- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇസ്ലാമിസ്റ്റുകളും അംബേദ്കറിസ്റ്റുകളും കമ്യൂണിസ്റ്റുകളും ഗാന്ധി സ്തുതിപാഠകരാകുന്നത് കാപട്യം
'ഗാന്ധി ഹിന്ദുവാണ്, കള്ളനാണ്; കാഫിറാണ്' എന്നായിരുന്നു പി. കേശവദേവിന്റെ പ്രശസ്തമായ 'ഭ്രാന്താലയം' എന്ന നോവലിൽ മത മൗലികവാദിയായ അബ്ദു പറഞ്ഞത്. ഗാന്ധിജി ഒന്ന് കണ്ണടച്ചിരുന്നെങ്കിൽ 1947-ലെ ഇന്ത്യയിൽ ലക്ഷകണക്കിന് മുസ്ലീങ്ങൾ കൊല്ലപ്പെടുമായിരുന്നു എന്നുള്ളത് അബ്ദുവിനെ പോലുള്ള മത മൗലികവാദികൾ ഒരിക്കലും കാണില്ല. അങ്ങനെ കണ്ണടയ്ക്കാൻ ഗാന്ധിജി കൂട്ടാക്കിയില്ല എന്നതിലാണ് ഗാന്ധിജിയുടെ മഹത്വം കുടികൊള്ളുന്നത്. പാക്കിസ്ഥാനിൽ ആരൊക്കെ കൊല്ലപ്പെട്ടാലും ഇന്ത്യയിൽ ഒരു മുസ്ലിം പോലും കൊല്ലപ്പെടരുത് എന്നുള്ള ശക്തവും ധീരവുമായ നീലപാടെടുക്കുകയാണ് 1947-ൽ ഗാന്ധിജി ചെയ്തത്.
ഗാന്ധി വധത്തിന്റെ ഗൂഢാലോചനയിൽ പങ്കെടുത്തവരെല്ലാം മഹാരാഷ്ട്രയിൽ നിന്നുള്ള 'ചിത്പാവൻ' ബ്രാഹ്മണരായത് കേവലം യാദൃച്ഛികതയല്ല. ഗോഡ്സെയുടെ മനസ്സിൽ ഗാന്ധി വിരോധം കുത്തിവെച്ച സവർക്കറായിരുന്നു ഗാന്ധിജിയുടെ കൊലപാതകത്തിന്റെ 'മാസ്റ്റർ മൈൻഡ്'. കുറഞ്ഞ പക്ഷം പ്രേരണാ കുറ്റമെങ്കിലും സവർക്കറിൽ ചുമത്തണമായിരുന്നു. ഗോഡ്സെ ഗാന്ധി വധത്തിന്റെ സമ്പൂർണ ഉത്തരവാദിത്ത്വം ഏറ്റെടുത്തതിനാലാണ് 1948-ൽ സവർക്കർ രക്ഷപെട്ടത്. പക്ഷെ ഗാന്ധി വധം അന്വേഷിച്ച ജസ്റ്റിസ് ജെ.എൽ. കപൂർ 1969-ൽ സമർപ്പിച്ച ആറ് വോളിയം റിപ്പോർട്ടിൽ സവർക്കറെ കുറ്റക്കാരനായി ചിത്രീകരിക്കുന്നുണ്ട്. ജെ.എൽ. കപൂർ റിപ്പോർട്ട് തനിക്ക് എതിരാകുമെന്ന് കണ്ടിട്ടാണ് നിരാഹാരത്തിലൂടെ സവർക്കർ ജീവത്യാഗം ചെയ്തതെന്നാണ് പല നിരീക്ഷകരും അഭിപ്രായപ്പെട്ടിട്ടുള്ളത്.
സബർമതി ആശ്രമം തുടങ്ങുന്നതിന് മുൻപ് 'കോച്റബ്' ആശ്രമത്തിലായിരുന്നു ഗാന്ധിജി താമസിച്ചിരുന്നത്. കത്തിയവാർ പ്രദേശത്തെ ഒരു നിർധന ഹരിജൻ കുടുംബത്തെ 'കോച്റബ്' ആശ്രമത്തിൽ ഒപ്പം കൂട്ടിയതിന് മറ്റ് ആഢ്യ അന്തേവാസികൾ ആശ്രമം വിട്ടുപോയി. ഗാന്ധിക്ക് അവരെ ഒപ്പം കൂട്ടിയത് വഴി സാമ്പത്തിക സഹായങ്ങളെല്ലാം നിലച്ചു. പക്ഷെ സത്യാന്വേഷിയായ ഗാന്ധി കുലുങ്ങിയില്ല. കിണറ്റിലെ വെള്ളം പോലും ആഢ്യ അയൽക്കാർ മൂലം ഗാന്ധിക്ക് ലഭിക്കാതെയായപ്പോൾ ഗാന്ധി പറഞ്ഞത് "കഷ്ടത ഇനിയുമേറിയാൽ നാം തോട്ടികളുടെ ഗ്രാമത്തിൽ ചെന്ന് പാർക്കും; അവിടെ നിന്ന് കിട്ടുന്നതുകൊണ്ട് വയറു പുലർത്തും എന്നാണ്." ഗാന്ധി സത്യാന്വേഷി ആയി മാറിയത് ഇത്തരം ശക്തവും ധീരവുമായ നിലപാടുകളിലൂടെയാണ്.
ഈ വസ്തുതകളൊന്നും ഗാന്ധിജിയെ നിന്ദിക്കുന്ന നമ്മുടെ 'ദളിത് ഇന്റ്റലക്ച്വൽസ്' ഒരിക്കലും മനസിലാക്കില്ല. പശ്ചിമ ബംഗാളിലെ നൗഹാളിയിൽ 1947-ലെ വിഭജനത്തിന്റെ സമയത്ത് മഹാത്മാ ഗാന്ധി ഹിന്ദു-മുസ്ലിം സാമുദായിക സൗഹാർദം ഉണ്ടാക്കാനായി ചെന്നപ്പോൾ ഗാന്ധിയെ എതിർത്ത വർഗീയ വാദികൾ ഗാന്ധി നടക്കുന്ന വഴിയിൽ മനുഷ്യ മലം വരെ വിതറി. അതൊക്കെ വൃത്തിയാക്കിയാണ് ഗാന്ധി മുന്നോട്ടു പോയത്. 1947-ൽ ഒരു യാഥാസ്ഥിതിക ഹിന്ദു മറ്റുള്ളവരുടെ മലം കോരുക എന്നതൊക്കെ ചിന്തിക്കാൻ പോലും ആവില്ലായിരുന്നു. പക്ഷെ ഗാന്ധി സാമുദായിക സൗഹാർദം ഉണ്ടാക്കാനായി അതും ചെയ്തു. മറ്റുള്ളവരുടെ മലം വരെ കോരിയ ഗാന്ധിയെ ആണിപ്പോൾ അയിത്തത്തിന്റ്റെയും, തൊട്ടു കൂടായ്മയുടെയും പേരിൽ ചിലർ വിമർശിക്കുന്നത്!
ഡൽഹിയിൽ വരുമ്പോൾ ഗാന്ധി ബിർളാ മന്ദിരത്തിനടുത്തുള്ള തോട്ടി കോളനിയിൽ (ഭാൻഗ്ഗി കോളനി) ആണ് താമസിച്ചിരുന്നത്. ആഢ്യ ഗണത്തിൽ പെട്ട കോൺഗ്രസുകാരെയും, ബ്രിട്ടീഷ് ഓഫീസർമാരെയും ചേരികളിൽ വരുത്തുക ഗാന്ധിയുടെ വിനോദമായിരുന്നു. തന്റെ ചേരിയിലെ താമസത്തിലൂടെ ആണ് ഗാന്ധിക്കിതു സാധ്യമായത്. യഥാർത്ഥ ഇന്ത്യയെ കുറിച്ച് അവരെയൊക്കെ നിരന്തരം ഓർമിപ്പിക്കുകയായിരുന്നു ഗാന്ധി. ജാതിവാദം, വർണാശ്രമ ധർമം - എന്നതൊക്കെ ഗാന്ധിയിൽ ആരോപിക്കുമ്പോൾ ഇതൊക്കെ ദയവായി ഓർക്കുക.
അടുത്ത ഗാന്ധി വിരുദ്ധർ കമ്യൂണിസ്റ്റുകാർ ആയിരുന്നു. ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ, ഇന്ത്യൻ കമ്യൂണിസ്റ്റു നേതാക്കൾക്കൊക്കെ സോവിയറ്റ് യൂണിയനോടായിരുന്നു താൽപര്യം മുഴുവനും. ഇന്ത്യയിലെ ഒരു നല്ല കാര്യങ്ങളും അവർ അംഗീകരിച്ചിരുന്നില്ല. മഹാത്മാ ഗാന്ധിയുടെ മാർഗങ്ങളെ അവർ തീർത്തും അശാസ്ത്രീയമായി കണ്ടു. കാരണം അന്നൊക്കെ ശാസ്ത്രീയതയുടെ മൊത്തം കുത്തക കമ്യൂണിസ്റ്റുകാർക്കായിരുന്നല്ലോ! നെഹ്റുവിനെ ആണെങ്കിൽ അവർ 'റണ്ണിങ് ഡോഗ് ഓഫ് ഇമ്പീരിയലിസം' എന്നാണ് വിശേഷിപ്പിച്ചിരുന്നത്! 'കൊൽക്കത്താ തീസിസ്'-ലൂടെ നെഹ്റു സർക്കാരിനെതിരെ സായുധ സമരം അവർ സംഘടിപ്പിച്ചു. ഇന്ത്യൻ ഭരണഘടനയിലും, കോടതികളിലും കമ്യുണിസ്റ്റുകാർക്കു വിശ്വാസവും ഉണ്ടായിരുന്നില്ല. 1957-ൽ ഇ.എം.എസ്. നമ്പൂതിരിപ്പാട് ഭരണം ഏറ്റെടുത്തപ്പോൾ പറഞ്ഞത് തങ്ങൾക്കു വിശ്വാസമില്ലാത്ത ഒരു ഭരണഘടനയുടെ കീഴിൽ പ്രവർത്തിക്കേണ്ടി വരുന്നൂ എന്നുള്ളത് വളരെ ബുദ്ധിമുട്ടാണെന്നായിരുന്നു!
സിപിഐ., സിപിഎം. - ഈ സംഘടനകൾക്കു ശേഷം യഥാർത്ഥ കമ്യൂണിസ്റ്റ് പ്രസ്ഥാനമാണെന്ന് അവകാശപ്പെട്ട നക്സലയിറ്റുകൾക്കാവട്ടെ ചൈനയോടായിരുന്നു താൽപര്യം മുഴുവനും. ഇന്ത്യയിലെ സിപിഎം. നേതാക്കൾ സ്റ്റാലിനെ കാണാൻ മോസ്ക്കോയ്ക്ക് പോയത് പോലെ അവർ മാവോയെ കാണാൻ ചൈനക്കും പോയിട്ടുണ്ട്. 1970 നവംബർ 14 -ന് അവർ തിരുവനന്തപുരത്തെ അരിസ്റ്റോ ജങ്ഷനിലുള്ള നെഹ്രുവിന്റെ പ്രതിമ ബോംബ് വെച്ച് തകർത്തിട്ടും ഉണ്ട്.
'ഇന്ത്യൻ കോണ്ടെക്സ്റ്റിൽ' സമത്വം എന്ന ആശയം മറ്റാരേയുംകാൾ നന്നായി ഉൾക്കൊണ്ടിരുന്നത് ഗാന്ധിജിയായിരുന്നു. ഒരിക്കൽ അരുണ ആസഫലിയും, അച്യുത് പട്വർധനും, ജയപ്രകാശ് നാരായണും കൂടി ഗാന്ധിജിയെ കാണാൻ അദ്ദേഹം താമസിക്കുന്ന ചേരിയിൽ ചെന്നപ്പോൾ, ഗാന്ധിജി അവരോട് പറഞ്ഞത് 'നിങ്ങളൊക്കെ ജനിക്കുന്നതിന് മുമ്പ് ഞാൻ സോഷ്യലിസ്റ്റ് ആയിരുന്നു; പക്ഷെ ഞാൻ സോഷ്യലിസ്റ്റ് ആണെന്ന് തെളിയിക്കാൻ ചേരി നിവാസികളോടൊത്താണ് താമസിക്കുന്നത്; നിങ്ങൾ സോഷ്യലിസ്റ്റുകാരാണെങ്കിൽ എന്നോടൊപ്പം വന്ന് ചേരി പ്രദേശത്ത് താമസിക്കുകയാണ് വേണ്ടത്' എന്നായിരുന്നു. ഉന്നത കുല ജാതാക്കളായ അവർ അതിനു തയാറായതുമില്ല.
ചുരുക്കം പറഞ്ഞാൽ ഇസ്ലാമിസ്റ്റുകൾ, സംഘ പരിവാറുകാർ, അംബേദ്കറിസ്റ്റുകൾ, കമ്യൂണിസ്റ്റുകാർ - ഇവരെല്ലാം ഗാന്ധിക്ക് എതിരായിരുന്നു. അതുകൊണ്ട് മോദിയുടെ പ്രസ്താവനയെ ചൊല്ലി ഈ നാലു കൂട്ടരും 'കരയുന്നതിൽ' വലിയ കാര്യമൊന്നുമില്ല. പ്രധാനമന്ത്രി മോദി പിന്നെ 'വായിൽ തോന്നിയതെന്തും കോതക്ക് പാട്ട്' എന്ന രീതിയിൽ അടിച്ചു വിടാറുണ്ട്. അതാണ് അങ്ങേരുടെ സ്ഥിരം ശൈലി. അതുകൊണ്ട് 'ഗാന്ധിജിയെ ലോകമറിഞ്ഞത് ഗാന്ധി സിനിമക്കുശേഷം' എന്നുള്ള നമ്മുടെ പ്രിയപ്പെട്ട പ്രധാനമന്ത്രിയായ നരേന്ദ്ര ദാമോദർദാസ് മോദിജിയുടെ പ്രസ്താവന ഒരു മൈതാന പ്രസംഗമായോ, വാചകമടിയായോ മാത്രം കണ്ടാൽ മതി. പക്ഷെ ഇസ്ലാമിസ്റ്റുകളും, സംഘ പരിവാറുകാരും, അംബേദ്കറിസ്റ്റുകളും, കമ്യൂണിസ്റ്റുകാരും വർഷങ്ങളായി വളരെ ആസൂത്രിതവും സംഘടിതവുമായി മഹാത്മാ ഗാന്ധിയെ നിന്ദിക്കുകയായിരുന്നു എന്ന വസ്തുത ആരും കാണാതിരിക്കരുത്.
ഇസ്ലാമിസ്റ്റുകൾ, അംബേദ്കറിസ്റ്റുകൾ, കമ്യൂണിസ്റ്റുകാർ - ഇവരെല്ലാം വർഷങ്ങളായി രാഷ്ട്ര പിതാവായ മഹാത്മാ ഗാന്ധിക്ക് എതിരേ വളരെ ആസൂത്രിതവും സംഘടിതവുമായി പ്രചാരണം നയിച്ചവരാണ്. അതുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയെ ചൊല്ലി ഈ കൂട്ടരൊക്കെ ഗാന്ധി സ്തുതിപാഠകർ ആയി മാറുന്നത് കാണാൻ നല്ല രസമൊക്കെയുണ്ട്. സംഘ പരിവാറുകാർ പണ്ടേ ഗാന്ധിക്ക് എതിരായിരുന്നു. ഗാന്ധിയെ വധിച്ച നാഥുറാം ഗോഡ്സേ അവർക്ക് എന്നും 'ബലിദാനി' ആയിരുന്നു.
രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിയെ കുറിച്ചുള്ള പ്രധാനമന്ത്രി മോദിയുടെ പ്രസ്താവനയെ മറ്റൊരർഥത്തിൽ വിലയിരുത്തിയാൽ അത് ഒട്ടുമേ നിഷ്കളങ്കമായി കാണാനാവില്ല. പ്രധാനമന്ത്രി മോദിയുടെ ഓരോ പ്രസ്താവനക്ക് പിന്നിലും വലിയൊരു 'ടീം വർക്കുണ്ട്'. ഇംഗ്ളീഷിൽ വളരെ 'ഷ്രൂഡ്' അതല്ലെങ്കിൽ വളരെ 'ക്രുക്കഡ്' എന്ന് പറയാവുന്ന പ്രസ്താവനയാണ് അദ്ദേഹം എപ്പോഴും നടത്താറ്. അതുകൊണ്ട് ഇനിയിപ്പോൾ ഗാന്ധിയെ പുതിയ രീതിയിൽ മാർക്കറ്റ് ചെയ്യാനുള്ള ശ്രമമാണോ രാഷ്ട്രം ഭരിക്കുന്ന ബിജെപി.-യിൽ നിന്നും, സംഘ പരിവാറുകാരിൽ നിന്നും വരുന്നതെന്ന് വരും ദിവസങ്ങളിലേ വ്യക്തമാകൂ. ചൈനയിൽ നിന്ന് മാവോയും, റഷ്യയിൽ നിന്ന് ലെനിനും ഒക്കെ അങ്ങനെ മാർക്കറ്റ് ചെയ്യപ്പെട്ടവരാണ്.
ഇന്നത്തെ ഇന്ത്യയിൽ മഹാത്മാ ഗാന്ധിയെ ചൊല്ലി ആളുകൾ കണ്ടമാനം കണ്ണീരൊഴുക്കുന്നതിലും വലിയ കാര്യമൊന്നുമില്ല. ആദർശ ധീരന്മാരുടെയൊക്കെ കാലം ഇന്ത്യൻ രാഷ്ട്രീയത്തിൽ നിന്ന് പണ്ടേ കഴിഞ്ഞതാണ്. രാഷ്ട്രീയ അപ്രത്യക്ഷമായി. സത്യം പറഞ്ഞാൽ, ഇന്നിപ്പോൾ ഗാന്ധിജിയുടെ അഹിംസയിലും സത്യത്തിലും അധിഷ്ഠിതമായ ആദർശങ്ങൾ ആർക്കും വേണ്ടാ. ദൃശ്യവും, അദൃശ്യവും ആയ ഒട്ടേറെ ശക്തികൾ മത സൗഹാർദത്തിനും, മനുഷ്യർ തമ്മിലുള്ള സാഹോദര്യത്തിനും, സഹിഷ്ണുതക്കും വേണ്ടി നിലകൊണ്ട ഗാന്ധിജിയുടെ ആദർശങ്ങളുടെ ഹിംസ നടത്തിക്കഴിഞ്ഞു. സത്യത്തിനും ധർമ്മത്തിനും യാതൊരു പ്രസക്തിയുമില്ലാത്ത ഇന്നത്തെ കലികാലത്തിൽ ഗാന്ധിജിയെ പോലുള്ള വ്യക്തിത്വങ്ങൾക്ക് വലിയ പ്രസക്തിയുണ്ടെന്ന് തോന്നുന്നില്ല. ഹിന്ദു കാലനിർണയപ്രകാരം ഇപ്പോൾ കലികാലവുമാണല്ലോ.
(ലേഖകന്റെ ഈ അഭിപ്രായങ്ങൾ തീർത്തും വ്യക്തിപരമാണ്. അതിന് ലേഖകന്റെ ജോലിയുമായി ഒരു ബന്ധവുമില്ല)