- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Money
- /
- INVESTMENTS
ഇരിക്കേണ്ടത് പുറകിലെ സീറ്റിൽ; ഭക്ഷണം സൂക്ഷിക്കുന്നതിന്റെ സമീപത്ത് പോലും പോകരുത്; എളുപ്പം ധരിക്കാവുന്ന പാദരക്ഷകൾ ഉപയോഗിക്കുക; വിമാനയാത്രയിലെ സുരക്ഷയ്ക്കുള്ള ടിപ്പുകൾ നല്കി ഒരു പൈലറ്റ്
ലണ്ടൻ: വിമാനയാത്രയിലെ സുരക്ഷിതത്വം ഈയടുത്ത കാലത്തായി ഏറെ ചർച്ച ചെയ്യപ്പെടുന്ന ഒരു വിഷയമാണ്. അതിനിടയിലാണ് പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരു പൈലറ്റ് ചില സുരക്ഷാ ടിപ്പുകളുമായി രംഗത്തെത്തുന്നത്. ഡെയ്ലി മെയിലിനോടാണ് ഈ പൈലറ്റ് സംസാരിച്ചത്. വാണിജ്യ വ്യോമയാന മേഖലയിൽ 10 വർഷത്തെ അനുഭവ പരിചയമുള്ള ഈ പൈലറ്റ് ലോകത്തിലെ തന്നെ ഏറ്റവും വലിയ വിമാന കമ്പനികളിൽ ഒന്നിലാണ് ജോലി ചെയ്യുന്നത് എന്ന് ഡെയ്ലി മെയിൽ പറയുന്നു.
വിമാനയാത്ര ചെയ്യുമ്പോൾ ഭൂരിഭാഗം ആളുകളും സൗകര്യപ്രദമായ ഷൂസ് ആയിരിക്കും ധരിക്കുക. ചിലർ പക്ഷെ ഹീൽസ് അല്ലെങ്കിൽ സ്മാർട്ട് ഫൂട്ട്വെയർ ഇഷ്ടപ്പെടും. എന്നാൽ, വിമാനയാത്രക്കായി പാദരക്ഷ തിരഞ്ഞെടുക്കുമ്പോൾ, സംഭവിക്കാൻ ഇടയുള്ള ഏറ്റവും മോശപ്പെട്ട സാഹചര്യം പരിഗണിച്ചു വേണം അത് ചെയ്യാൻ എന്ന് ഈ പൈലറ്റ് നിർദ്ദേശിക്കുന്നു. എളുപ്പത്തിൽ ധരിക്കാവുന്നതും, അടിയന്തര ഘട്ടങ്ങളിൽ ധരിച്ചുകൊണ്ട് ദീർഘദൂരം നടന്ന് യാത്ര ചെയ്യാൻ സൗകര്യമൊരുക്കുന്നതുമായ പാദരക്ഷകൾ തിരഞ്ഞെടുക്കാനാണ് അദ്ദേഹം പറയുന്നത്.
അതുപോലെ ബ്രേസ് പൊസിഷനുകൾ ആളുകൾ പെട്ടെന്ന് മരണപ്പെടാൻ ഇടയാക്കുമെന്ന് ഒരു വിശ്വാസം പരക്കെയുണ്ട്. ഇത് തീർത്തും തെറ്റാണെന്ന് അദ്ദേഹം പറയുന്നു. ഒരു അപകടമുണ്ടാകുമ്പോൾ അതിന്റെ ആഘാതം നിങ്ങളുടെ ശരീരത്തിൽ ഏൽക്കുന്നത് പരമാവധി കുറയ്ക്കുന്നതിനാണ് ഇത് സഹായിക്കുക. മാത്രമല്ല, വിമാനത്തിന്റെ പുറകിലെ സീറ്റുകളാണ് കൂടുതൽ സുരക്ഷിതമെന്നും അദ്ദേഹം പറയുന്നു. വിമാനത്തിന്റെ പുറകിലെ മൂന്നിൽ രണ്ട് ഭാഗത്ത് ഉറപ്പിച്ചിരിക്കുന്ന സീറ്റുകളാണ് ഏറ്റവും സുരക്ഷിതം.
ഈ ഭാഗമാണ് വിമാനത്തിന്റെ ഏറ്റവും ശക്തമായ ഭാഗം., അതിനാൽ തന്നെ അപകടത്തിന്റെ ആഘാതം ഇവിടെ താരതമ്യേന കുറവായിരിക്കും. വിമാനത്തിന് കുലുക്കമോ മറ്റൊ അനുഭവപ്പെട്ടാൽ ഉടനടി സീറ്റ് ബെൽറ്റ് ധരിക്കണമെന്നും അദ്ദേഹം നിർദ്ദേശിക്കുന്നു. അതുപോലെ നിങ്ങളുടെ കൂടെ കരുതുന്ന ബാഗിൽ സാധനങ്ങൾ കുത്തി നിറക്കരുത്. മദ്യം പോലുള്ള ഡ്യുട്ടി ഫ്രീ സാധനങ്ങൾ വാങ്ങിയാൽ അത് ഓവർഹെഡ് ബിനിൽ സുരക്ഷിതമായി വയ്ക്കണം.
ഉയരം കൂടുന്തോറും രക്തത്തിലെ ഓക്സിജന്റെ അളവിൽ കുറവുണ്ടാകുന്നതിനാൽ, മദ്യപിക്കുമ്പോൾ അതിവേഗം തലക്ക് പിടിക്കാൻ ഇടയുണ്ട്. അതുകൊണ്ട് ഓരോ ഡ്രിങ്കിനും ശേഷം വെള്ളം കുടിക്കണം. ഈർപ്പത്തിന്റെ അഭാവത്തിൽ ശരീരത്തിൽ നിർജ്ജലീകരണം സംഭവിക്കാതിരിക്കാനും ഇത് സഹായിക്കും. ശുചിമുറിയിലെ കൂർത്ത മുനയുള്ള വസ്തുക്കൾ ശ്രദ്ധിക്കണം. അതുപോലെ ഭക്ഷണം തയ്യാറാക്കുന്ന ഗാലി ഏരിയയിൽ കത്തിപോലുള്ള മൂർച്ഛയേറിയ ഉപകരണങ്ങൾ ഉണ്ടാകാൻ ഇടയുള്ളതുകൊണ്ട് ആ ഭാഗത്തേക്ക് പോകുന്നത് കഴിയുന്നതും ഒഴിവാക്കണമെന്നും അദ്ദേഹം നിർദ്ദേശിക്കുന്നു.
മറുനാടന്‍ ഡെസ്‌ക്