ വിജയ് മേനോനായി മോഹൻലാലും മികച്ച പ്രകടനം കാഴ്‌ച്ച വെച്ച സിനിമയാണ് പിൻഗാമി. പ്രേക്ഷകന് ആവേശം നല്കുന്ന, ഇമോഷണലാക്കുന്ന കുറച്ചധികം രംഗങ്ങൾ ഉണ്ട് പിൻഗാമിയിൽ. അതിലൊന്ന് പൊലീസ് സ്റ്റേഷനിൽ വെച്ച് ശ്രീരാമന്റെ കഥാപാത്രത്തോട് 'മിസ്റ്റർ ഇൻസ്പക്ടർ, ഞാൻ യൂണിഫോമിലായിരുന്നു വന്നിരുവെങ്കിൽ നിങ്ങൾ എന്റെ മുമ്പിൽ എഴുന്നേറ്റ് നിന്നേനെ, മൈൻഡ് ഇറ്റ്' എന്ന് ക്യാപ്റ്റൻ വിജയ് പറയുന്ന രംഗം, തിയേറ്ററിൽ കൈയടികൾ നിറച്ച രംഗമാണത്..ക്യാപ്റ്റൻ വിജയ് തന്റെ അനിയത്തി കുട്ടിയെ ആദ്യമായി കാണുമ്പോൾ, കണ്ട് കണ്ണ് നിറയുമ്പോൾ,അതിന് ശേഷം 'ഞാൻ മോളെ ഒന്ന് അനുഗ്രഹിക്കട്ടെ ഒരു സന്തോഷത്തിന്' എന്ന് പറയുമ്പോൾ ഞാൻ ഉൾപ്പെടെയുള്ള കാണികളുടെ കണ്ണുകളും നിറഞ്ഞിരുന്നു.
അതിന് ശേഷം സന്തോഷാധിക്യത്താൽ വരാന്തയിലൂടെ ഓടി ചാടി വഴിയിൽ കിടന്ന ഒരു പാട്ട തട്ടി തെറിപ്പിച്ച് കൊണ്ട് 'യു ആർ ഏൻ ഇന്നസെന്റ് ഇഡിയറ്റ് സിംപിൾ റാസ്‌ക്കൾ' എന്ന് ക്യാപ്റ്റൻ വിജയ് പറയുന്നതും, ഒപ്പം തിലകന്റെ കുമാരേട്ടനെ കാണിക്കുന്ന രംഗം, അത് പിൻഗാമിയിലെ ഏറ്റവും മനോഹരമായ രംഗമാണ്, ശരിക്കും രോമാഞ്ചം സമ്മാനിച്ച രംഗം. തിലകന്റെയും മോഹൻലാലിന്റെയും വോയ്‌സും അതിലെ മോഡുലേഷനും ഗംഭീരമായി സമന്വയിപ്പിച്ചതാണ് പിൻഗാമിയുടെ മറ്റൊരു പ്രത്യേകത. സിനിമയിൽ വളരെ കുറച്ച് രംഗങ്ങളും, മോഹൻലാലുമായി ഒരേയൊരു കോമ്പിനേഷൻ രംഗം മാത്രം ഉണ്ടായിട്ട് പോലും കുമാരേട്ടൻ എന്ന തിലകന്റെ കഥാപാത്രം സിനിമയിൽ ഉടനീളം നിറഞ്ഞ് നിന്നതിന് കാരണം മേൽപ്പറഞ്ഞ അദ്ദേഹത്തിന്റെ വോയ്‌സും അതിന്റെ മോഡുലേഷനും കൊണ്ട് ആയിരുന്നു.
അത് പോലെ തന്നെ ക്ലൈമാക്‌സ് രംഗത്തിൽ 'ഹീ വാസ് മൈ ഫാദർ, മൈ ഗ്രേറ്റ് ഫാദർ, ആൻഡ് അയാം ദ ഗ്രേറ്റ് ഗ്രേറ്റ് ഗ്രേറ്റ് സൺ, പിൻഗാമി, എന്റെ അച്ഛന്റെ മറുപടി നിനക്ക് തരാൻ വന്ന പിൻഗാമി' എന്ന് വില്ലനോട് ക്യാപ്റ്റൻ വിജയ് പറയുമ്പോൾ കണ്ണുകളിലും ശബ്ദത്തിലും നിറയുന്ന പ്രതികാരഗ്‌നിയുടെ തീക്ഷണത, എന്തൊരു രംഗമാണത്..മോഹൻലാൽ എന്ന നടന്റെ കണ്ണുകൾ എത്രമാത്രം തീവ്രതയോടെ പ്രേക്ഷകരുമായി സംവേദിക്കും എന്നതിന്റെ ഉദാഹരണമായി കാണിക്കാവുന്ന മികച്ച രംഗങ്ങളിലൊന്ന്.
വർഷങ്ങൾക്കിപ്പുറം പിൻഗാമി എന്ന് കേൾക്കുമ്പോൾ പ്രേക്ഷകരുടെ മനസ്സിലേയ്ക്ക് ആദ്യം ഓടിയെത്തുന്ന രംഗവും ഇത് തന്നെയായിരിക്കും..
കൂടാതെ അയ്യരായി ഇന്നസെന്റും കുട്ടിഹസ്സനായി ജഗതിയും നല്ല പ്രകടനം കാഴ്‌ച്ച വെച്ചു. എന്താണ് മോഹൻലാൽ എന്ന നടന്റെ പ്രത്യേകത? എന്താണ് മോഹൻലാലിനെ ഇത്ര പുകഴ്‌ത്തിപ്പാടാൻ ഉള്ളത്? എന്തുകൊണ്ടാണ് മോഹൻലാൽ മറ്റ് നടന്മാരെക്കാൾ ഒരുപാട് മികച്ച് നില്ക്കുന്നത്? ഇതൊക്കെ മനസ്സിലാക്കാൻ ഇമോഷണൽ രംഗങ്ങളിലെ അഭിനയം ഒന്നും വേണ്ട താരതമ്യത്തിന്..പിൻഗാമിയിലെ വളരെ നിസ്സാരം എന്ന് തോന്നുന്ന, എന്നാൽ സിനിമയുടെ കഥാഗതി തന്നെ മാറ്റുന്ന ഈ രംഗം ഒന്ന് കണ്ട് നോക്കൂ, മേൽപ്പറഞ്ഞതിന് ഉത്തരം കിട്ടും..
താൻ അന്വേഷിച്ച് നടക്കുന്ന ഒരു മേൽവിലാസം അവിചാരിതമായി കണ്ട് പിടിച്ചപ്പോൾ, ആ സന്തോഷവും ആകാംക്ഷയും ഒക്കെ കണ്ണുകളിലെ തിളക്കത്തിലൂടെ, ഡയലോഗുകളുടെ ഒപ്പം കൃഷ്ണമണികൾ വേഗത്തിൽ ചലിപ്പിച്ച് എത്ര മനോഹരമായിട്ടാണ് മോഹൻലാൽ ആ രംഗം അവതരിപ്പിച്ചിരിക്കുന്നത്. സൂക്ഷാഭിനയത്തിന്റെ മനോഹാരിതയാണത്, മോഹൻലാലിന് വളരെ നന്നായി സാധ്യമാകുന്ന ഒന്ന്.
വരവേൽപ്പിന് ശേഷം അഞ്ച് വർഷങ്ങൾ കഴിഞ്ഞ് സത്യൻ അന്തിക്കാടു മോഹൻലാലും പിൻഗാമിക്ക് വേണ്ടി ഒന്നിച്ചപ്പോൾ പ്രേക്ഷകരുടെ പ്രതീക്ഷ വാനോളം ആയിരുന്നു..'ശത്രു ആരായിരുന്നാലും അവർക്കെതിരെ നിങ്ങൾക്കൊരു പിൻഗാമിയുണ്ട്' എന്ന തലക്കെട്ടോട് കൂടിയാണ് പിൻഗാമി റിലീസ് ആയതെങ്കിലും ആ ടീമിന്റെ പതിവ് സിനിമകൾ പോലെ ഹ്യൂമറിന് പ്രാധാന്യം ഉള്ള ലളിതമായ ഒരു സിനിമയാണ് പ്രേക്ഷകർ പ്രതീക്ഷിച്ചിരുന്നത്. പക്ഷെ കിട്ടിയത് അവരിൽ നിന്ന് തീരെ പ്രതീക്ഷിക്കാത്ത ഒരു പ്രതികാര കഥയും. അതുകൊണ്ട് തന്നെ സമ്മിശ്ര പ്രതികരണം ആയിരുന്നു പിൻഗാമിക്ക് അന്ന് കിട്ടിയത്, പതിവ് സത്യൻ-ലാൽ സിനിമകൾ പോലെ ശ്രദ്ധിക്കപ്പെട്ടതുമില്ല.
കൊടുങ്ങല്ലൂർ റിലീസ് ഇല്ലാതിരുന്നതുകൊണ്ട് അമ്പത് കിലോമീറ്റർ അകലെയുള്ള ഗുരുവായൂർ അപ്പാസിൽ നിന്നാണ് ഞാൻ പിൻഗാമി ആദ്യ ദിവസം കണ്ടത്. പിന്നീട് രണ്ട് വട്ടം കൊടുങ്ങല്ലൂർ ശ്രീകാളീശ്വരി തിയേറ്ററിൽ നിന്നും..സത്യൻ അന്തിക്കാട് അതിഗംഭീരമായി പിൻഗാമി അവതരിപ്പിച്ചുവെങ്കിലും അദ്ദേഹത്തിന്റെ പേരിന് പകരം വേറെ വല്ല സംവിധായകന്റെ പേര് ആണ് സംവിധായകന്റെ സ്ഥാനത്ത് വന്നിരുന്നതെങ്കിൽ ഉറപ്പായും പിൻഗാമി ആ കാലഘട്ടത്തിൽ തന്നെ ശ്രദ്ധിക്കപ്പെട്ടേനെ എന്ന് തോന്നിയിട്ടുണ്ട്. കാരണം സത്യൻ-ലാൽ ടീം അത്ര മാത്രം ബ്രാൻഡ് ചെയ്യപ്പെട്ട, മലയാളിയുടെ മനസിൽ ആഴത്തിൽ രജിസ്റ്റർ ചെയ്യപ്പെട്ട ഒരു പേരാണ്.
പിന്നെ കിലുക്കം പോലെ,മണിച്ചിത്രത്താഴ് പോലെ പ്രിയദർശന്റെ തേന്മാവിൻ കൊമ്പത്ത് തകർത്ത് ഓടുന്ന സമയത്ത് തന്നെ റിലീസ് ചെയ്തതും പിൻഗാമിയുടെ ബോക്‌സ് ഓഫീസ് പ്രകടനത്തെ ദോഷമായി ബാധിച്ചു എന്ന് പറയാം. പക്ഷെ അന്ന് തിയേറ്ററിൽ പിൻഗാമിക്ക് കിട്ടാത്ത സ്വീകാര്യത ഇന്ന് സിനിമ ഗ്രൂപ്പുകളിൽ നിന്ന് ഒക്കെ കിട്ടുന്നത് കാണുമ്പോൾ ഒത്തിരി സന്തോഷം തോന്നാറുണ്ട്, അതും പുതുതലമുറയിൽ നിന്ന് പോലും. സത്യൻ അന്തിക്കാടിന്റെ ചടുലമായ അവതരണ മികവിനൊപ്പം രഘുനാഥ് പലേരിയുടെ ശക്തമായ തിരക്കഥയും കൈതപ്രം-ജോൺസൺ ടീമിന്റെ പാട്ടുകളും പശ്ചാത്തല സംഗീതവും വിപിൻ മോഹന്റെ ഛായാഗ്രഹണവും പിൻഗാമി എന്ന സിനിമയെ മനോഹരമാക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ച ഘടകങ്ങളാണ്.
ഇനിയും സത്യൻ അന്തിക്കാട് സിനിമകളിൽ മോഹൻലാലിനെ നായകനായി കാണാൻ ആഗ്രഹം ഉണ്ട്. പക്ഷെ അത് ഒരിക്കലും അവരുടെ ശ്രദ്ധേയമായ സിനിമകളുടെ ചുവട് പിടിച്ചിട്ടുള്ളതാകരുത്, മറിച്ച് പിൻഗാമി പോലെ വളരെ വ്യത്യസ്തമായ പ്രമേയം പറയുന്ന സിനിമയിലൂടെ ആയിരിക്കണമെന്ന് മാത്രം. പ്രതീക്ഷയോടെ കാത്തിരിക്കുന്നു അത്തരത്തിലൊരു സത്യൻ-ലാൽ സിനിമയ്ക്കായി.
സഫീർ അഹമ്മദ്