തിരുവനന്തപുരം : 18 വയസിനു മുകളിൽ പ്രായമുള്ളവർക്ക് സൗജന്യ വാക്‌സിൻ പ്രഖ്യാപിച്ചതിന് നന്ദി അറിയിച്ചു കൊണ്ട് ബാനർ ഉയർത്താനുള്ള യുജിസി നിലപാടിന് എതിരെ സർഗാത്മക പ്രതിരോധം തീർത്ത് ഫ്രറ്റേണിറ്റി മൂവ്‌മെന്റ്.

കോളേജ് കവാടത്തിൽ 'മോദിക്ക് നന്ദി പറയാൻ മനസില്ല' ' റിസൈൻ മോദി' എന്നീ തലക്കെട്ടിൽ കൂറ്റൻ ബാനറുകൾ ഉയർത്തിയാണ് യുജിസിയുടെ ഈ നിർദേശത്തിനെതിരെയും ഉന്നത കലാലയങ്ങളെ ഹിന്ദുത്വവൽക്കരിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെയും ഫ്രറ്റേണിറ്റി മൂവ്‌മെന്റ് പ്രതിഷേധം അറിയിച്ചത്.

'താങ്ക്യു മോദിജി' എന്ന ബാനർ ഉയർത്താനുള്ള യുജിസി തീരുമാനത്തിനെതിരെയാണ് സംസ്ഥാന വ്യാപകമായി കാമ്പസുകളിലും യൂണിവേഴ്സിറ്റി ആസ്ഥാനങ്ങളിലുമായി പ്രതിഷേധ ബാനറുകൾ ഉയർത്തുന്നത്.

എറണാകുളം മഹാരാജാസ് കോളേജ് കവാടത്തിൽ ഉയർത്തിയ മോദി വിരുദ്ധ ബാനർ നശിപ്പിക്കാനുള്ള എസ്.എഫ്.ഐ ശ്രമം നേരിയ സംഘർഷത്തിന് ഇടയാക്കി. മണ്ണാർക്കാട് എം.ഇ.എസ് കോളേജിൽ സ്ഥാപിച്ച ബാനർ ഇരുട്ടിന്റെ മറവിൽ സാമൂഹിക വിരുദ്ധർ നശിപ്പിച്ചിരുന്നു. അടുത്ത ദിവസങ്ങളിൽ കൂടുതൽ കാമ്പസുകളിൽ മോദി വിരുദ്ധ ബാനറുകൾ ഉയർത്താനാണ് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് തീരുമാനം