ദോഹ: 2016-2017 അധ്യയന വർഷം ഫീസ് വർധിപ്പിക്കുന്നതിന് 55 സ്വകാര്യ സ്‌കൂളുകൾക്കും കിന്റർഡാർട്ടനുകൾക്കും മിനിസ്ട്രി ഓഫ് എഡ്യൂക്കേഷൻ ആൻഡ് ഹയർ എഡ്യൂക്കേഷൻ അനുമതി നൽകി. ഇതനുസരിച്ച് സ്‌കൂളുകൾക്ക് രണ്ടു ശതമാനം മുതൽ ഏഴു ശതമാനം വരെ ഫീസ് വർധിപ്പിക്കാമെന്ന് പ്രൈവറ്റ സ്‌കൂൾസ് ഓഫീസ് (പിഎസ്ഒ) സീനിയർ ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി.

മൊത്തം 162 സ്‌കൂളുകളും കെജികളുമാണ് ഫീസ് വർധനയ്ക്ക് അനുമതി തേടിക്കൊണ്ട് മന്ത്രാലയത്തിൽ അപേക്ഷ നൽകിയത്. എന്നാൽ മന്ത്രാലയം നിജപ്പെടുത്തിയിട്ടുള്ള നിലവാരവും മറ്റും കാത്തുസൂക്ഷിക്കാത്ത 66 ശതമാനത്തോളം സ്‌കൂളുകളുടെ അപേക്ഷ നിരസിക്കുകയായിരുനനു. രണ്ടു മുതൽ ഏഴു ശതമാനം വരെയാണ് ഫീസ് വർധിപ്പിക്കാൻ അനുമതി നൽകിയിരിക്കുന്നതെങ്കിലും രണ്ടു സ്‌കൂളുകൾക്കു മാത്രമാണ് ഏഴു ശതമാനം ഫീസ് വർധിപ്പിക്കാൻ അനുമതിയുള്ളൂ.

കൂടാതെ 15 പുതിയ സ്‌കൂളുകളും കെജികളും അടുത്ത അധ്യയന വർഷം ആരംഭിക്കുമെന്നും ഇതോടെ വിവിധ ഗ്രേഡുകളിലായി 10,380 സീറ്റുകൾ കൂടി ലഭ്യമാകുമെന്നും പിഎസ്ഒ വക്താവ് അറിയിച്ചു. ഇതിൽ അഞ്ചു സ്‌കൂളുകളും കെജികളും അടുത്ത സെപ്റ്റംബറോടെ തുടങ്ങുമെന്നും ബാക്കിയുള്ളവ 2016-17 അധ്യയന വർഷത്തിന്റെ അവസാന നാളുകളിലായിരിക്കും ആരംഭിക്കുകയെന്നും വക്താവ് വെളിപ്പെടുത്തി.