- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫീസ് അടയ്ക്കാത്തതിന് വിദ്യാർത്ഥികളെ ക്ലാസിൽ നിന്ന് പുറത്താക്കരുത്; സ്‌കൂൾ ഫീസ് പൂർണമായി നൽകാത്തതിന്റെ പേരിൽ വിദ്യാർത്ഥികളെ ഓൺലൈൻ ക്ലാസിൽ നിന്ന് പുറത്താക്കിയെന്ന ഹർജിയിൽ നിർണായക ഹൈക്കോടതി വിധി
കൊച്ചി; സ്‌കൂൾ ഫീസ് അടയ്ക്കാത്തതിന്റെ പേരിൽ വിദ്യാർത്ഥികളെ ഓൺലൈൻ ക്ലാസിൽ നിന്ന് പുറത്താക്കരുതെന്ന് ഹൈക്കോടതി. കോവിഡ് നിയന്ത്രണങ്ങൾ മൂലമുള്ള ദുരിതങ്ങൾ കണക്കിലെടുത്താണ് വിദ്യാർത്ഥികളെ ക്ലാസിൽ നിന്ന് പുറത്താക്കുന്ന നടപടി കോടതി തടഞ്ഞത്. ആലുവ മണലിമുക്ക് സെയിന്റ് ജോസഫ് പബ്ലിക് സ്‌കൂളിലെ ഏഴ് വിദ്യാർത്ഥികളുടെ രക്ഷിതാക്കൾ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ഇടക്കാല ഉത്തരവ്.
സ്‌കൂൾ ഫീസ് പൂർണമായി നൽകാത്തതിന്റെ പേരിൽ വിദ്യാർത്ഥികളെ ഓൺലൈൻ ക്ലാസിൽ നിന്ന് പുറത്താക്കിയെന്നാണ് ഹർജിയിൽ രക്ഷിതാക്കൾ ആരോപിക്കുന്നത്. ഹർജി 23 ന് വീണ്ടും പരിഗണിക്കും. ഫീസ് ഏത് സമയത്തിനുള്ളിൽ അടയ്ക്കാൻ കഴിയും എന്നതിനെക്കുറിച്ച് അപ്പോൾ അറിയിക്കണമെന്നും കോടതി ഹർജിക്കാരോട് നിർദേശിച്ചു. കൂടാതെ സിബിഎസ്ഇയുടേയും സ്‌കൂളിന്റേയും വിശദീകരണവും തേടിയിട്ടുണ്ട്.
സ്‌കൂളിൽ 530 വിദ്യാർത്ഥികളാണ് പഠിക്കുന്നത്. സ്‌കൂൾ ഫീസിന് പുറമേ 5500 രൂപ അടയ്ക്കണമെന്നാണ് നിർദേശിച്ചത്. സ്‌പെറ്റംബർ 14 ന് മുൻപ് ഫീസ് അടച്ചില്ലെങ്കിൽ ഓൺലൈൻ ക്ലാസിൽ നിന്ന് ഒഴിവാക്കുമെന്ന് നോട്ടീസും നൽകി. 13ന് 270 വിദ്യാർത്ഥികളുടെ ഓൺലൈൻ ക്ലാസുകളുമായുള്ള ബന്ധം വിച്ഛേദിച്ചതായും ഹർജിയിൽ പറയുന്നു.
മറുനാടന് ഡെസ്ക്