- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Money
- /
- INVESTMENTS
സൈക്കിൾ ചവിട്ടി ആകാശത്ത് കൂടി പോകാം; ആവേശം വർധിപ്പിക്കാൻ സിപ്‌ലൈനും; സാഹസികതയുടെ പുത്തൻ അനുഭവങ്ങൾ സമ്മാനിച്ച് ആക്കുളത്തെ ടൂറിസം വില്ലേജ്; ജില്ലയിലെ ആദ്യത്തെ സാഹസിക വിനോദ സഞ്ചാര കേന്ദ്രത്തിലെ കാഴ്‌ച്ചകൾ കാണാം
തിരുവനന്തപുരം: ആക്കുളം തടാകത്തിന്റെ തീരത്തുള്ള ആക്കുളം ഗ്രാമം തെക്കൻ കേരളത്തിലെ ദൃശ്യ മനോഹരമായ വിനോദ സഞ്ചാര കേന്ദ്രമാണ്.പ്രശാന്തമായ അന്തരീക്ഷമാണ് സഞ്ചാരികളെ പ്രദേശത്തോട്ടു ആകർഷിക്കുന്ന പ്രധാനഘടകം. തിരുവനന്തപുരം നഗരത്തിൽ നിന്നും പത്തു കിലോമീറ്റർ ദൂരെയാണ് ആക്കുളം. കുട്ടികൾക്കായുള്ള പാർക്ക്, നീന്തൽ കുളം, മുതിർന്നവർക്കുള്ള നീന്തൽ കുളം ഇവയെല്ലാം ആക്കുളത്തെ ആകർഷണീയതകളാണ്.ആദ്യകാലത്തെ പരാധീനതകളെ മാറ്റി കഴിഞ്ഞ വർഷം നവംബറോടെയാണ് ഇന്ന് കാണുന്ന പ്രൗഡിയിലേക്ക് ആക്കുളം ടൂറിസ്റ്റ് വില്ലേജ് മിഴി തുറന്നത്.
തിരുവനന്തപുരത്തെത്തുന്നവർക്ക് ആഡ്വഞ്ചർ ടൂറിസത്തിന്റെ സാധ്യത കൂടി തുറക്കുകയാണ് ആക്കൂളം ടുറിസ്റ്റ് വില്ലേജ്.ഏതു പ്രായക്കാർക്കും വളരെ രസകരമായി ആസ്വദിക്കുവാൻ സാധിക്കുന്ന സാഹസിക വിനോദങ്ങളും കൗതുക കാഴ്ചകളുമായി പ്രവർത്തിക്കുന്ന ആക്കുളം ടൂറിസ്റ്റ് വില്ലേജ് തിരുവനന്തപുരം ജില്ലയിലെ ആദ്യത്തെ സാഹസിക വിനോദ സഞ്ചാര കേന്ദ്രം കൂടിയാണ്.വിസ്മയ കാഴ്ചകളും സാഹസികതയുടെ പുത്തൻ അനുഭവങ്ങളുമായാണ് ആക്കുളം സന്ദർശകരെ മാടിവിളിക്കുന്നത്.ആകാശ സൈക്കിളിങ് മുതൽ മ്യൂസിക്കൽ ഫൗണ്ടൈൻ വരെയാണ് ഇവിടെ സന്ദർശകർക്കായി ഒരുക്കിയിരിക്കുന്നത്.
ആകാശ സൈക്കിളിങ്, സിപ് ലൈൻ, ബലൂൺ കാസിൽ, ബർമാ ബ്രിഡ്ജ്, ബാംബൂ ലാഡർ, ഫിഷ് സ്പാ, കുട്ടികൾക്കായുള്ള ബാറ്ററി കാറുകൾ എന്നിവയ്‌ക്കൊപ്പം ഇന്ത്യയിലെ ആദ്യത്തെ മ്യൂസിക്കൽ ഫയർ ഫൗണ്ടനും ഇവിടെയുണ്ട്. ഇതോടൊപ്പം അഡ്വഞ്ചർ പാർക്കും ചിൽഡ്രൻസ് പാർക്കും ഇവിടത്തെ ആകർഷണീയതായാണ്.പാർക്കിങ്ങിൽ തുടങ്ങുന്ന മനോഹാരിത പ്രദേശം പൂർണ്ണമാകുന്നത് വരെ അധികൃതർ കാത്ത് സൂക്ഷിച്ചിട്ടുണ്ട്.അഡ്വഞ്ചർ ടൂറിസത്തിന് പ്രധാന്യം നൽകുന്നതുകൊണ്ട് തന്നെ സുരക്ഷയുടെ കാര്യത്തിലും ഒരു വിട്ടുവീഴ്്ച്ചയും ഉണ്ടായിട്ടുമില്ല.
ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലാണ് ആക്കുളത്ത് സാഹസിക വിനോദങ്ങൾ ഒരുക്കിയിരിക്കുന്നത്.തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ നിന്നും പത്ത് കിലോമീറ്റർ ദൂരത്തിൽ, ഉള്ളൂർ-ആക്കുളം റോഡിൽ ആണ് ആക്കുളം ടൂറിസ്റ്റ് വില്ലേജ് സ്ഥിതി ചെയ്യുന്നത്.അവധി ദിനങ്ങളിൽ ആയിരത്തിന് മുകളിലും മറ്റ് ദിനങ്ങളിൽ ആയിരം വരെയുമാണ് ഇവിടുത്തെ സന്ദർശകരുടെ എണ്ണമെന്നും അധികൃതർ പറയുന്നു.
മറുനാടന്‍ മലയാളി ബ്യൂറോ