സൂറിച്ച്: ചൈൽഡ് കെയർ പദ്ധതിയിലേക്ക് കൂടുതൽ ഫണ്ട് അനുവദിക്കാൻ സ്വിറ്റ്‌സർലണ്ട് ഫെഡറൽ സർക്കാർ. സ്ത്രീകളെ ജോലിയിലേക്ക് ആകർഷിക്കുന്നതിനും ജോലിക്കാരായ മാതാപിതാക്കൾക്ക് ആശ്വാസം പകരുന്നതിനുമാണ് സർക്കാർ അടുത്ത അഞ്ചു വർഷത്തേക്കുള്ള ചൈൽഡ് കെയർ പദ്ധതിയിൽ 100 മില്യൺ ഫ്രാങ്ക് നിക്ഷേപിക്കാൻ തയാറായത്.

കുടുംബങ്ങൾക്കുള്ള ചൈൽഡ് കെയർ ചെലവുകൾ കുറയ്ക്കുന്നതിനും ചൈൽഡ് കെയർ പദ്ധതികൾ കൂടുതൽ ലഭ്യമാക്കുന്നതിനുമാണ് തുക ചെലവാക്കുക. പൊതുവേ ചൈൽഡ് കെയറിന് ചെലവു കൂടുതലുള്ള സ്വിറ്റ്‌സർലണ്ടിൽ കുടുംബത്തിന്റെ വരുമാനത്തിന്റെ നല്ലൊരു ഭാഗവും ചൈൽഡ് കെയറിനായി നീക്കിവയ്‌ക്കേണ്ടി വരും. ജനീവയിലും സൂറിച്ചിലും മറ്റും ഒരു ഫുൾ ടൈം നഴ്‌സറിയിലേക്ക് കുടുംബത്തിന്റെ വരുമാനത്തിന്റെ 13 മുതൽ 20 ശതമാനം വരെ നൽകേണ്ടി വരുമെന്നാണ് കണക്ക്. അതേസമയം അയൽരാജ്യങ്ങളിൽ ഇത് നാലു മുതൽ ആറു ശതമാനം വരെയാണ്.

കുട്ടികളുള്ള കുടുംബത്തിന് ചൈൽഡ് കെയർ ഒരു വെല്ലുവിളി തന്നെയാണ്. ജോലിക്കാരായ മാതാപിതാക്കൾക്ക് ചൈൽഡ് കെയറിലേക്ക് കൂടുതൽ പണം നിക്ഷേപിക്കേണ്ടി വരുന്നതുകൊണ്ട് ചെലവുകൾ താങ്ങാവുന്നതിലും ഏറെയാണെന്നും സർക്കാർ തന്നെ സമ്മതിക്കുന്നു. മറ്റു യൂറോപ്യൻ രാജ്യങ്ങളെ അപേക്ഷിച്ച് ചൈൽഡ് കെയറിലേക്ക് സ്വിസ് അഥോറിറ്റികളുടെ സംഭാവനയും തുലോം കുറവാണെന്നും വിലയിരുത്തുന്നു.

മാത്രമല്ല, സ്ത്രീകളെ ജോലിയിലേക്ക് ആകർഷിക്കുന്നതിനും അധികൃതർ പദ്ധതിയിടുന്നു. ചൈൽഡ് കെയർ ചെലവുകൾ വർധിച്ചിരിക്കേ, പ്രസവ ശേഷം മിക്ക സ്ത്രീകളും ജോലിയിൽ നിന്ന് വിട്ട് കുട്ടികളുടെ സംരക്ഷണം ഏറ്റെടുത്ത് വീട്ടിലിരിക്കുകയാണ്. അതുകൊണ്ടു തന്നെ ക്വാളിഫൈഡ് ആയിട്ടുള്ള പ്രൊഫഷണലുകളുടെ അഭാവം വർക്ക് പ്ലേസുകളിൽ അനുഭവപ്പെടുന്നുണ്ടെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.