തിരുവനന്തപുരം:കോവിഡ് വ്യാപനം സംസ്ഥാനത്ത് രൂക്ഷമാവുന്നസാഹചര്യത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകൾ മാറ്റിവെക്കണമെന്ന് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന സെക്രട്ടറിയേറ്റ്. കോവിഡിന്റെ രണ്ടാം വരവിൽ വൻതോതിലുള്ളപോസിറ്റീവ് കേസുകളാണ് ദിവസവും സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തു കൊണ്ടിരിക്കുന്നത്. പരീക്ഷ നടക്കുന്ന സാഹചര്യത്തിൽവിദ്യാർത്ഥികൾക്കിടയിലും കോവിഡ് അതിവേഗം പടരുന്നതിനുള്ള സാധ്യതനിലനിൽക്കുന്നുണ്ട്.

രക്ഷിതാക്കളും വിദ്യാർത്ഥികളും കനത്ത ആശങ്കയിലാണ് മുന്നോട്ട് പോവുന്നത്. ഈ സാഹചര്യത്തിൽ സംസ്ഥാനത്തെ സർവകലാശാലാ പരീക്ഷകൾ മാറ്റി വെച്ചത് പോലെ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകൾ കൂടി നീട്ടിവെക്കുകയോ വിദ്യാർത്ഥികളുടെ ഉപരിപഠനത്തെ ബാധിക്കാത്തവിധം മറ്റ് ബദൽ മൂല്യനിർണയോപാധികൾ നടപ്പിലാക്കാനോ സർക്കാർ തയ്യാറാവണമെന്ന് സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ് നജ്ദ റൈഹാൻ അധ്യക്ഷത വഹിച്ചു.

ജനറൽ സെക്രട്ടറിമാരായ അർച്ചന പ്രജിത്ത്,കെ.കെ.അഷ്‌റഫ്, വൈസ് പ്രസിഡന്റുമാരായ കെ എം ഷെഫ്രിൻ, മഹേഷ് തോന്നക്കൽ, സെക്രട്ടറിമാരായ ഷഹിൻ ഷിഹാബ്, ഫാത്തിമ നൗറിൻ തുടങ്ങിയവർ സംസാരിച്ചു.