മെമ്മറീസ്, ദൃശ്യം എന്നീ ചിത്രങ്ങളുടെ മികച്ച വിജയത്തിന് ശേഷം ജീത്തു ജോസഫ് ഒരുക്കിയ ചിത്രമായിരുന്നു ലൈഫ് ഓഫ് ജോസൂട്ടി. തുടർച്ചയായി വിജയ ചിത്രങ്ങൾക്ക് ശേഷം പുറത്തിറങ്ങിയ ലൈഫ് ഓഫ് ജോസൂട്ടി പക്ഷെ ജീത്തു ജോസഫിന്റെ വിജയചിത്രമായില്ല.

പ്രേക്ഷകരുടെ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാൻ ലൈഫ് ഓഫ് ജോസൂട്ടിക്ക് കഴിഞ്ഞില്ലെന്ന് ജീത്തു ജോസഫ് തന്നെ സമ്മതിക്കുന്നുണ്ട്. എന്നാൽ ചിത്രം വിജയിക്കാത്തതൊന്നുമല്ല ജീത്തുവിനെ വിഷമിപ്പിച്ചത്. സിനിമയെ കുറിച്ച് പലരും മോശം പറഞ്ഞു. അതൊന്നും തന്നെ വേദനിപ്പിച്ചില്ല, പക്ഷെ വളരെ വിശ്വാസത്തോടെ ചെയ്ത ഒരു രംഗം നന്നായില്ലെന്ന് പറഞ്ഞപ്പോൾ വല്ലാത്ത സങ്കടം തോന്നിയെന്ന് ജീത്തു ജോസഫ് പറയുന്നു.

ഇന്റർവെല്ലിന് മുൻപുള്ള ഒരു രംഗമായിരുന്നു അത്. ജോസൂട്ടി വിദേശത്തേക്ക് പോവുമ്പോൾ, അച്ഛൻ സങ്കടം മറച്ച് വച്ച് തമാശയോടെ 'വണ്ടിയിൽ പെട്രോളൊക്കെ ഉണ്ടല്ലോ' എന്ന് ചോദിക്കുന്ന രംഗമായിരുന്നു അത്.

എന്നാൽ പലരും ആ രംഗം വളരെ ആർട്ടിഫിഷലാണെന്ന് പറഞ്ഞു. ആ രംഗത്തിന്റെ തീവ്രത മനസ്സിലാക്കാൻ കഴിയാത്തവരാണ് അങ്ങനെ പറഞ്ഞത്. വളരെ വികാരമപരമായ രംഗമാണത്, അത് മനസ്സിലാക്കിയവരുടെ കണ്ണ് നനഞ്ഞതും ഞാൻ കണ്ടിട്ടുണ്ട്.

അധികം സംസാരിക്കകയോ തമാശകൾ പറയുകയോ ചെയ്യുന്ന അച്ഛനല്ല ജോസൂട്ടിയുടേത്. വിദേശത്ത് പോകുമ്പോൾ അതൊന്നും സാരമില്ല എന്ന് പറയുമ്പോഴും അയാൾക്ക് നല്ല വിഷമമുണ്ട്. മകൻ പോവാനിറങ്ങുമ്പോൾ അച്ഛന്റെ ചങ്ക് പൊട്ടുന്നു. പക്ഷെ അയാൾക്ക് കരയാനോ പറയാനോ കഴിയില്ല. എനിക്ക് വിഷമമില്ല എന്ന് കാണിക്കാനാണ് അങ്ങനെ ഒരു തമാശ പറയാൻ നോക്കിയത്. തമാശ പറയാത്ത ഒരാൾ തമാശ പറയുമ്പോൾ ആർട്ടിഫിഷലാകും. ആ രംഗം ഞങ്ങൾ അങ്ങനെ ആർട്ടിഫിഷലായി തന്നെ ചിത്രീകരിച്ചതാണ്.

ആറ് ടേക്കുകൾക്ക് ശേഷമാണ് ആ രംഗം ശരിയായത്. ഒരുപാട് പേർ വളരെ നന്നായി എന്നും, ചിലർ മോശമായി എന്നും പറഞ്ഞു. ലൈഫ് ഓഫ് ജോസൂട്ടിയെ സംബന്ധിച്ച് എനിക്കേറ്റവും വിഷമം തോന്നിയ ഫീഡ്ബാക്ക് അത് മാത്രമേയുള്ളൂ. സിനിമ ഇഷ്ടപ്പെട്ടില്ല എന്ന് പറഞ്ഞതൊന്നും എനിക്ക് പ്രശ്‌നമേ ആയിരുന്നില്ലെന്ന് ജീത്തു ജോസഫ് പറയുന്നു.