കൊച്ചി: ഫെഡറൽ ബാങ്കിന്റെ സാമൂഹിക പ്രതിബദ്ധത പദ്ധതിയായ ഫെഡറൽ സ്‌കിൽ അക്കാദമിയിലെ ആദ്യ ബാച്ചിൽപെട്ട 26 വിദ്യാർത്ഥികളുടെ ബിരുദദാനസമ്മേളനം നടന്നു. നൂറുശതമാനം വിജയംനേടിയ ബാച്ചിനെ ഫെഡറൽ ബാങ്ക് എച്ച്ആർ ജനറൽ മാനേജർ തമ്പി കുര്യൻ അഭിനന്ദിച്ചു. തൊഴിൽ മേഖലയിലെ വെല്ലുവിളികൾ ഏറ്റെടുക്കാൻ അവരെ പ്രചോദിതരാക്കിയ അദ്ദേഹം തൊഴിൽ ലഭിച്ചവർ ഭാവിയിൽ ഉന്നതങ്ങളിൽ എത്തുമ്പോൾ ഓരോ വിദ്യാർത്ഥികളെ വീതമെങ്കിലും ഈ കോഴ്‌സിലേക്ക് സ്‌പോൺസർ ചെയ്യണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തു. തമ്പി കുര്യനൊപ്പം ഐഎപിഎംഒ എംഡിയും സിഇഒയുമായ നീത ശർമ, എസ്ബി ഗ്ലോബൽ സിഎംഡി ആർ ബാലചന്ദ്രൻ, ഫെഡറൽ ബാങ്ക് എച്ച്ആർ ഡിജിഎം സതീഷ് പി.കെ, എസ്ബി ഗ്ലോബൽ സിഇഒ വിനയരാജൻ എന്നിവരും സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. അക്കാദമി ഏർപ്പെടുത്തിയിട്ടുള്ള പ്ലേസ്‌മെന്റ് സൗകര്യത്തിലൂടെ എല്ലാ വിദ്യാർത്ഥികൾക്കും വിവിധ കമ്പനികളിൽ ഇന്റർവ്യൂവിൽ പങ്കെടുക്കാനും ജയിച്ച ഉദ്യോഗാർഥികൾക്ക് എസ്സെൻകോ, ബോഷ്, സംതൃപ്തി എൻജിനീയേഴ്‌സ് തുടങ്ങിയ കമ്പനികളിൽ നിന്നും ഓഫർ ലെറ്ററുകൾ ലഭിക്കുകയും ചെയ്തു.

മൂന്നുമാസത്തെ ഹീറ്റിങ് വെന്റിലേഷൻ എയർ കണ്ടീഷനിങ് സർട്ടിഫിക്കറ്റ് കോഴ്‌സിന്റെ ഭാഗമായി വിദ്യാർത്ഥികൾ സാങ്കേതിക, ഭാഷാ വിനിമയ മേഖലകളിൽ മികച്ച അടിത്തറ ലഭ്യമാകുന്ന തരത്തിലുള്ള കർശനമായ പരിശീലനം കൂടാതെ ആഗോള തലത്തിൽ അംഗീകൃതമായ ഐഎടിഎംഒയുടെ മെക്കാനിക്കൽ സിസ്റ്റം ഡീസൈൻ സർട്ടിഫിക്കേഷൻ നേടാനുതകുന്ന അനുഭവ സമ്പത്തും വിദ്യാർത്ഥികൾക്ക് ലഭിക്കുകയുണ്ടായി.

സാമൂഹ്യപ്രതിബദ്ധതാ പദ്ധതികളുടെ ഭാഗമായി 2015 ഒക്ടോബർ 18നാണ് ഫെഡറൽ ബാങ്ക് ഫെഡറൽ സ്‌കിൽ അക്കാദമിക്ക് തുടക്കമിട്ടത്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിൽ നിന്നുള്ള എൻജിനീയറിങ് ബിരുദധാരികൾക്കും എൻജിനീയറിങ് പഠനം അവസാനിപ്പിച്ചവർക്കും തൊഴിൽശേഷി വർധിപ്പിക്കാനുതകുന്ന വിവിധ കോഴ്‌സുകളാണ് ഇവിടെയുള്ളത്. എസ്ബി ഗ്ലോബൽ എഡ്യൂക്കേഷൻ റിസോഴ്‌സസ് ആണ് ഫെഡറൽ സ്‌കിൽ അക്കാദമിയുടെ നടപ്പാക്കൽ പങ്കാളികൾ.

അക്കാദമിയിലെ രണ്ടാം ബാച്ചിന്റെ പരിശീലനം തുടരുകയാണ്. മൂന്നാം ബാച്ചിലേക്കുള്ള പ്രവേശനം ആരംഭിച്ചിട്ടുമുണ്ട്. ഫെഡറൽ സ്‌കിൽ അക്കാദമിയെക്കുറിച്ച് കൂടുതൽ വിവരങ്ങൾക്ക് 9895773863, 04844011615 എന്നീ നമ്പറുകളിൽ വിളിക്കുകയോ fsa.ch@sbglobal.in, fsa@sbglobal.in എന്നീ ഇ- മെയിൽ വിലാസങ്ങളിലേതിലെങ്കിലും ബന്ധപ്പെടുകയോ ചെയ്യുക.