മുംബൈ: ഫാമിലി മാൻ എന്ന ആമസോൺ സീരീസിന് ശേഷം നീരജ് മാധവിന്റെ രണ്ടാമത്തെ ഹിന്ദി പ്രൊജക്റ്റായി ഫീൽസ് ലൈക്ക് ഇഷ്‌ക് റിലീസ് ചെയ്തു. നെറ്റ്ഫ്ലിക്സ് നിർമ്മിച്ച ഒരു ആന്തോളജി ചിത്രമാണ് ഫീൽസ് ലൈക്ക് ഇഷ്‌ക്.

നീരജിന്റെ ചിത്രത്തിന്റെ പേര് പേര് 'ഇന്റർവ്യൂ' എന്നാണ്. മുംബൈയിൽ താമസിക്കുന്ന മലയാളി പശ്ചാത്തലമുള്ള കഥാപാത്രത്തെയാണ് ചിത്രത്തിൽ നീരജ് അവതരിപ്പിക്കുന്നത്.

നീരജ് മാധവ് കേന്ദ്ര കഥാപാത്രമാവുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് സച്ചിൻ കുന്ദൽക്കറാണ്. അയ്യ, കൊബാൾട്ട് ബ്ലൂ എന്നീ ചിത്രങ്ങളുടെ സംവിധായകനാണ് അദ്ദേഹം.

ഏഴ് ഷോർട്ട് ഫിലിമുകളാണ് ഫീൽസ് ലൈക്ക് ഇഷ്‌കിലുള്ളത്. ഏഴ് സംവിധായകരാണ് 'ഫീൽസ് ലൈക്ക് ഇഷ്‌ക്ക്' എന്ന ആന്തോളജി സംവിധാനം ചെയ്തിരിക്കുന്നത്.

'സച്ചിൻ കുന്ദൽക്കറിന് എന്നെ വെച്ച് സിനിമ ചെയ്യണമെന്ന് ഉണ്ടായിരുന്നു. ഫാമിലി മാനിലെ അഭിനയം അദ്ദേഹത്തിന് ഇഷ്ടമായിരുന്നു. പിന്നെ കൊബാൾട്ട് ബ്ലൂവിൽ ഒരു വേഷം ചെയ്യാൻ എന്നെ വിളിക്കുകയുണ്ടായി. പക്ഷെ ആ കഥാപാത്രം എനിക്ക് ചെയ്യാൻ സാധിച്ചില്ല. കൊബാൾട്ട് ബ്ലൂവിന്റെ ചിത്രീകരണത്തിനായി അദ്ദേഹം കൊച്ചിയിൽ ഉള്ള സമയത്താണ് ഇങ്ങനെയൊരു സിനിമയെ പറ്റി പറയുന്നത്. കൊബാൾട്ട് ബ്ലൂവിന്റെ സെറ്റിൽ വെച്ച് കാണുകയും, കഥ പറഞ്ഞു തരുകയും ചെയ്തു. പിന്നെ എനിക്ക് സ്‌ക്രിപ്റ്റ് അയച്ചു തന്നു. അത് വായിച്ചപ്പോൾ എനിക്ക് ഇഷ്ടപ്പെട്ടു. അങ്ങനെയാണ് ഞാൻ ഓക്കെ പറയുന്നത്.' നീരജ് പറയുന്നു.