വിടെയാണെങ്കിലും സേവനം നൽകുന്ന വ്യക്തികൾക്ക് ടിപ് നൽകുന്നത് പൊതുവെ മാന്യതയുടെ ലക്ഷണമായിട്ടാണ് സമൂഹം വിലയിരുത്തപ്പെടുന്നത്. റെസ്റ്റോറന്റിലായാലും ടാക്സിയിലായാലുമൊക്കെ, അവർ നൽകിയ സേവനത്തിനുള്ള അഭിനന്ദനമായി കൂടി ടിപ് വിലയിരുത്തപ്പെടുന്നു. മാത്രമല്ല, പലപ്പോഴും, ടിപ്പായി നൽകുന്ന തുക കുലീനതയുടെ അളവുകോലായി പോലും കാണാറുമുണ്ട്. എന്നാൽ, എല്ലാ സമൂഹങ്ങളും ടിപ്പിനെ സമീപിക്കുന്നത സമാനമായ ധാരണകളോടെയല്ല എന്നറിയുക.

ആസ്ട്രേലിയയിൽ ടിപ്പ് ലഭിക്കുമെന്ന് ആരും പ്രതീക്ഷിക്കാറില്ല എന്ന് മാത്രമല്ല, അത് നൽകാൻ ശ്രമിക്കുന്നവരെ ഒരല്പം ദേഷ്യത്തോടെ മാത്രമെ ജീവനക്കാർ നോക്കുകയുമുള്ളു. ഇവിടത്തെ പല വൻ നഗരങ്ങളിലും ബില്ലിനൊപ്പം 10 ശതമാനം സർവ്വീസ് ചാർജ്ജായി കൂടുതൽ ചേർക്കുകയാണ് പതിവ്. അതുപോലെ തന്നെ സ്വിറ്റ്സർലൻഡിലും, ടിപ്പ് നൽകുന്ന പതിവില്ല. ഇവിടെയും നിങ്ങൾ വാങ്ങുന്ന സാധനങ്ങളുടെ അല്ലെങ്കിൽ സേവനത്തിന്റെ വിലയ്ക്കൊപ്പം സർവ്വീസ് ചാർജ്ജ് കൂടുതലായി ഈടാക്കും. സേവനം ഇഷ്ടപ്പെട്ടാൽ, നിങ്ങൾക്ക് അവരോട് നന്ദി പ്രകടിപ്പിക്കാം, വാക്കുകളിലൂടെ മാത്രം.

അതേസമയം, അർജന്റീനയിൽ ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും ജോലി ചെയ്യുന്ന ജീവനക്കാർക്ക് ടിപ്പ് നൽകുന്നത് 2004 - ലെ ലേബർ നിയമപ്രകാരം കുറ്റകരമാണ്. എന്നാൽ, ആരും ടിപ്പ് കൊടുക്കാറില്ല എന്നും അത് സ്വീകരിക്കാറില്ല എന്നും കരുതേണ്ട. ഈ നിയമം ഇതുവരെ ഇവിടെ കർശന്മായി നടപ്പിലാക്കിയിട്ടില്ല. ഒരു ശരാശരി അർജന്റീനിയൻ വെയ്റ്ററുടെ വരുമാനത്തിന്റെ 40 ശതമാനത്തോളം ടിപ്പാണ് എന്നാണ് വസ്തുത.

ബെൽജിയത്തിൽ സാമാന്യം ഭേദപ്പെട്ട വേതനം ലഭിക്കുന്നതിനാൽ ടിപ്പ് ആരും പ്രതീക്ഷിക്കുന്നില്ല. എന്നാൽ, ടിപ്പ് നൽകിയതിന്റെ പേരിൽ ആരും നിങ്ങളെ അധിക്ഷേപിക്കുകയോ റെസ്റ്റോറന്റിൽ നിന്നും ഇറക്കി വിടുകയോ ചെയ്യില്ല.ഫ്രഞ്ച് പോളിനേഷ്യയിൽ ആരും ടിപ്പ് പ്രതീക്ഷിക്കുന്നില്ല. സേവനം ഇഷ്ടപ്പെട്ടാൽ വാക്കാൽ നന്ദി പറയുക. പല റെസ്റ്റോറന്റുകളിലും ബില്ലുകൾക്ക് ഒപ്പം ടിപ്പ് നൽകരുതെന്ന നിർദ്ദേശവും ഉപഭോക്താക്കൾക്ക് നൽകും.

സിംഗപ്പൂരിൽ ഭക്ഷണം കഴിച്ചു കഴിയുമ്പോഴോ, ടാക്സിയിൽ യാത്ര ചെയ്ത് കഴിയുമ്പോഴോ ഒരു ചെറിയ തുക ടിപ് ആയി നൽകിയാൽ അത് വലിയ കുറ്റമൊന്നും അല്ലെങ്കിലും , ഈ ദ്വീപ് രാജ്യത്ത് ടിപ് ഒരു ജീവനോപാധിയല്ല എന്ന് സർക്കാരിന്റെ വെബ്സൈറ്റിൽ കൃത്യമായി പറയുന്നുണ്ട്.

അതേസമയം, ജപ്പാൻ, ചൈന, ദക്ഷിണ കൊറിയ എന്നീ മൂന്നു രാജ്യങ്ങളിൽ, ടിപ്പ് നൽകുന്നത് ജീവനക്കാരെ അപമാനിക്കുന്നതിന് തുല്യമാണ്. ജാപ്പനീസ് സംസ്‌കാരമനുസരിച്ച് ടിപ് നൽകുന്നത് മുഖത്ത് അടിക്കുന്നതിന് തുല്യമാണ്. തൊഴിൽ എടുക്കുന്നത് അഭിമാനമായി കരുതുന്നവരാണ് ജാപ്പനീസ് ജനത. അതിനുള്ള നിശ്ചിത വരുമാനത്തിനു പുറമെ മറ്റുള്ളവരുടെ ഔദാര്യം സ്വീകരിക്കുന്നത് അപമാനമായി അവർ കരുതുന്നു.മാത്രമല്ല, ടിപ്പു നൽകുക വഴി, സേവനദാതാക്കൾക്ക് മതിയായ വരുമാനം ഇല്ലെന്നു കൂടി സ്ഥാപിക്കാൻ ശ്രമിക്കുകയാണെന്ന് അവർ കരുതുന്നു. അത് രാജ്യത്തോടും തങ്ങളുടെ തൊഴിലുടമയോടുമുള്ള വെല്ലുവിളിയായാണ് അവർ സ്വീകരിക്കുക.

ചൈനയിൽ ടിപ് നൽകുന്നത് അപമാനകരമായി കരുതും എന്ന് മാത്രമല്ല്, നിയമം അതിനെ നോക്കി കാണുന്നത് കൈക്കൂലി എന്ന നിലയിലാണ്. എന്നാൽ, ടൂർ ഗൈഡുകൾക്കും ടൂർ ബസ്സ് ഡ്രൈവർമാർക്കും ടിപ് നൽകുന്നതിന് തടസ്സമില്ല. ജപ്പാനേയും ചൈനയേയും പോലെ ടിപ് ഒരു അപമാനമായി കാണുന്നവരാണ് ദക്ഷിണ കൊറിയൻ ജനതയും.