പ്രധാനമന്ത്രി സ്ഥാനത്തേയ്ക്ക് നരേന്ദ്ര മോദിയെ ബിജെപി ഉയർത്തിക്കാട്ടിയതുമുതൽ കോൺഗ്രസ് അദ്ദേഹത്തിനുനേരെ ഉപയോഗിച്ച ആക്ഷേപവാക്കാണ് 'ഫെക്കു'. ഗുജറാത്തിൽ താൻ നടപ്പാക്കിയെന്ന് അവകാശപ്പെടുന്ന വികസനത്തെക്കുറിച്ച് വ്യാജപ്രചാരണം നടത്തുന്നയാൾ എന്നായിരുന്നു ഫെക്കുവിന് അർഥം. ഏതായാലും രാഷ്ട്രീയ എതിരാളികൾ മോദിയെ കളിയാക്കാൻ ഉപയോഗിച്ച ഫെക്കുവിന് ഔദ്യോഗിക അംഗീകാരം ലഭിച്ചിരിക്കുന്നു.

ഗുജറാത്തി നിഘണ്ടുവിൽ സെൽഫിക്കും ട്വീറ്റിനും പ്രൊഫൈലിനുമൊപ്പം ഫെക്കുവും ഇടം നേടി. പച്ചമലയാളത്തിൽ 'ഗുണ്ടടിച്ച് നടക്കുന്നവൻ' ആണ് ഫെക്കു. പൊങ്ങച്ചം പറഞ്ഞ് ആളാകാൻ നോക്കുന്നയാൾ. മോദിയുടേത് വെറും പൊങ്ങച്ചമായിരുന്നുവെന്നാണ് കോൺഗ്രസ് ആക്ഷേപിച്ചിരുന്നത്. അതിനുപയോഗിക്കുകയും അതോടെ സോഷ്യൽ മീഡിയ ഏറ്റെടുക്കുകയും ചെയ്ത ഫെക്കുവെന്ന വാക്ക് ഗുജറാത്തി ഭാഷയിലെ ഓൺലൈൻ നിഘണ്ടുവായ ലോക് കോശിൽ ഉൾപ്പെടുത്തി. ഗുജറാത്തിലെക്‌സിക്കൺ ഡോട്ട് കോം എന്ന വെബ്‌സൈറ്റിൽ ഈ നിഘണ്ടു ലഭ്യമാണ്.

ഫെക്കുവിന് പുറമെ, സോഷ്യൽ മീഡിയയിലെ പതിവ് പ്രയോഗങ്ങളായ സെൽഫിയും ട്വീറ്റും പ്രൊഫൈലുമൊക്കെ നിഘണ്ടുവിൽ ഇടം നേടിയിട്ടുണ്ട്. പ്രാദേശികവും(ലോക്കൽ) ആഗോളതലത്തിൽ (ഗ്ലോബൽ) പ്രചാരമുള്ളതുമായ വാക്കുകളെന്ന് പരിഗണിച്ചാണ് ഈ 'ഗ്ലോക്കൽ' വാക്കുകളെ നിഘണ്ടുവിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇത്തരത്തിൽ പ്രചരിക്കുന്ന ആയിരത്തോളം വാക്കുകളാണ് പുതിയയാതി നിഘണ്ടുവിൽ ഉൾപ്പെടുത്തിയതെന്ന് പ്രോജ്ക്ട് മാനേജർ മൈത്രി ഷാ പറഞ്ഞു.

ഓക്‌സ്ഫഡ് ഇംഗ്ലീഷ് നിഘണ്ടുവിന്റെ മാതൃകയിലാണ് ഗുജറാത്തി ലെക്‌സിക്കണും പ്രവർത്തിക്കുന്നത്. പ്രാദേശികമായി പ്രചരിക്കുന്ന വാക്കുകളെ വാർഷികാടിസ്ഥാനത്തിൽ നിഘണ്ടുവിൽ ഉൾപ്പെടുത്തുകയാണ് പതിവ്. ഓൺലൈനിലൂടെ വായനക്കാർ തന്നെയാണ് ഓരോ പുതിയ വാക്കുകളുടെയും ജനപ്രീതി തീരുമാനിക്കുന്നത്. വാക്കുകൾ അംഗീകരിച്ചുകഴിഞ്ഞാൽ, അത് സംഭാവന ചെയ്തയാളുടെ പേരോടെ പ്രസിദ്ധപ്പെടുത്തും.