യാത്രയുടെ അന്ത്യത്തിൽ ലക്ഷ്യസ്ഥാനത്തെത്തി ബാഗേജ് ഹാളിലെത്തുന്മ്പോൾ നിങ്ങൾക്കൊപ്പം വിമാനത്തിൽ കയറ്റിയ ലഗേജ് കാണാൻ സാധിച്ചില്ലെങ്കിൽ നിങ്ങൾ എത്രമാത്രം വിഷമിക്കും? സാധാരണ ഗതിയിൽ എയർലൈനുകൾ നഷ്ടപ്പെട്ട ബാഗേജ് കണ്ടെത്തി നിങ്ങളെ ഏൽപിക്കുമെങ്കിലും, ബാഗേജ് എവിടെയാണെന്ന് അറിയാൻ കഴിയുന്നത് തീർച്ചയായും ആശ്വാസകരമായ ഒന്നായിരിക്കും. ഇതിന് സഹായിക്കുന്ന, ആപ്പിൾ എയർ ടാഗുകൾ ഇപ്പോൾ വിമാന യാത്രക്കാർക്കും ജീവനക്കാർക്കും ഒരുപോലെ പ്രിയങ്കരങ്ങൾ ആവുകയാണ്.

സിസിൻതെസ്‌കി എന്ന ടിക്ടോക്ക് പേജിലൂടെ ട്രാവൽ ടിപ്പുകൾ പങ്കുവയ്ക്കുന്ന അമേരിക്കൻ ഫ്ളൈറ്റ് അറ്റൻഡന്റായ സിസിയാണ് ഇപ്പോൾ ആപ്പിൾ എയർ ടാഗിന്റെ പ്രാധാന്യം അറിയിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുന്നത്. നിങ്ങളുടെ ലഗേജിനകത്തേക്ക് എളുപ്പത്തിൽ വയ്ക്കാവുന്ന ഒരു ചെറിയ ലോഹ കഷണമാണ് ആപ്പിൾ എയർ ടാഗ്. അതല്ലെങ്കിൽ അതിനെ നിങ്ങളുടെ താക്കോൽക്കൂട്ടവുമായി ബന്ധിപ്പിക്കാനോ, കാർ നിർത്തിയിട്ട് പോകുമ്പോൾ അതിനുള്ളിൽ വയ്ക്കുവാനോ കഴിയും.

ആപ്പിൾ ഫോണിലെ ഫൈൻഡ് മൈ നെറ്റ്‌വർക്ക് ഉള്ള, അടുത്തുള്ള ഉപകരണങ്ങൾക്ക് കണ്ടുപിടിക്കാൻ കഴിയുന്ന ബ്ലൂടൂത്ത് സിഗ്‌നലുകൾ അയച്ചുകൊണ്ടാണ് ഈ ഉപകരണം പ്രവർത്തിക്കുന്നത്. അതായത്, എയർ ടാഗുകൾ, തങ്ങളുടെ ലൊക്കേഷൻ ഐ ക്ലൗഡിലേക്ക് അയയ്ക്കും എന്ന് ചുരുക്കം. നിങ്ങളുടെ ഐഫോണിലുള്ള ഫൈൻഡ് മൈ ആപ്പ് ഉപയോഗിച്ച് അതിന്റെ ലൊക്കെഷൻ ഏതാണെന്ന് നിങ്ങൾക്ക് കണ്ടെത്തുവാൻ കഴിയും. നിങ്ങളുടെ എയർ ടാഗ് എവിടെയാണെന്ന് കൃത്യമായി കാണിക്കുന്ന മാപ്പിന്റെ രൂപമായിരിക്കും തെളിഞ്ഞു വരിക.

അതുകൊണ്ടു തന്നെ, നിങ്ങൾ അടുത്ത തവണ വിമാനയാത്ര ചെയ്യുമ്പോൾ, യാത്രയ്ക്ക് മുൻപായി നിങ്ങളുടെ എയർ ടാഗ് ലഗേജിനകത്ത് വയ്ക്കാൻ സിസി ആവശ്യപ്പെടുന്നു. ആപ്പ് തുറന്ന്, നിങ്ങളുടെ ലഗേജ് എവിടെയുണ്ടെന്നുള്ളത് നിങ്ങൾക്ക് കൃത്യമായി മനസ്സിലാക്കുവാൻ കഴിയും. എന്നാൽ, മറ്റുള്ളവർക്ക് കണ്ടുപിടിക്കാൻ കഴിയാത്തവിധം വേണം അത് നിങ്ങളുടെ ലഗേജിൽ ഒളിപ്പിച്ചു വയ്ക്കാൻ എന്നും സിസി പറയുന്നു. എയർ ടാഗ് ഉപയോഗിച്ച നിരവധി യാത്രക്കാരും തങ്ങളുടെ അനൂഭവങ്ങൾവീഡിയോയ്ക്ക് കീഴിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.