മനാമ: ബഹ്റിനിലെ പ്രവാസികൾ നാട്ടിലേയ്ക്ക് അയയ്ക്കുന്ന പണത്തിന് ഫീസ് ഏർപ്പെടുത്താനുള്ള നിർദ്ദേശം എംപി.മാർ അംഗീകരിച്ചു. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം 6,00,000ലധികം പ്രവാസികളാണ് ബഹ്റിനിൽ ജോലി ചെയ്യുന്നത്. ഇവർ നാട്ടിലേയ്ക്ക് അയയ്ക്കുന്ന പണത്തിന് ഫീസ് ഏർപ്പെടുത്തുന്നത് വഴി രാജ്യത്തിന് പുതിയൊരു വരുമാനം ഉണ്ടാകുമെന്നാണ് കരുതുന്നത്.

മുമ്പ് എംപി മുഹമ്മദ് അൽ അഹമ്മദ് മുന്നോട്ട് വച്ച നിർദ്ദേശം അടിയന്തിരമായി പരിഗണിക്കണമെന്ന് ഒരുകൂട്ടം എംപിമാർ ആവ
ശ്യപ്പെട്ടതിനെ തുടർന്നാണ് എംപിമാർക്കിടയിൽ ഈ നിർദ്ദേശം വോട്ടിങ്ങിന് വച്ചത്.

ബഹ്റിന് പുറത്തേയ്ക്ക് അയക്കുന്ന പണത്തിൽ നിന്നും ചെറിയൊരു ശതമാനം ഫീസ് ആയി ഈടാക്കാമെന്ന് ഫിനാൻഷ്യൽ ആൻഡ് ഇക്കണോമിക് അഫയേഴ്സ് കമ്മിറ്റിയും മുന്പ് അംഗീകരിച്ചിരുന്നു.

ഈ തീരുമാനം രാജ്യത്തെ സമ്പദ് വ്യവസ്ഥയ്ക്ക് ഗുണമുണ്ടാക്കുമെന്നും, 0.5 മുതൽ ഒരു ശതമാനം വരെ ഫീസ് ഏർപ്പെടുത്തുന്നതിനാൽ പ്രവാസികൾക്ക് വലിയ ബുദ്ധിമുട്ടൊന്നും ഉണ്ടാക്കില്ലെന്നും എംപിമാർ പറയുന്നു. രാജ്യത്ത് ഇത്രയധികം പ്രവാസികൾ ജോലി ചെയ്യുന്‌പോൾ വരുമാനമുണ്ടാക്കാൻ നികുതി വർദ്ധിപ്പിക്കുക എന്നതിനേക്കാൾ നല്ല മാർഗ്ഗമാണിതെന്ന് അവർ ചൂണ്ടിക്കാണിക്കുന്നു.

ഫീസോ നിയന്ത്രണങ്ങളോ ഇല്ലാത്ത സ്വതന്ത്ര സമ്പദ്വ്യവസ്ഥ എന്ന രാജ്യത്തിന്റെ നയം ഇതിലൂടെ ലംഘിക്കപ്പെടുന്നെന്ന് കാണിച്ച് ഇതിനെ മുമ്പ് സെൻട്രൽ ബാങ്ക് ഓഫ് ബഹ്റിൻ (സി.ബി.ബി) നിരസിച്ചിരുന്നു. കൂടാതെ വിദേശനിക്ഷേപം ഇല്ലാതാക്കാനും ഇതുവഴിവെക്കുമെന്ന് സി.ബി.ബി പറഞ്ഞു. മാത്രമല്ല ഇത് പിന്നീട് നിയമവിരുദ്ധമായി പണം കടത്താൻ ജനങ്ങളെ പ്രേരിപ്പിക്കുകയും ചെയ്യും.

ഇത് സംബന്ധിച്ച് കൂടുതൽ പഠനത്തിനായി ഷൂറാ കൗൺസിലിന് സമർപ്പിച്ചിരിക്കുകയാണ്.