കൊച്ചി: സരിതയുടെ കേസൊതുക്കാൻ വേണ്ടി മന്ത്രിമാരും എംഎൽഎമാരും അടക്കം നിരവധി പേർ തന്നെ വിളിച്ചെന്ന് ഫെനി ബാലകൃഷ്ണൻ. പേര് പറയാൻ വിസമ്മതിച്ചതോടെ സോളാർ കമ്മീഷൻ ശക്തമായി ഇടപെട്ട് പേര് പറയിക്കുകയും ചെയ്തു. സിറ്റിംഗിനിടെ 09846184400 ആരുടെ ഫോൺ നമ്പറാണെന്ന് ഫെനി ബാലകൃഷ്ണനോട് സോളർ കമ്മിഷന്റെ ചോദിച്ചു. എന്നാൽ തനിക്ക് അറിയില്ലെന്നായിരുന്നു ഫെനിയുടെ മറുപടി. 150 തവണ വിളിച്ച നമ്പർ ആരുടേതെന്ന് അറിയില്ലേയെന്ന് വീണ്ടും കമ്മിഷൻ ചോദിച്ചു അപ്പോൾ ഫെനി മിണ്ടാതിരിക്കുകയായിരുന്നു.

സർക്കാർ ഡയറി വരുത്തി നമ്പർ ബെന്നി ബഹനാന്റേതാണെന്ന് കമ്മിഷൻ ബോധ്യപ്പെടുത്തിക്കൊടുത്തു. വിളിച്ചത് താൻ തന്നെയെന്നും നമ്പർ ഓർമയുണ്ടായിരുന്നില്ലെന്നും ഫെനിയുടെ മറുപടി. സരിത, തമ്പാനൂർ രവി എന്നിവരുമായി ഫെനി നടത്തിയ കോളുകളുടെ ലിസ്റ്റും കമ്മിഷൻ കാണിച്ചു കൊടുത്തു. തമ്പാനൂർ രവിയുമായി സോളർ വിഷയമല്ല സംസാരിച്ചത്. മറ്റു പല ആവശ്യങ്ങൾക്കുമായാണ് വിളിച്ചത്. തമ്പാനൂർ രവി തിരിച്ചു വിളിച്ചത് ഇക്കാര്യങ്ങളുടെ സ്ഥിതി അറിയിക്കാനാണെന്നും ഫെനി കമ്മിഷനോട് പറഞ്ഞു.

ഫെനിയുടെ കോൾ ഡീറ്റെയ്ൽസ് ഡിജിപി നൽകിയത് ഫെനിയെ കാണിച്ചപ്പോഴാണ് ഫെനി താൻ ബെന്നി ബെഹനാനെ 150 തവണ വിളിച്ച കാര്യങ്ങൾ ശരിയാണെന്ന് സമ്മതിച്ചത്. 2015 ജൂൺ 7 മുതൽ 2016 മാർച്ച് 2 വരെയുള്ള ഫോൺ രേഖകളാണ് കമ്മീഷൻ ഫെനിയെ കാണിച്ചത്. ഡിജിപിയോട് ആവശ്യപ്പെട്ട പ്രകാരമാണ് കോൾ ഡീറ്റെയ്ൽസ് കമ്മീഷനു നൽകിയിരുന്നത്. ഇതാണ് ഫെനിയെ കാണിച്ചതും.

മന്ത്രിമാരും എംഎൽഎമാരും തന്നെ വിളിച്ചിട്ടുണ്ടെന്ന് ഫെനി സമ്മതിച്ചിട്ടുണ്ടെങ്കിലും അത് ആരൊക്കെയാണെന്ന് പറയാൻ ബുദ്ധിമുട്ടുണ്ടെന്നാണ് ഫെനി മുമ്പ് കമ്മീഷനോടു പറഞ്ഞിരുന്നത്. ഇത്തവണ ഓരോരുത്തരുടെയും കാര്യങ്ങൾ എടുത്തു ചോദിക്കുമ്പോൾ മാത്രമാണ് ഫെനി ഓരോന്നും കമ്മീഷനിൽ സമ്മതിച്ചത്. ഫെനിയുടെ മറ്റൊരു നമ്പറിൽ നിന്നുള്ള കോൾ ഡീറ്റെയിൽസും കമ്മീഷൻ ഫെനിയെ കാണിച്ചു. 2015 ഏപ്രിൽ 1 മുതൽ 2016 മാർച്ച് 31 വരെയുള്ള ഫോൺ രേഖകളാണ് ഇത്. 2014 ഫെബ്രുവരി 8 മുതൽ 2015 സെപ്റ്റംബർ 14 വരെയുള്ള കാലയളവിലാണ് 42 തവണ തമ്പാനൂർ രവിയുമായി ഫെനി ഫോണിൽ സംസാരിച്ചത്.

ഇക്കാലയളവിൽ ബെന്നി ബഹനാനുമായി 150 തവണയാണ് ഫോണിൽ സംസാരിച്ചത്. മുഖ്യമന്ത്രിയെ നിരവധി തവണ വിളിച്ചിട്ടുണ്ടെന്നും ഫെനി സമ്മതിച്ചു. 9447033333 എന്ന നമ്പറിലാണ് മുഖ്യമന്ത്രിയെ വിളിച്ചത്. 2015 ഏപ്രിൽ 5, ജൂൺ 30, ജൂലൈ 1, ഓഗസ്റ്റ് 28 എന്നീ തിയ്യതികളിലാണ് മുഖ്യമന്ത്രിയെ വിളിച്ചത്. തമ്പാനൂർ രവിയെ വളരെ മുൻപ് തന്നെ തനിക്ക് അറിയാം. നിരവധി തവണ നേരിൽ കണ്ടിട്ടുണ്ടെന്നും ഫെനി സമ്മതിച്ചു.

സരിതയുടെ വക്കാലത്ത് സ്വയം ഒഴിയുകയായിരുന്നു. ഇതിനു ശേഷവും സരിത തന്നെ വിളിച്ചിട്ടുണ്ട്. ഇന്നു കമ്മീഷനിൽ വിസ്താരത്തിനു പോകുന്നുണ്ടെന്ന് അറിഞ്ഞ് എന്തെല്ലാം കമ്മീഷനിൽ പറയണമെന്നു നിർദേശിക്കാൻ ഇന്നും സരിത തന്നെ വിളിച്ചിരുന്നു. മുഖ്യമന്ത്രിയെയും ബെന്നി ബഹനാനെയും തമ്പാനൂർ രവിയെയും വിളിച്ചത് സരിതയുടെ അറിവോടെയും അല്ലാതെയുമായിരുന്നു. മജിസ്‌ട്രേറ്റിനു നൽകിയ മൊഴി ഇൻകാമറ പ്രൊസീഡിങ് ആയിരുന്നതിനാൽ അന്നു പറഞ്ഞ പ്രമുഖരുടെ പേരുകൾ പറയാനാകില്ലെന്നും ഫെനി വെളിപ്പെടുത്തി.

സരിത എസ്.നായർ ഇന്നു തന്നെ വിളിച്ചതായും ഫെനി കമ്മിഷനു മുന്നിൽ മൊഴി നൽകി. കമ്മിഷനിൽ എന്തൊക്കെ പറയണമെന്ന് സരിത പറഞ്ഞുതന്നുവെന്നും ഫെനി പറഞ്ഞു. ഫെനി ബാലകൃഷ്ണന്റെ ഫോൺകോളുകളുടെ ലിസ്റ്റ് കമ്മിഷൻ പുറത്തുവിട്ടിരുന്നു. മുഖ്യമന്ത്രിയുമായി ഫെനി ബാലകൃഷ്ണൻ 5 തവണ ഫോണിൽ സംസാരിച്ചു.