റിയാദ്: സന്ദർശനത്തിനെത്തിയ ജർമൻ വനിതാ മന്ത്രി പരമ്പരാഗത വസ്ത്രം ധരിക്കാതിരുന്നതിൽ സൗദിയിലെ പാരമ്പര്യവാദികൾ സോഷ്യൽ മീഡിയയിൽ കടുത്ത പ്രതിഷേധം രേഖപ്പെടുത്തുന്നു. ജർമനിയിലെ പ്രതിരോധമന്ത്രിയായ ഉർസുല വോൺ ഡെൽ ലിയൻ ആണ് ശരീരം മുഴുവൻ മൂടുന്ന നീളൻ കുപ്പായമായ അബായയും ഹിജാബും ധരിക്കാൻ കൂട്ടാക്കാതിരുന്നത്.

ഉപ കിരീടാവകാശി സൽമാൻ രാജകുമാരനുമായി ചർച്ച നടത്താനാണ് ഉർസുല സൗദിയിലെത്തിയത്. റിയാദിലെ ദിവാൻ കൊട്ടാരത്തിൽ നടന്ന കൂടിക്കാഴ്ചയ്ക്ക് നീല സ്യൂട്ട് ധരിച്ചാണ് ഉർസുല എത്തിയത്. മുഖം മുഴുവൻ മറയ്ക്കുന്ന ശിരോവസ്ത്രമായ ബുർക്ക ജർമ്മനിയിൽ നിരോധിക്കണമെന്ന് ചാൻസലർ ആംഗല മെർക്കൽ അഭിപ്രായപ്പെട്ടതിനു പിന്നാലെയാണ് സംഭവം.

കടുത്ത സ്ത്രീവിരുദ്ധ നിലപാടുകൾ പുലർത്തുന്ന സൗദിയിൽ സ്ത്രീകൾക്കു വണ്ടിയോടിക്കാൻ പോലും അനുവാദമില്ല. സ്വദേശികളും വിദേശികളുമടക്കം എല്ലാ സ്ത്രീകളും ശരീരം മുഴുവൻ മൂടുന്ന വസ്ത്രം ധരിച്ചിരിക്കണമെന്നാണ് സൗദിയിലെ നിയമം. സ്വദേശികൾ ശിരോവസ്ത്രം നിർബന്ധമായും ധരിച്ചിരിക്കണം. ശിരോവസ്ത്രം ധരിക്കാതെ പോതുസ്ഥലത്തുനിൽക്കുന്ന ചിത്രം ട്വിറ്ററിൽ പോസ്റ്റ് ചെയ്ത യുവതിയെ പൊലീസ് തിങ്കളാഴ്ച അറസ്റ്റ് ചെയ്തത് വലിയ ചർച്ചയായിരുന്നു.

എന്തുകൊണ്ടാണ് ഉർസുലയെ അറസ്റ്റ് ചെയ്യാതിരുന്നതെന്നതടക്കമുള്ള ചോദ്യങ്ങളാണ് സോഷ്യൽ മീഡിയയിലൂടെ സൗദി സ്വദേശികൾ ഉന്നയിക്കുന്നത്. സൗദിയെ മനപ്പൂർവം അപമാനിക്കുന്ന നടപടിയാണ് ഉണ്ടായിരിക്കുന്നതെന്നും ചിലർ ചൂണ്ടിക്കാട്ടി. പുരുഷന്മാരെപ്പോലെ സ്ത്രീകൾക്കും സ്വന്തം വസ്ത്രം തെരഞ്ഞെടുക്കാൻ സ്വാതന്ത്ര്യമുണ്ടെന്നാണ് ഉർസുല സംഭവത്തോടു പ്രതികരിച്ചത്.

കഴിഞ്ഞവർഷം യുഎസ് പ്രസിഡന്റ് ഒബാമയ്‌ക്കൊപ്പം സൗദി സന്ദർശിക്കാനെത്തിയ പത്‌നി മിഷേലും ശരീരം മുഴുവൻ മറയ്ക്കുന്ന വസ്ത്രം ധരിക്കാൻ കൂട്ടാക്കിയിരുന്നില്ല.