കൊച്ചി: സ്റ്റാർട്ടപ്പ് സാങ്കേതിക ഉൽപന്നമായ 'ക്യാംപസ് വാലറ്റ്' പ്രചരിപ്പിക്കുന്നതിനായി സാങ്കേതികവിദ്യാ സ്റ്റാർട്ടപ്പ് സംരംഭമായ ചില്ലർ പേയ്‌മെന്റ് സൊല്യൂഷൻസുമായി ഫെഡറൽ ബാങ്ക് കൈകോർക്കുന്നു. ബാങ്കിങ് സാങ്കേതികവിദ്യയുമായി സംയോജിപ്പിച്ചിട്ടുള്ള വിദ്യാർത്ഥികളുടെ തിരിച്ചറിയൽ കാർഡാണ് ക്യാംപസ് വാലറ്റ്. ബാങ്ക് അക്കൗണ്ട് തുറക്കാതെ തന്നെ സ്‌കൂളിലേയും കോളജുകളിലേയും ചില്ലറ ചെലവുകൾ നൽകാൻ സഹായിക്കുന്ന ഈ തിരിച്ചറിയിൽ കാർഡ് സ്‌കൂൾ കോളജ് ക്യാംപസുകളിലെ ഭരണനിർവ്വഹണം കൂടുതൽ എളുപ്പത്തിലാക്കാൻ ലക്ഷ്യമിട്ടുള്ളതുകൂടിയാണ്.

ഫെഡറൽ ബാങ്കിന്റെ പേയ്‌മെന്റ് ഗേറ്റ് വേ വഴി രക്ഷിതാക്കൾക്ക് താൽപര്യമുള്ള തുക കുട്ടികളുടെ ഈ കാർഡുകളിലേക്ക് തങ്ങളുടെ ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ വഴിയോ ഇന്റർനെറ്റ് ബാങ്കിങ് വഴിയോ മുൻകൂട്ടി നിക്ഷേപിക്കാം.

ക്യാംപസുകളിലെ സ്റ്റോറുകൾ, കാന്റീൻ, ലൈബ്രറി തുടങ്ങിയ ഇടങ്ങളിൽ നൽകേണ്ട പണം പ്രസ്തുത ഇടങ്ങളിൽ സ്ഥാപിച്ചിട്ടുള്ള പ്രത്യേകം സ്വൈപ്പിങ് മെഷീൻ ഉപയോഗിച്ച് ഈ കാർഡിൽ നിന്ന് നൽകാൻ കുട്ടികൾക്ക് സാധിക്കും. അതത് ക്യാംപസുകളിൽ മാത്രമേ ഈ വാലറ്റ് ഉപയോഗിക്കാനാകുകയുള്ളുവെന്നതിനാൽ ഇതുവഴിയുള്ള പണമിടപാടുകൾ നിയന്ത്രിക്കാൻ രക്ഷകർത്താക്കൾക്ക് സാധിക്കുകയും ചെയ്യു. അതുകൂടാതെ, ലൈബ്രറികളിൽ നിന്നെടുക്കുന്ന പുസ്തകങ്ങളെപ്പറ്റിയും കാന്റീനുകളിൽ നിന്നു വാങ്ങുന്ന ഭക്ഷണത്തെപ്പറ്റിയുമെല്ലാമുള്ള വിശദാംശങ്ങൾ റിപ്പോർട്ടുകളായും സന്ദേശങ്ങളായും രക്ഷിതാക്കൾക്കു ലഭിക്കുമെന്നതും ഈ പുതുതലമുറ ഐഡി കാർഡിന്റെ പ്രത്യേകതയാണ്. റിസൽട്ട് അപ്‌ഡേഷൻ, കാർഡ് റീച്ചാർജ്, ചെലവു രീതികൾ പിന്തുടരൽ, ഇ-ഡയറി, അവധി അപേക്ഷ, അദ്ധ്യാപകരുമായുള്ള ബന്ധപ്പെടൽ തുടങ്ങിയ വിവിധ സൗകര്യങ്ങളോടുകൂടിയ സൗജന്യ ആപ് രക്ഷിതാക്കൾക്ക് ചില്ലർ ലഭ്യമാക്കുകയും ചെയ്യും.

സ്‌കൂളുകളിലും കോളജുകളിലും ഭരണപരമായ നൂലാമാലകളും ബുദ്ധിമുട്ടുകളും ഇല്ലാതാക്കാനും യുവതലമുറയ്ക്കിടയിൽ പുതുതലമുറ പണമടയ്ക്കൽ രീതികൾ പ്രോൽസാഹിപ്പിക്കാനും ക്യാംപസ് വാലറ്റിലൂടെ സാധിക്കുമെന്ന് ഫെഡറൽ ബാങ്ക് ഡെപ്യൂട്ടി ജനറൽ മാനേജർ മോഹൻ കെ. പറഞ്ഞു