ജിദ്ദ: രാജ്യത്തെ സ്വകാര്യ സ്‌കൂളുകൾക്കും ഇന്റർനാഷണൽ സ്‌കൂളുകൾക്കും ഫീസ് വർധിപ്പിക്കാൻ എഡ്യൂക്കേഷൻ മന്ത്രാലയം അനുമതി നൽകി. പത്തു ശതമാനം വർധന വരുത്താനാണ് അനുമതി നൽകിയിരിക്കുന്നത്. ഫീസ് വർധനയ്ക്ക് മന്ത്രാലയം അനുമതി നൽകിയതോടെ ആശങ്കാകുലരായിരിക്കുകയാണ് മാതാപിതാക്കൾ. ഫീസ് വർധന തങ്ങളുടെ സാമ്പത്തികാവസ്ഥയ്ക്ക് ഭാരം വർധിപ്പിക്കുമെന്ന് പറയുമ്പോൾ ഇത് അനിവാര്യമെന്ന് സ്‌കൂൾ അധികൃതരും വാദിക്കുന്നു. വർധിച്ചു വരുന്ന ചെലവുകൾ താങ്ങാൻ ഫീസ് വർധന അത്യാവശ്യമാണെന്നാണ് സ്‌കൂൾ അധികൃതർ പറയുന്നത്.

സ്‌കൂൾ ട്യൂഷൻ ഫീസ് വർധിപ്പിക്കാൻ മന്ത്രാലയം അനുമതി നൽകിയിട്ടുണ്ടെങ്കിലും രജിസ്‌ട്രേഷൻ ഫീസ് വർധിപ്പിക്കാൻ മന്ത്രാലയം അനുമതി നൽകിയിട്ടില്ല. മന്ത്രാലയത്തിന്റെ അനുവാദമില്ലാതെ രജിസ്‌ട്രേഷൻ ഫീസ് വർധിപ്പിക്കരുതെന്ന് സ്‌കൂളുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. മന്ത്രാലയം നിർദ്ദേശം ലംഘിക്കുന്നവർക്ക് ശിക്ഷ നൽകുമെന്നും അധികമായി വിദ്യാർത്ഥികളിൽ നിന്ന് പിരിച്ചെടുക്കുന്ന തുക തിരികെ നൽകേണ്ടി വരുമെന്നും മന്ത്രാലയം വക്താവ് ഓർമിപ്പിച്ചു.

പത്തു ശതമാനം ഫീസ് വർധന അനുവദിച്ചത് മതിയായില്ലെന്ന വാദത്തിലാണ് ചില സ്‌കൂളുകൾ. മികച്ച സൗകര്യം നൽകുന്ന ചെറിയ സ്‌കൂളുകൾക്ക് ഈ വർധന അപര്യാപ്തമാണെന്നും വർധിച്ച ചെലവുകൾ താങ്ങാൻ ഇതു കൊണ്ടു സാധ്യമല്ലെന്നുമാണ് ചില സ്‌കൂൾ അധികൃതർ വെളിപ്പെടുത്തുന്നത്. സ്‌കൂൾ അദ്ധ്യാപകർക്ക് ശമ്പളം കൊടുക്കാനും വിദ്യാർത്ഥികൾക്ക് മെച്ചപ്പെട്ട സൗകര്യം ഒരുക്കാനും പത്തു ശതമാനം വർധന മതിയാകില്ലെന്ന് ഇവർ പറയുന്നു.