പ്രിയദർശന്റെ വന്ദനവും ഉണ്ണികൃഷ്ണനും

ലയാള സിനിമയിലെ ഏറ്റവും സ്മാർട്ട് & എനർജെറ്റിക്ക് നായകൻ/നടൻ ഏതാണെന്ന് ചോദിച്ചാൽ എന്തായിരിക്കും നിങ്ങളുടെ ഉത്തരം? അത് വന്ദനത്തിലെ ഉണ്ണികൃഷ്ണനെ അവതരിപ്പിച്ച മോഹൻലാൽ ആണെന്നാണ് എന്റെ ഉത്തരം..സിനിമയിൽ ഉടനീളം ഇത്രയേറെ ഊർജസ്വലതയോടെ അവതരിപ്പിക്കപ്പെട്ട് മോഹൻലാലിന്റെ ഉണ്ണികൃഷ്‌നോളം പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച, അങ്ങേയറ്റം രസിപ്പിച്ച ഒരു കഥാപാത്രം വേറെ ഉണ്ടാകില്ല..പ്രിയദർശന്റെ ആ ഉണ്ണികൃഷ്ണനും വന്ദനത്തിനും 34 വയസ്

പ്രിയദർശൻ സിനിമകളിലെ നായക കഥാപാത്രങ്ങൾ പൊതുവെ സ്മാർട്ട് ആയിട്ടുള്ളവയാണ്, പ്രേക്ഷകരെ ഒരുപാട് ചിരിപ്പിക്കുന്നവയാണ്..ആ കഥാപാത്രങ്ങളായി മോഹൻലാൽ അത്യുഗ്രൻ പെർഫോമൻസ് കാഴ്‌ച്ച വെയ്ക്കാറുമുണ്ട്..അത്തരം പ്രിയൻ-ലാൽ കഥാപാത്രങ്ങളിൽ വന്ദനത്തിലെ ഉണ്ണിക്കൃഷ്ണൻ മുൻനിരയിൽ തന്നെയുണ്ട്, ഒരു പ്രത്യേക ഇഷ്ടവും ഉണ്ട് ആയ കഥാപാത്രത്തിനോട്..ഒരു പെണ്ണിന്റെ പിന്നാലെ ഓടി ചാടി നടന്ന് പ്രേമിക്കുന്നത് ഒക്കെ വന്ദനത്തിലേത് പോലെ വേറെ ഒരു സിനിമയിലും ചിരിയുടെ അകമ്പടിയോടെ ഇത്ര രസകരമായി അവതരിപ്പിക്കപ്പെട്ടിട്ടുണ്ടാകാൻ സാധ്യതയില്ല..

മലയാള സിനിമ ബോക്‌സ് ഓഫീസിനെ ഇളക്കി മറിച്ച് പുതു ചരിത്രമെഴുതിയ പ്രിയൻ-ലാൽ-പി.കെ.ആർ പിള്ള ടീമിന്റെ ചിത്രം എന്ന സിനിമ കേരളത്തിലെ തിയേറ്ററുകളിൽ തകർത്തോടി കൊണ്ടിരുന്ന സമയത്ത് തന്നെയാണ് വൻ പ്രതീക്ഷയോടെ അതേ ടീമിന്റെ വന്ദനം റിലീസാകുന്നത്. കേരളത്തിലെ എ ക്ലാസ് തിയേറ്ററുകളെ ജനസമുദ്രമാക്കി കൊണ്ട് പ്രദർശനം ആരംഭിച്ച, പ്രേക്ഷകരെ വളരെയധികം രസിപ്പിച്ച് മുന്നേറിയ വന്ദനത്തിന് അടി തെറ്റിയത് നായകനും നായികയും ഒന്നിക്കാത്ത ട്രാജഡി ആയി വന്ന ക്ലൈമാക്‌സ് ആണ്. അന്നത്തെ ബഹുഭൂരിപക്ഷം സിനിമ പ്രേക്ഷകരുടെ അഭിരുചിയും ശൈലിയും ഒക്കെ ഇന്നത്തേത് പോലെ ആയിരുന്നില്ല. ഒരു സിനിമ എത്ര അവരെ എൻഡർടെയിൻ ചെയ്യിച്ച് മുന്നേറിയാലും അവർക്ക് ഇഷ്ടപ്പെടാത്ത ഒരു ക്ലൈമാക്‌സോ, ലോജിക്ക് നിരക്കാത്ത ഒരു ആക്ഷൻ രംഗമോ ഉണ്ടായാൽ ഉടനടി തിയേറ്ററിൽ കൂവൽ ഉയരുകയും അത് ആ സിനിമയുടെ മൊത്തം അഭിപ്രായത്തെയും ബോക്‌സ് ഓഫീസ് പ്രകടനത്തെയും ബാധിക്കുകയും ചെയ്യുമായിരുന്നു.

മികച്ച അഭിപ്രായത്തോടെ ബ്ലോക്‌ബസ്റ്റർ ആകേണ്ടിയിരുന്ന വന്ദനത്തെ വെറുമൊരു ഹിറ്റിലേക്ക് ഒതുക്കിയതിൽ ക്ലൈമാക്‌സ് രംഗത്തിനും അത് പോലെ തന്നെ സിനിമയുടെ തുടക്കത്തിൽ ഉള്ള കാറ് ജംബ് രംഗത്തിനും വലിയ പങ്ക് ഉണ്ട്. താളവട്ടത്തിലും ചിത്രത്തിലും ഒക്കെ പരീക്ഷിച്ച് വിജയിച്ച ട്രാജിക് ക്ലൈമാക്‌സ് വീണ്ടും ആവർത്തിച്ചതാണ് വന്ദനത്തിൽ പ്രിയദർശൻ കാണിച്ച പ്രധാന പിഴവ്. വന്ദനം പോലെ ഒരു സിനിമക്ക് ഒട്ടും തന്നെ യോജിക്കാത്ത ക്ലൈമാക്‌സ് തന്നെയായിരുന്നു അത്. വി.ആർ.ഗോപാലകൃഷ്ണന്റെ തിരക്കഥയെ ചടുലമായി, അന്നത്തെ മറ്റ് സിനിമകളേക്കാൾ സാങ്കേതിക മികവോടെ തന്നെയാണ് പ്രിയദർശൻ അവതരിപ്പിച്ചത്. ഔസേപ്പച്ചന്റെ പാട്ടുകളും ജോൺസന്റെ പശ്ചാത്തല സംഗീതവും വന്ദനത്തെ ആകർഷകമാക്കുന്നവയിൽ മുഖ്യ പങ്ക് വഹിച്ച ഘടകങ്ങളാണ്.

ലാൽ-മുകേഷ് കൂട്ടുക്കെട്ട് ഉണ്ടങ്കിലും വന്ദനം ശരിക്കുമൊരു മോഹൻലാൽ വൺമാൻ ഷോ തന്നെ ആയിരുന്നു. പാട്ടും ഡാൻസും റൊമാൻസും ഒക്കെയായി ആടിത്തിമിർക്കുന്ന ഒരു ലാൽഷോ.

ഫെവിക്കോൾ ഒട്ടിപ്പിടിച്ച് കസേരയിൽ നിന്നും എഴുന്നേൽക്കാൻ പറ്റാതെയുള്ള രംഗം, നായികയുടെ നഗ്‌നത കണ്ട് ഉന്മാദ ലഹരിയിൽ നടക്കുന്ന രംഗം, നായികയെ തന്നെ പ്രേമിക്കാൻ ഭീഷണിപെടുത്തുന്ന രംഗം, സുകുമാരിയുടെ കഥാപാത്രവുമായിട്ടുള്ള മദ്യപാന രംഗം, കവിളിണയിൽ പാട്ടിന്റെ അവസാന രംഗം, നായികയെ അന്വേഷിച്ച് പള്ളികളിൽ കയറിയിറങ്ങുന്ന രംഗം, നായികയെ കൊണ്ട് ഐ ലവ് യൂ പറയിപ്പിക്കുന്ന രംഗം, അങ്ങനെ മോഹൻലാലിന്റെ ഗംഭീര പ്രകടനത്തിന്റെ മികവിൽ എത്രയെത്ര രംഗങ്ങളാണ് തിയേറ്ററുകളിൽ പൊട്ടിച്ചിരിയുടെ തിരമാലകൾ തീർത്തത്. ഇതിൽ ഐ ലവ് യൂ രംഗത്തിൽ മോഹൻലാൽ ശരിക്കുമങ്ങ് അഴിഞ്ഞാടുകയായിരുന്നു. ആ രംഗത്തിന്റെ അലയൊലികൾ അടങ്ങാൻ കുറച്ചധികം സമയം തന്നെയെടുത്തു. നായികയായ ഗിരിജയുടെ മോശം പെർഫോമൻസിനെ പോലും മറച്ച് വെക്കാൻ പ്രിയദർശന് മോഹൻലാലിലൂടെ സാധിച്ചു. ഇത്രയേറെ ഊർജ്ജസ്വലതയോടെ, ആകർഷണതയോടെ സ്‌ക്രീനിൽ പെർഫോം ചെയ്യുന്ന നടൻ, ഇങ്ങനെ ഒരു നടനെ മലയാളികൾ മോഹൻലാലിന് മുമ്പ് കണ്ടിട്ടുണ്ടായിരുന്നില്ല, അനുഭവിച്ചിട്ടുണ്ടായിരുന്നില്ല. ഇതുകൊണ്ടൊക്കെ തന്നെയാണ് ഇന്നേവരെ മറ്റൊരു നടനും കൊടുക്കാത്ത ഇഷ്ടവും സ്‌നേഹവും മലയാളികൾ മോഹൻലാലിന് കൊടുത്തത്, ഇപ്പോഴും അത് തുടരുന്നതും.



വന്ദനത്തിന് തൊട്ട് മുമ്പ് ഇറങ്ങിയ കിരീടത്തിലെ സേതുമാധവനേയും വന്ദനത്തിലെ ഉണ്ണികൃഷ്ണനേയും ഒന്ന് താരതമ്യം ചെയ്ത് നോക്കൂ. പ്രേക്ഷകരും സംവിധായകരും ഒക്കെ വാഴ്‌ത്തിപ്പാടുന്ന മോഹൻലാൽ എന്ന നടന്റെ അഭിനയ നൈപുണ്യവും വ്യാപ്തിയും ഒരിക്കൽ കൂടി അറിയാം ഈ താരതമ്യത്തിലൂടെ. കാഴ്ചയിൽ സേതുമാധവനും ഉണ്ണികൃഷ്ണനും ഏകദേശം ഒരു പോലെയാണ്, സേതുമാധവൻ മുണ്ട് മാറ്റി പാന്റസ് ഇട്ട പോലെയുള്ള മാറ്റം മാത്രമേ ഉള്ളു. കാഴ്‌ച്ചയിൽ ഒട്ടും തന്നെ മാറ്റങ്ങൾ വരുത്താതെ എക്‌സ്ട്രീം എൻഡിലുള്ള ഈ രണ്ട് കഥാപാത്രങ്ങൾക്ക് മോഹൻലാൽ നൽകിയ ശരീരഭാഷ, ഭാവഭേദങ്ങൾ ഒക്കെ എത്ര വ്യത്യസ്തമാണ്, ഒപ്പം ഗംഭീരവും. മുമ്പ് മണിരത്‌നത്തിന്റെ രാവണൻ സിനിമയുടെ ഇന്ത്യൻ പ്രീമിയർ ഷോയോട് അനുബന്ധിച്ച് നടൻ വിക്രം പറഞ്ഞത് ഇങ്ങനെയായിരുന്നു 'എന്നെ പോലെയുള്ള നടന് കഥാപാത്രങ്ങളാകാൻ മേക്ക് ഓവർ ഒക്കെ നടത്തിയേ പറ്റു, എന്നാൽ മോഹൻലാൽ പോലെയുള്ള നടന് അതിന്റെ ആവശ്യം ഇല്ല,അല്ലാതെ തന്നെ അദ്ദേഹമത് മനോഹരമാക്കും'. അതെ, മോഹൻലാൽ എന്ന നടന് തന്റെ കഥാപാത്രത്തെ മികച്ചതാക്കാൻ മേക്ക് ഓവറിന്റെ ആവശ്യം ഒന്നുമില്ല, അതിന് അദ്ദേഹത്തിന്റെ പ്രതിഭയുടെ ഒരു അംശം മാത്രം മതി.

വിന്റേജ് മോഹൻലാൽ, എന്തൊക്കെ പറഞ്ഞാലും അതൊരു യാഥാർത്ഥ്യം തന്നെയാണ്. 1986-2000 കാലഘട്ടത്തിൽ മോഹൻലാൽ ചെയ്ത് വെച്ചിട്ടുള്ള വ്യത്യസ്ത സിനിമകളും കഥാപാത്രങ്ങളും, അതിന് തിയേറ്ററുകളിൽ കിട്ടിയ സ്വീകാര്യതയും ആരവങ്ങളും അനുമോദനങ്ങളും, ശരിക്കും അയാളുടെ യൗവ്വനം ആഘോഷിക്കപ്പെടുകയായിരുന്നു.

സമകാലീനരായ മറ്റൊരു നടന്റെയും യൗവ്വനം മോഹൻലാലിന്റേത് പോലെ ഇങ്ങനെ ആഘോഷിക്കപ്പെട്ടിട്ടില്ലാത്തതുകൊണ്ടാണ് ഈ വിന്റേജ് പട്ടം മറ്റു നടന്മാർക്ക് ഒന്നും ചാർത്തപ്പെടാത്തതും ഇപ്പോൾ ലാലിന് മാത്രമത് ബാധ്യതയാകുന്നതും..