- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലോകസൗന്ദര്യ കിരീടം ചൂടി മിസ് ചെക്ക് റിപ്പബ്ലിക്ക് ക്രിസ്റ്റിന പിസ്കോവ
മുംബൈ: ലോകസൗന്ദര്യ കിരീടം ചൂടി മിസ് ചെക്ക് റിപ്പബ്ലിക്ക് ക്രിസ്റ്റിന പിസ്കോവ. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 112 സുന്ദരിമാരെ പിന്നിലാക്കിയാണ് മിസ് ചെക്ക് റിപ്പബ്ലിക്ക് കിരീടം ചൂടിയത്. മുംബൈയിൽ നടന്ന ഫൈനലിൽ കഴിഞ്ഞ തവണ മിസ് വേൾഡായ കരോലിന ബിലാവ്സ്ക ക്രിസ്റ്റിനയെ കിരീടമണിയിച്ചു. ക്രിസ്റ്റിനയ്ക്കൊപ്പം മിസ് ബോട്സ്വാന, മിസ് ട്രിനിഡാഡ് ആൻഡ് ടൊബാഗോ, മിസ് ലെബനൻ എന്നിവരാണ് അവസാന റൗണ്ടിലെത്തിയത്. മിസ് ലെബനൻ യാസ്മിൻ സൈതൗണാണ് ഫസ്റ്റ് റണ്ണർ അപ്. മിസ് ഇന്ത്യ സിനി ഷെട്ടിക്ക് അവസാന എട്ടിൽ ഇടം നേടാൻ മാത്രമേ കഴിഞ്ഞുള്ളു.
നിയമത്തിലും ബിസിനസ് അഡ്മിനിസ്ട്രേഷനിലും ഡിഗ്രി പഠനം നടത്തുന്ന ക്രിസ്റ്റീന ഒരു മോഡൽ കൂടിയാണ്. ക്രിസ്റ്റിന പിസ്കോ ഫൗണ്ടേഷൻ എന്ന സന്നദ്ധ സ്ഥാപനവും 24-കാരി നടത്തുന്നുണ്ട്. 28 വർഷത്തിന് ശേഷമാണ് ഇന്ത്യ മിസ് വേൾഡ് മത്സരത്തിന് അതിഥേയത്വം വഹിക്കുന്നത്. ഇന്ത്യയെ പ്രതിനിധീകരിച്ച് 22 കാരിയായ സിനി ഷെട്ടിയാണ് ലോക സുന്ദരി മത്സരത്തിന് എത്തിയത്. 2022-ൽ ഫെമിന മിസ് ഇന്ത്യ വേൾഡ് കിരീടം നേടിയ മുംബൈയിൽ ജനിച്ച ഷെട്ടിക്ക് മത്സരത്തിലെ ആദ്യ നാലിൽ ഇടം നേടാൻ സാധിച്ചില്ല.
ന്യൂഡൽഹിയിൽ നടന്ന പ്രാഥമിക ഘട്ടത്തിൽ വിജയികളായവരിൽ നിന്ന് 40 പേരെയാണ് ഫൈനൽ റൗണ്ടിലേക്ക് ആദ്യം തെരഞ്ഞെടുത്തത്. ഇവരിൽ നിന്ന് 12 പേരെ ഭൂഖണ്ഡാടിസ്ഥാനത്തിൽ തെരഞ്ഞെടുത്തു. പിന്നീട് എട്ടു പേരിലേക്കും നാല് പേരിലേക്കും ചുരുങ്ങി. എല്ലാവരും സാധ്യത കൽപിച്ചിരുന്ന മിസ് ബോട്സ്വാനയെ പിന്തള്ളിയാണ് മിസ് ചെക്ക് റിപ്പബ്ലിക്കിന്റെ കിരീടനേട്ടം.
മിസ് വേൾഡ് ഏഷ്യയായി മിസ് ലെബനൻ യാസ്മിൻ സൈതൗണിനെയാണ് തെരഞ്ഞെടുത്ത്ത്. മിസ് വേൾഡ് ഓഷ്യനായി മിസ് ഓസ്ട്രേലിയ ക്രിസ്റ്റെൻ റൈറ്റും മിസ് വേൾഡ് ആഫ്രിക്കയായി മിസ് ബോട്സ്വാന ലെസെഗോ ചോംബോയും മിസ് വേൾഡ് യൂറോപ്പായി മിസ് ഇംഗ്ലണ്ട് ജെസിക്ക ആഷ്ലേയും മിസ് വേൾഡ് അമേരിക്കാസ് ആയി മിസ് ബ്രസീൽ ലെറ്റീസിയ ഫ്രോട്ടോയും മിസ് വേൾഡ് കരീബിയനായി മിസ് ട്രിനിഡാഡ് ആൻഡ് ടൊബാഗോ ആച്ചെ എബ്രഹാമും കിരീടം ചൂടി.
മത്സരത്തിന്റെ അവസാന ഘട്ടത്തിൽ 12 അംഗ ജഡ്ജിമാരുടെ പാനലാണ് മത്സരാർഥികളെ വിലയിരുത്തിയത്. ചലച്ചിത്ര നിർമ്മാതാവ് സാജിദ് നദിയാദ്വാല, അഭിനേതാക്കളായ കൃതി സനോൻ, പൂജ ഹെഗ്ഡെ, ക്രിക്കറ്റ് താരം ഹർഭജൻ സിങ്ങ്, മാധ്യമ പ്രവർത്തകൻ രജത് ശർമ, സാമൂഹിക പ്രവർത്തക അമൃത ഫഡ്നാവിസ് എന്നിവർ ചടങ്ങിനെത്തിയിരുന്നു.
ചലച്ചിത്ര നിർമ്മാതാവ് കരൺ ജോഹറും മുൻ ലോക സുന്ദരി മേഗൻ യംഗുമായിരുന്നു പരിപാടിയുടെ അവതാരകർ. ഗായകരായ നേഹ കക്കർ, ടോണി കക്കർ, ഷാൻ എന്നിവരുടെ കലാപരിപാടികളും അരങ്ങേറി. സഞ്ജയ് ലീല ബൻസാലിയുടെ വെബ് സീരീസായ ഹീരമാണ്ഡിയിലെ താരങ്ങളും വേദിയിലെത്തി. മനീഷ കൊയ്രാള, സൊണാക്ഷി സിൻഹ, അദിതി റാവു, റിച്ച ഛദ്ദ, ഷർമിൽ സെഗാൾ, സഞ്ജീദ ഷെയ്ഖ് എന്നിവർ മത്സരാർഥികൾക്കൊപ്പം റാംപിൽ ചുവടുവെച്ചു.
മിസ് വേൾഡ് മത്സരവുമായി ബന്ധപ്പെട്ട ടാഗ്ലൈനായ 'ബ്യൂട്ടി വിത്ത് പർപ്പസ്' എന്നതിന്റെ പ്രാധാന്യം ഉയർത്തിക്കാട്ടുന്ന പ്രിയങ്ക ചോപ്രയുടെ വീഡിയോ സന്ദേശവും ഫൈനലിൽ പ്ലേ ചെയ്തു.
സഞ്ജയ് ലീല ബൻസാലിയുടെ വെബ് സീരീസായ ഹീരമാണ്ഡി: ദി ഡയമണ്ട് ബസാറിലെ താരങ്ങളായ മനീഷ കൊയ്രാള, സൊനാക്ഷി സിൻഹ, അദിതി റാവു ഹൈദാരി, റിച്ച ഛദ്ദ, ഷർമിൻ സെഗാൾ, സഞ്ജീദ ഷെയ്ഖ് എന്നിവരും ഫൈനലിലെ 13 മിസ് വേൾഡ് മത്സരാർത്ഥികളും ഒന്നിച്ചാണ് വേദിയിൽ എത്തിയത്.
28 വർഷങ്ങൾക്ക് ശേഷമാണ് മിസ് വേൾഡ് മത്സരം ഇന്ത്യയിൽ നടക്കുന്നത്. 1996ൽ ബെംഗളൂരുവിലാണ് ഇതിന് മുമ്പ് ഇന്ത്യയിൽ മിസ് വേൾഡ് മത്സരം നടന്നത്. 88 മത്സരാർഥികളാണ് അന്ന് മാറ്റുരച്ചത്. ഗ്രീസിൽ നിന്നുള്ള ഐറിൻ സ്ക്ലിവയയെ അന്ന് ലോകസുന്ദരിയായി തിരഞ്ഞെടുത്തു.