'അമ്പിളിപ്പെണ്ണിനെ മുത്തുവാൻ മാനത്ത് പൊൻപണം തൂകിയോരേ നിങ്ങടെ കൊമ്പൻ തലപ്പാവ് തട്ടിയെറിയുന്ന ചെമ്പൻപുലരി കണ്ടോ' - ഇങ്ങനെ ചോദിച്ചാണ് വി.സാംബശിവൻ 'അയിഷ' എന്ന കഥാപ്രസംഗം അവസാനിപ്പിക്കുന്നത്. ഈ വിപ്ലവ ഗാനത്തിലൂടെ ലക്ഷക്കണക്കിന് മലയാളികളുടെ മനം കവരാൻ 1980-കളിൽ വി.സാംബശിവന് സാധിച്ചു. വയലാർ രാമവർമ എഴുതിയ 'അയിഷ' എന്ന കവിത വി.സാംബശിവന്റെ കഥാപ്രസംഗത്തിലൂടെ അറിയപ്പെട്ടപ്പോൾ, വിമോചനത്തിന്റെ സന്ദേശമാണ് പ്രചരിച്ചത്.

പക്ഷെ യഥാർത്ഥത്തിൽ ഇടതുപക്ഷ സംസ്‌കാരം നിലനിന്നിരുന്ന 1980-കളിലെ കേരളത്തിൽ ആരും വിമർശന ബുദ്ധിയോടെ 'അമ്പിളിപ്പെണ്ണിനെ മുത്തുവാൻ മാനത്ത് പൊൻപണം തൂകിയത് ആരാണ്' എന്ന ചോദ്യം ഉന്നയിച്ചില്ല എന്നതാണ് വാസ്തവം. 12 വയസ് മാത്രം പ്രായമുണ്ടായിരുന്ന അയിഷയെ പുത്തൻപണക്കാരന് വിവാഹം ചെയ്തുകൊടുക്കുന്നത് സ്വന്തം ബാപ്പയായ അന്ദ്രുമാനാണ്. ഗർഭിണിയായ അയിഷയെ സംശയത്തിന്റെ പേരിൽ ആ പുത്തൻപണക്കാരൻ മൊഴി ചൊല്ലിയപ്പോൾ 'അത് പാടില്ല' എന്ന് പറയാൻ ഒരു കമ്യൂണിറ്റി നേതാക്കളും ഉണ്ടായിരുന്നില്ല. പിന്നീട് തെരുവിൽ തള്ളപ്പെട്ട അയിഷ വേശ്യാവൃത്തിയിലേക്ക് തിരിയുന്നതും, അവസാനം തന്റെ ഭർത്താവായിരുന്ന പുത്തൻപണക്കാരനെ കുത്തിമലർത്തുന്നതുമാണ് വി.സാംബശിവന്റെ കഥാപ്രസംഗത്തിന്റെ പ്രമേയം. വളരെ നാടകീയമായി, ശബ്ദ വിന്യാസത്തിലൂടെ വി.സാംബശിവന് 'അയിഷ' അവതരിപ്പിക്കാൻ സാധിച്ചതുകൊണ്ട് ആ കഥാപ്രസംഗം ലക്ഷകണക്കിന് മലയാളികളുടെ മനം കവർന്നു.

ഈ കഥാപ്രസംഗത്തിന്റെ കഥയിൽ ആത്യന്തികമായി കാണേണ്ടത് 1970-കളിലും, 1980-കളിലും കേരളത്തിലെ മുസ്ലിം കമ്യൂണിറ്റിയിൽ നിലനിന്നിരുന്ന സ്ത്രീകളോടുള്ള വിവേചനമാണ്. അത് കാണാൻ വയലാർ രാമവർമയോ, സാംബശിവനോ തയാറായില്ല. അതിനു പകരം ദുരന്തപൂർണമായി മാറിയ അയിഷയുടെ ജീവിതത്തിന്റെ ഉത്തരവാദിത്ത്വം മുഴുവൻ സമൂഹത്തിന്റെ തലയിലേക്ക് വെച്ചുകൊടുത്തു. മീരാ ജാസ്മിൻ മുഖ്യ കഥാപാത്രത്തെ അവതരിപ്പിച്ച 'പാഠം ഒന്ന് - ഒരു വിലാപം' എന്ന ചിത്രത്തിൽ പക്ഷെ മുസ്ലിം കമ്യൂണിറ്റിയിലെ സ്ത്രീകളോടുള്ള വിവേചനത്തോട് നല്ലൊരു വിമർശനമുണ്ട്. അയിഷയുടെ കഥയോട് സാമ്യമുള്ള കഥയാണ് 'പാഠം ഒന്ന് - ഒരു വിലാപം'. വിപ്ലവ കവിയായിരുന്ന വയലാർ രാമവർമക്കും, ഇടതുപക്ഷ സഹയാത്രികനായിരുന്ന വി.സാംബശിവനും മുസ്ലിം കമ്യൂണിറ്റിയിൽ നിലനിന്നിരുന്ന സ്ത്രീകളോടുള്ള വിവേചനത്തോട് ഒരു വിമർശനം ഉയർത്താനായില്ല എന്നത് പ്രത്യേകം ശ്രദ്ധിക്കപ്പെടേണ്ടതാണ്. വിപ്ലവ വീര്യം കൂടിപോയാലുള്ള പ്രശ്‌നമാണത്.

ശാസ്ത്ര ബോധവും, വർഗ വിശകലനവും സ്ഥിരം പ്രഘോഷിക്കുന്ന കേരളത്തിലെ ഇടതുപക്ഷം ഇസ്ലാമിക തീവ്രവാദത്തെ വിലയിരുത്തുമ്പോൾ അതൊക്കെ മാറ്റിവെക്കുന്നത് വളരെ കഷ്ടമാണ്. നാല് വോട്ടിന് വേണ്ടിയാണ് ഇടതുപക്ഷം ഇസ്ലാമിക തീവ്രവാദത്തെ പിന്തുണക്കുന്നത് എന്നതാണ് വാസ്തവം. ഇസ്ലാമിക തീവ്രവാദത്തെ വിമർശിക്കാൻ ധൈര്യപ്പെടുന്നവരെ ഇടതുപക്ഷം ഫാസിസ്റ്റും മനുഷ്യവിരുദ്ധരുമാക്കി ചിത്രീകരിക്കും. ഇത് ഭയന്ന് മിക്കവരും ഹൈന്ദവ ഫാസിസത്തിനെതിരേ മാത്രം സംസാരിക്കും.

പണ്ട് മീഡിയാ വൺ എഡിറ്റർ കെ. പി. അബ്ദു റഹ്‌മാൻ ബിൻ ലാദനെ കുറിച്ച് 'കനൽ പഥങ്ങളിലെ സിംഹം' എന്ന് ടൈറ്റിലിട്ട് എഴുതി. മതബോധമുള്ള കെ. പി. അബ്ദു റഹ്‌മാന്റെ ബിൻ ലാദനോടുള്ള സ്‌നേഹം മനസിലാക്കാം. പക്ഷെ ബിൻ ലാദനെ കൊന്നതിൽ പ്രതിഷേധിച്ചുകൊണ്ട് ഇടതുപക്ഷത്തിന്റെ ജി. സുധാകരൻ അമേരിക്കൻ പ്രസിഡന്റ്റ് ബാരക് ഒബാമക്കെതിരെ കവിത എഴുതിയത് മോശമായിപ്പോയി. 'ലാദൻ! ബിൻലാദൻ! ഭീരുവാണീയൊബായെന്നോർക്കുക' - എന്നുപറഞ്ഞുകൊണ്ട് ലാദനുവേണ്ടി ഒരു ചരമഗീതം എഴുതിയ ആളാണ് മുൻ മന്ത്രി ജി. സുധാകരൻ. സദ്ദാം ഹുസൈനെ തൂക്കിക്കൊന്നതിൽ ലോകത്ത് ഹർത്താൽ നടത്തിയ ഏക ഇടം കേരളം ആണ്. ഇതൊക്കെ നമ്മുടെ മതേതര വാദികൾ എപ്പോഴെങ്കിലും ഓർമിക്കുമോ?

കേരളത്തിലെ ഇടതുപക്ഷം എന്നും കേരളത്തിലെ ഇസ്ലാമിക വിശ്വാസികളുടെ തീവ്ര മതബോധവും, മതത്തിന്റെ പേരിൽ ഭീകരത വിതക്കുന്നവർക്കുള്ള അവരുടെ സപ്പോർട്ടും അംഗീകരിച്ച ചരിത്രമേയുള്ളൂ. വയലാർ രാമവർമ എഴുതിയതും, സാംബശിവന്റെ കഥാപ്രസംഗത്തിലൂടെ വളരെ പ്രശസ്തമായ ഒരു കാവ്യമായ 'അയിഷ'-യിൽ അയിഷയുടെ ബാപ്പയായ ഇറച്ചിക്കച്ചവടക്കാരൻ അന്ദ്രുമാനോട് 'അന്ദ്രുമാനേ പന്നിയിറച്ചിയുണ്ടോടാ' എന്ന് ചോദിച്ചതിന് കാഫിറിന്റെ നെഞ്ചത്തുകൊലക്കത്തി പായിക്കുന്ന അന്ദ്രുമാനെയാണ് കാണാൻ സാധിക്കുന്നത്. ആ അന്ദ്രുമാനെ പോലെയുള്ളവരെ ആർക്ക് ബോധവൽകരിക്കാൻ സാധിക്കും?

'ട്രെക്കിനോസിസ്' എന്ന രോഗം കാരണമാണ് റബ്ബികൾ പണ്ട് ജൂദയായിൽ പന്നി മാംസം നിരോധിച്ചത് എന്നാണ് കേട്ടിട്ടുള്ളത്. ആ നിരോധനം കാരണം പിന്നീട് ജറുസലേമിൽ നിന്നും, അറേബ്യയിൽ നിന്നും ഉടലെടുത്ത ഇസ്ലാം മതത്തിലും പന്നിമാംസത്തിന് നിരോധനം തുടർന്നൂ. പക്ഷെ ഇന്ന്, ആധുനിക പന്നി വളർത്തു കേന്ദ്രങ്ങളിൽ വളർത്തുന്ന പന്നികളുടെ മാംസം സുരക്ഷിതമാണ്. പ്രഷർ കുക്കറിൽ അര മണിക്കൂർ വേവിച്ചാൽ ചാവാതെ പോകുന്ന ഒരു മൈക്രൊബും, വിരയും പന്നി മാംസത്തിലെന്നല്ല; ഒരു മാംസത്തിലും ഉണ്ടാവില്ല. ആധുനിക പന്നി വളർത്തു കേന്ദ്രങ്ങളിൽ പന്നികൾക്ക് 'ടോക്‌സിക് ഫുഡ്' കൊടുക്കുന്നില്ലാ. കേരളത്തിലെ തന്നെ പന്നി വളർത്തു കേന്ദ്രങ്ങൾ സന്ദർശിച്ചാൽ രണ്ടു നേരം കുളിപ്പിച്ച്, വെറ്റിനറി ഡോക്ടർമാരുടെ മേൽനോട്ടത്തിൽ, അവർ നിർദ്ദേശിക്കുന്ന ഫുഡ്ഡും കഴിച്ചു രാജകീയമായി ജീവിക്കുന്ന പന്നികളെയാണ് നേരിൽ കാണാൻ സാധിക്കുന്നത്. അപ്പോൾ ഇസ്ലാമിസ്റ്റുകൾ പറയുന്നതുപോലെ 'ടോക്‌സിക് ഫുഡ്' എന്ന് പറഞ്ഞു പന്നി മാംസത്തെ മാറ്റിനിർത്തേണ്ട കാര്യമില്ല. പന്നി മാംസത്തെ ചൊല്ലി അക്രമവും ഉനാവേണ്ട കാര്യമില്ല. ഇന്നിപ്പോൾ ചിലരുടെ മത മൗലികവാദത്തിനു മാത്രമാണ് പന്നി മാംസം ഊർജം പകരുന്നത്. നന്നായി വേവിച്ചു കഴിച്ചാൽ ബീഫും പോർക്കും ഒരു കുഴപ്പവും ഉണ്ടാക്കില്ല. ഇതൊക്കെയാണ് പന്നിമാംസത്തെ കുറിച്ചുള്ള ശാസ്ത്രീയമായ വിശദീകരണം.

'അയിഷ'-യിലെ അന്ദ്രുമാന് ആ ശാസ്ത്രബോധം ഉണ്ടായിരുന്നില്ല. ശാസ്ത്രബോധം ഇല്ലാതിരുന്നതിനാലാണ്'അന്ദ്രുമാനേ പന്നിയിറച്ചിയുണ്ടോടാ' എന്ന് ചോദ്യം കൊലപാതകത്തിൽ കലാശിച്ചത്. ആ അന്ദ്രുമാനെ സാംബശിവൻ കഥാപ്രസംഗത്തിന്റെ അവസാനം വലിയ വിപ്ലവകാരിയായി അവതരിപ്പിക്കുന്നുണ്ട്. ശാസ്ത്ര ബോധമില്ലാതിരുന്ന അന്ദ്രുമാന് എന്ത് വിപ്ലവ ബോധ്യമാണ് ഉണ്ടായിരുന്നത്? ചോദിച്ചിട്ട് കാര്യമില്ല. ഇസ്ലാമിസ്റ്റുകളെ എന്നും വെളുപ്പിക്കലായിരുന്നല്ലോ നമ്മുടെ ഇടതുപക്ഷക്കാരുടെ മെയിൻ പരിപാടി.

(ലേഖകന്റെ ഈ അഭിപ്രായങ്ങൾ തീർത്തും വ്യക്തിപരമാണ്. അതിന് ലേഖകന്റെ ജോലിയുമായി ഒരു ബന്ധവുമില്ല)