- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോവിഡ് കാലത്തെ വിരസത മാറ്റാൻ ആരംഭിച്ച കേക്ക് നിർമ്മാണം; കൈപ്പൂണ്യം കേട്ടറിഞ്ഞ് രൂചി തേടിയെത്തിയത് സാക്ഷാൽ ടോവിനോ തോമസ് ഉൾപ്പടെയുള്ള സെലിബ്രിറ്റികൾ; രുചിലോകത്തെ സൂപ്പർ ഹീറോയിനിലേക്ക് കുതിക്കുന്ന സുവൈബത്തുൽ അസ്ലമിയയുടെ വിശേഷങ്ങൾ
മലപ്പുറം:നടൻ ടോവിനോ തോമസിന്റെ വെഡിങ് ആനിവേഴ്സറിക്കു സ്‌പെഷ്യൽകേക്കുണ്ടാക്കി നൽകിയ സുന്ദരി.കോഴിക്കോട് ഇരിങ്ങണ്ണൂരിലെ സുവൈബത്തുൽ അസ്ലമിയ ഇന്ന് സൂപ്പർ ഹീറോയിനായിമാറിക്കൊണ്ടിരിക്കുകയാണ്.രുചി കൊണ്ടും വൈവിധ്യം കൊണ്ട് പ്രശസ്തമായ 'ഐന അമാൽ ബേക്ക്' എന്ന ബ്രാൻഡ് നെയിം കേരളത്തിന് സമ്മാനിച്ച ഈ ഇരുപത്തിയാറുകാരി പക്ഷെ ചില്ലറക്കാരിയല്ല. ഒരു വർഷം കൊണ്ട് അയ്യായിരത്തിലേറെ കേക്കുകൾ നിർമ്മിച്ച് ആളുകളുടെ മനസ്സ് നിറച്ച ഈ യുവതി മുന്നേ വാർത്തകളിൽ താരമായിരുന്നു.സാധാരണക്കാരുടെയും സെലിബ്രറ്റികളുടെയും പ്രശംസ ഒരേപോലെ കൈപ്പറ്റിയ അസ്ലമിയയും അവളുടെ കേക്കും സോഷ്യൽ മീഡിയയിൽ പണ്ടേ ഹിറ്റാണ്.
ഇന്ന് എണ്ണമറ്റ ഫോളോവേഴ്സുള്ള ഇൻസ്റ്റ സെലിബ്രറ്റി കൂടിയാണ് അസ്ലമിയ.കോയമ്പത്തൂരിലെ സി.എം.എസ് കോളേജിൽ ബയോകെമിസ്ട്രിയിൽ ഏറ്റവും ഉയർന്ന മാർക്ക് വാങ്ങിയ ഈ മിടുക്കി രുചിക്കൂട്ടുകളുടെ രസതന്ത്രം തീർക്കണമെന്നത് ഒരു പക്ഷെ കാലത്തിന്റെ കാവ്യനീതിയാവാം.ഇരിങ്ങണ്ണൂരിലെ പാലാപറമ്പത്തെ മൊയ്തുവിന്റേയും ശരീഫയുടെയും മകളായ അസ്ലമിയ കേക്കിന്റെ ലോകത്തേക്ക് എത്തിയത് പക്ഷെ തികച്ചും ആകസ്മികമായാണ്. ആദ്യം തൊട്ടേ പാചകം ഇഷ്ട മേഖലയായിരുന്നു. ഭർത്താവ് വില്ല്യാപ്പള്ളി പടിഞ്ഞാറയിൽ ഷരീഖിന്റെ കൂടെ ബഹ്റൈനിലായിരുന്ന സമയത്ത് എഫ്.എം റേഡിയോയിൽ പുതിയ രുചി വൈവിധ്യങ്ങൾ അവതരിപ്പിച്ചിരുന്നതും അതുകൊണ്ടുതന്നെയാണ്.
അങ്ങനെയിരിക്കെ രണ്ടാമത്തെ പ്രസവത്തിനായി നാട്ടിലെത്തിയപ്പോഴാണ് കോവിഡും ലോക്‌ഡൗണുമൊക്കെ പിടിമുറുക്കുന്നത്. ഒന്നും ചെയ്യാനില്ലാതിരുന്ന നാളുകളിൽ ഒഴിവുവേളകൾ ആനന്ദകരമാക്കണമെന്ന തോന്നലിൽ നിന്നാണ് കേക്ക് നിർമ്മാണത്തിലേക്ക് കടന്നത്. ആദ്യമൊക്കെ ബന്ധുക്കളും അയൽവാസികളും മാത്രമായിരുന്നു കേക്കിന്റെ ഉപഭോക്താക്കൾ. പക്ഷെ അസ്ലമിയയുടെ സഹോദരനും ഭർത്താവും കേക്കിന്റെ വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചപ്പോൾ ആവശ്യക്കാർ ഏറി. കേക്കിന്റെ രുചി ഒരുവട്ടം അറിഞ്ഞവർ വീണ്ടും വീണ്ടും തേടിയെത്തി. അങ്ങനെയാണ് 'ഐന അമാൽ ബേക്ക്' എന്ന ബ്രാൻഡ് ഉണ്ടായത്.
ഇപ്പോൾ കാസർകോട്, കണ്ണൂർ, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ആഘോഷങ്ങൾ ഉഷാറാക്കണമെങ്കിൽ അസ്ലമിയയുടെ കേക്ക് കൂടിയേ തീരൂ എന്ന അവസ്ഥയാണ്.തൊട്ടതെല്ലാം പൊന്നാക്കുന്ന അസ്ലമിയ, നേര് പറഞ്ഞാൽ കൈവെക്കാത്ത മേഖലകളില്ല . പ്രവാസികൾ മക്കൾക്കും ബന്ധുക്കൾക്കും സർപ്രൈസ് ഗിഫ്‌റ് കൊടുക്കാനും വിവാഹ വീട്ടിലേക്കുള്ള സമ്മാനപ്പൊതി നൽകാനും അസ്ലമിയയെയാണ് ആശ്രയിക്കുന്നത്. വിവാഹത്തിനൊരുങ്ങുന്നു വധുവിന് വേണ്ട വസ്ത്രങ്ങളും ആഭരങ്ങളുമടക്കം സമ്മാനിക്കാൻ അസ്ലമിയ ഒരുക്കുന്ന ഗിഫ്റ്റ് ഹാമ്പറുകൾക്കും നല്ല ഡിമാന്റാണ്. ഇതിനൊക്കെ പുറമെ ബർത്തഡേ, വെഡിങ് ഇവന്റുകളൊക്കെ കളറാക്കി നടത്തിക്കൊടുക്കുന്ന ഏർപ്പാടും ഉണ്ട്. കേക്കിനോടൊപ്പം തന്നെ അടിപൊളി ചോക്‌ളറ്റ്‌സും ഉണ്ടാക്കിക്കൊടുക്കുണ്ട്.
ജീവിതത്തിന്റെ ഓരോ നിമിഷവും മധുരം കഴിച്ച് ആഘോഷിക്കുന്നതാണ് ഇപ്പോഴത്തെ ട്രെന്റ്. അതിന്റെ മാറ്റ് കുറയാതെ നിലനിൽക്കുന്നത് അസ്ലമിയയെപ്പോലെയുള്ള മിടുക്കികൾ സ്‌നേഹത്തോടെയും പാഷനോടെയും ഉണ്ടാക്കുന്ന അതി മനോഹരമായ, അതീവ രുചികരമായ കേക്കുകൾ വഴിയാണ്. ഐന മെഹക്, നൈല ലൈബ അമാൽ എന്നീ കുഞ്ഞുസുന്ദരികളുടെ ഉമ്മ കൂടിയായ സുവൈബത്തുൽ അസ്ലമിയ ആഘോഷങ്ങൾ ഉള്ളിടത്തൊക്കെയും നിറപുഞ്ചിരിയോടെ സജീവമാണ്.
'ഐന അമാൽ ബേക്ക്' സെലിബ്രറ്റികൾക്കിടയിലും ഏറെ പോപ്പുലറാണ്. അങ്ങനെയാണ് ടോവിനോ അസ്ലമിയയെ കോൺടാക്ട് ചെയ്തത്. കേക്കിന്റെ സ്ഥിരം കസ്റ്റമർ കൂടിയായ മലയാളികളുടെ പ്രിയ സംവിധായകൻ ഒമർ ലുലു, കട്ട സപ്പോർട്ട് നൽകുന്ന അസ്ലമിയയുടെ ഏറ്റവും അടുത്ത സുഹൃത്താണ് . ടെലിവിഷൻ രംഗത്തെ സെൻസേഷനുകളായ കല്ലു, മാത്തു, ഷിയാസ് കരീം എന്നിങ്ങനെ സംതൃപ്തരായ ഒത്തിരി താരങ്ങളാണ് അസ്ലമിയയുടെ ഏറ്റവും വലിയ സമ്പാദ്യം. ഇവർ നൽകുന്ന സ്‌നേഹവും കരുതലും തന്റെ വളർച്ചയ്ക്ക് കാരണമായിട്ടുണ്ടെന്ന് അസ്ലമിയ തന്നെ പറയുന്നു.
ആളുകൾക്കിടയിൽ അറിയപ്പെടുന്നതിന്റെയും സ്‌നേഹിക്കപ്പെടുന്നതിന്റെയും ആഹ്ലാദം കൂടിയുണ്ട് ഇപ്പോൾ. അതുകൊണ്ട് തന്നെ പെയ്ഡ് പ്രൊമോഷന് വേണ്ടി ഒരുപാട് പേർ അസ്ലമിയയെ സമീപിക്കുന്നുണ്ട്. ഒത്തിരി പരിപാടികളിൽ മുഖ്യാതിഥിയായി വിളിക്കപ്പെടുന്നതിന്റെ സന്തോഷം വേറെയുമുണ്ട്.ഇൻസ്റ്റയിൽ മാത്രമല്ല നാട്ടിലും അസ്ലമിയ സെലിബ്രറ്റിയാണ്. എവിടെച്ചെന്നാലും കാണുമ്പോഴേക്കും ഓടിവരാനും വിശേഷങ്ങളന്വേഷിക്കാനും ചേർത്തുനിർത്തി ഫോട്ടോസ് എടുക്കാനും ആരാധനയോടെ നോക്കാനും ആളുകളുണ്ട് എന്നത് തന്നെയാണ് അതിന് തെളിവ്.
മോഡലിംഗിനോടും ഒടുങ്ങാത്ത പാഷനുള്ള അസ്ലമിയയ്ക്ക് ഇതിനോടകം തന്നെ നിരവധി സിനിമകളിലേക്ക് നായികയായിത്തന്നെ ക്ഷണം വന്നിട്ടുണ്ട്. ആൽബങ്ങളിലേക്കും പരസ്യങ്ങളിലേക്കുമുള്ള വിളികൾ വേറെയുമുണ്ട്. ഇനി കൈവെക്കാനുള്ളതും അഭിനയത്തിലാണ്. ബിഗ് സ്‌ക്രീനിൽ, സിനിമയിൽ 'സുവൈബത്തുൽ അസ്ലമിയ' തിളങ്ങി നിൽക്കുന്ന കാലം വിദൂരമല്ലെന്നുറപ്പാണ്.'ഐന അമാൽ ബേക്സും' ഇന്നീ കാണുന്ന പ്രശസ്തിയും ഒരു സുപ്രഭാതത്തിൽ സംഭവിച്ചതല്ല. കാലിക്കറ്റിൽ ഏറ്റവും കൂടുതൽ വില്പനയുള്ള കേക്ക് നിർമ്മാതാവായതും പൊടുന്നനെയല്ല. നിരന്തരമായ കഠിനാധ്വാനത്തിന്റെയും അർപ്പണ മനോഭാവത്തിന്റെയും ബാക്കിപത്രമാണിത്.
ഒരു പോള കണ്ണടക്കാത്ത, ബേക്ക് ചെയ്ത് നേരം പുലർന്ന എത്രയോ ദിവസങ്ങൾ കടന്നുപോയിട്ടുണ്ട്. ചില സമയങ്ങളിൽ, സീസണുകളിൽ ബൾക്ക് ഓർഡറുകൾ തേടിവരാറുണ്ട്.ബേക്കിങിന് വേണ്ട പർച്ചേഴ്സ് തൊട്ടിങ്ങോട്ട് പാക്കിങ് വരെയുള്ള കാര്യങ്ങളൊക്കെയും അസ്ലമിയ തനിച്ച് തന്നെയാണ് ചെയ്യുന്നത്. പ്രോഡക്റ്റ് ആവശ്യക്കാരിലേക്കെത്തിക്കുന്നത് അഞ്ച് ഡെലിവറി ബോയ്‌സിന്റെ സഹായത്തോടെയാണ്.
ഇത്ര ചെറിയ പ്രായത്തിൽ സ്വയം സംരഭകയാവുകയെന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. നമുക്ക് വേണ്ടി നമ്മൾ മാറ്റിവെക്കുന്ന സമയമാണ് നമ്മുടെ ഏറ്റവും വലിയ സമ്പാദ്യമെന്ന് തന്നെയാണ് അസ്ലമിയയുടെ നേട്ടങ്ങൾ പകർന്നുതരുന്ന പാഠം. ബേക്കിങിൽ മാത്രമൊതുങ്ങാതെ സാധ്യമായ വഴികളൊക്കെ കണ്ടെത്തി കൂടുതൽ കൂടുതൽ അപ്ഡേറ്റ് ആയിക്കൊണ്ടിരിക്കുന്നത് തന്നെയാണ് അസ്ലമിയയുടെ വിജയങ്ങളുടെ കാതൽ.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്