തിരുവനന്തപുരം : ഫ്രറ്റേണിറ്റി മൂവ്‌മെന്റ് രൂപീകരണത്തിന്റെ നാലാം വാർഷികം ഇന്ന്. 2017 ഏപ്രിൽ 30 നു ആണ് ഡൽഹിയിലെ അംബേദ്കർ ഭവനിൽ വെച്ചു ഫ്രറ്റേണിറ്റി മൂവ്‌മെന്റ് രൂപീകരിക്കപ്പെട്ടത്. മൂന്ന് വർഷങ്ങൾ കൊണ്ട് രാജ്യത്തെ വ്യത്യസ്ത സംസ്ഥാനങ്ങളിലും കേന്ദ്ര സർവകലാശാലകളിലും ശക്തമായ സംഘടനാ ഘടനകൾ രൂപീകരിച്ചു കൊണ്ടാണ് ഫ്രറ്റേണിറ്റി മുന്നോട്ട് പോകുന്നത്. സംസ്ഥാനത്തെ മുഴുവൻ ജില്ലകളിലും പ്രധാന കാമ്പസുകളിലും സജീവമായ ഇടപെടലുകൾ നടത്തി കൊണ്ടാണ് മൂവ്‌മെന്റ് മുന്നോട്ട് പോകുന്നത്.

കേരളത്തിലെ ഇടതു വലതു ഭരണകൂടങ്ങൾ കാലങ്ങളായി വ്യത്യസ്ത ദളിത്-ആദിവാസി- മുസ്ലിം മത ന്യൂനപക്ഷങ്ങളോടും ജാതി വിഭാഗങ്ങളോടും കാണിക്കുന്ന അവഗണനയ്‌ക്കെതിരെ സാമൂഹ്യനീതിയുടെ രാഷ്ട്രീയത്തെ ഉയർത്തിപ്പിടിച്ചുകൊണ്ട് കൂടുതൽ ശക്തമായ പോരാട്ടങ്ങൾക്ക് നേതൃത്വം നൽകി കൊണ്ടാണ് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് മുന്നോട്ട് പോകുന്നത്.

പൗരത്വ പ്രക്ഷോഭങ്ങളുടെ ഭാഗമായി കേരളത്തിൽ നടന്ന ഐതിഹാസികമായ എയർപോർട്ട് ഉപരോധം, വാളയാർ അമ്മക്ക് നീതി തേടിയുള്ള ലോങ് മാർച്ച്, വിവേചനങ്ങളെ വിചാരണ ചെയ്തും വിധേയത്വങ്ങളോട് കലഹിച്ചും കേരളത്തിലെ കാമ്പസുകളിലും തെരുവിലും ചരിത്രം തീർത്ത സാഹോദര്യ രാഷ്ട്രീയ ജാഥ എല്ലാം കഴിഞ്ഞ കാലങ്ങളിലെ ഫ്രറ്റേണിറ്റി മൂവ്‌മെന്റിന്റെ സുപ്രധാന ഇടപെടലാണ്.

ഫ്രറ്റേണിറ്റി അഞ്ചാം സ്ഥാപക ദിനത്തിനോട് അനുബന്ധിച്ചു തിരുവനന്തപുരത്തെ സംസ്ഥാന കമ്മിറ്റി ഓഫീസിൽ സംസ്ഥാന പ്രസിഡന്റ് നജ്ദ റൈഹാൻ പതാക ഉയർത്തും. തുടർന്ന് ഓൺലൈനിലൂടെ പ്രവർത്തകരെ അഭിമുഖീകരിക്കും. സംസ്ഥാനത്തെ മുഴുവൻ ജില്ലാ, മണ്ഡലം കേന്ദ്രങ്ങളിലും കാമ്പസുകളിലും പ്രസിഡന്റുമാർ പതാക ഉയർത്തും. സ്ഥാപക ദിനത്തോട് അനുബന്ധിച്ച് സംസ്ഥാനത്തെ പ്രവർത്തകർ ബ്ലഡ് ബാങ്കിലേക്ക് രക്തദാനം നടത്തും. സംസ്ഥാനത്ത് സാമൂഹ്യ രാഷ്ട്രീയ മേഖലകളിൽ വ്യത്യസ്ത അടയാളപ്പെടുത്തൽ നടത്തിയ വ്യക്തികളെ ആദരിക്കൽ, വ്യത്യസ്തമായ മത്സരങ്ങൾ, ഓൺലൈൻ ഫെസ്റ്റിവൽ തുടങ്ങീ വ്യത്യസ്തമായ പരിപാടികൾ സ്ഥാപക ദിനത്തോട് അനുബന്ധിച്ചു സംഘടിപ്പിക്കും.