- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഛർദ്ദിയിൽ തുടക്കം; പിന്നെ വയറിളക്കമാകും; മൂന്നാം ദിവസം കടുത്ത പനിയായി മാറും; പത്ത് വയസ്സ് താഴെയുള്ള കുട്ടികളെ ആശുപത്രിയിലാക്കുന്നത് വൈറൽ ഫിവറോ? തലസ്ഥാനത്തെ ആശുപത്രികളിൽ ചികിൽസയ്ക്കെത്തുന്ന കുട്ടികൾ ഏറുന്നു; ജാഗ്രതാ മുന്നറിയിപ്പൊന്നും നൽകാതെ ആരോഗ്യ വകുപ്പും; ഇടപെടാൻ തലസ്ഥാനത്ത് ഡിഎംഒ പോലുമില്ലാത്ത അവസ്ഥ
തിരുവനന്തപുരം: കോവിഡ് ഭീതി പൂർണ്ണമായും മാറിയിട്ടില്ല. ഇതിനിടെ തിരുവനന്തപുരത്തെ ആശുപത്രികളിൽ പനി ചികിൽസ തേടിയെത്തുന്ന കുട്ടികളുടെ എണ്ണം കൂടുകയാണ്. നാലാം ക്ലാസിന് താഴെ പഠിക്കുന്ന കുട്ടികളെയാണ് പനി ബാധിക്കുന്നത്. ഛർദ്ദിയിൽ തുടങ്ങി വയറിക്കളവും പനിയുമായി മാറുന്ന അവസ്ഥ. തിരുവനന്തപുരത്തെ മിക്ക ആശുപത്രികളിലും ഇത്തരം രോഗവുമായി നിരവധി സ്‌കൂൾ കുട്ടികൾ എത്തുകയാണ്. എന്നാൽ ഈ വിഷയം ആരോഗ്യ വകുപ്പ് ഗൗരവത്തോടെ എടുത്തിട്ടില്ലെന്ന വിമർശനം ശക്തമാണ്.
കുട്ടികളുടെ എണ്ണം ഉയർന്നതു കൊണ്ട് തന്നെ എല്ലാം ആരോഗ്യ വകുപ്പിനെ അറിയിച്ചിട്ടുണ്ടെന്ന് ആശുപത്രികളും ചികിൽസയ്‌ക്കെത്തുന്നവരെ അറിയിക്കുന്നുണ്ട്. എന്താണ് രോഗ കാരണമെന്ന് കൃത്യമായി കണ്ടെത്താൻ കഴിയുന്നില്ല. അതീവ ഗുരതരാവസ്ഥയിലെക്ക് കുട്ടികൾ കടക്കുന്നില്ലെന്നതാണ് ആശ്വാസം. എന്നാൽ മിക്ക കുട്ടികൾക്കും ഒന്നോ രണ്ടോ ദിവസം കിടത്തി ചികിൽസ വേണ്ടി വരുന്നു. ശരീരത്തിൽ അണുബാധയും രക്തപരിശോധനയിൽ തെളിയുന്നുണ്ട്. എന്നാൽ ഈ അസുഖത്തിൽ യാതൊരു മുന്നറിയിപ്പും പൊതുജനാരോഗ്യത്തിൽ ഇടപെടൽ നടത്തേണ്ട ആരോഗ്യ വകുപ്പ് കാണുന്നുമില്ല.
തിരുവനന്തപുരം ജില്ലയിലെ മിക്ക സ്‌കൂളുകളിലും കുട്ടികൾക്ക് പനി കണ്ടു വരുന്നുണ്ട്. ചെറിയ കുട്ടികളുടെ ക്ലാസുകളിലെ ഹാജറിനെ പോലും പനി ബാധിക്കുന്ന അവസ്ഥയുണ്ട്. ഒന്നിലധികം കുട്ടികളുള്ള വീട്ടിൽ എല്ലാവരേയും ഈ പനി ബാധിക്കുന്നുമുണ്ട്. എന്നാൽ മുതിർന്നവർക്ക് ആരോഗ്യ പ്രശ്‌നങ്ങളുണ്ടാകുന്നുമില്ല. അതായത് പ്രതിരോധ ശേഷി കൂടുതൽ ആർജ്ജിക്കാൻ കഴിയാത്തവരിലാണ് പനി പടരുന്നതെന്നാണ് സാരാം. ഇത് കോവഡിന്റെ രോഗപകർച്ചാ രീതിയല്ല. അതുകൊണ്ട് തന്നെ മറ്റേതോ പകർച്ചവ്യാധി കുട്ടികൾക്കിടൽ പടരുന്നുണ്ടെന്നാണ് വിലയിരുത്തൽ.
സർക്കാർ ശക്തമായി ഇടപെടലുകൾ നടത്തിയാലേ ഈ രോഗത്തിന്റെ യഥാർത്ഥകാരണം കണ്ടെത്താനാകൂവെന്ന വിലയിരുത്തലും ആരോഗ്യ പ്രവർത്തകർക്കിടയിലുണ്ട്. എന്നാൽ ആരോഗ്യ വകുപ്പിന് സ്ഥിരം നാഥൻ പോലുമില്ലാത്ത അവസ്ഥയാണ്. ഇതെല്ലാം ആരോഗ്യ വകുപ്പിന്റെ ഏകോപനത്തെ ബാധിച്ചിട്ടുണ്ട്. സ്ഥിരം ഡയറക്ടറെ നിയമിച്ച് ഇത്തരം പ്രശ്‌നങ്ങളിൽ അതിവേഗ ഇടപെടൽ നടത്തണമെന്നാണ് ഉയരുന്ന ആവശ്യം. സ്ഥാനത്തെ ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനം ഒഴിഞ്ഞുകിടക്കാൻ തുടങ്ങിയിട്ട് ഒരുവർഷം ആയി എന്നതാണ് വസ്തുത. ആരോഗ്യവകുപ്പ് ഡയറക്ടറായിരുന്ന ഡോ.സരിത കഴിഞ്ഞ വർഷം ഏപ്രിലിൽ സ്വയം വിരമിച്ചശേഷം ഡയറക്ടറെ നിയമിച്ചിട്ടില്ല.
അഡി. ഡയറക്ടർക്കാണ് കഴിഞ്ഞ ഒരുവർഷത്തിലധികമായി ഡയറക്ടറുടെ താൽക്കാലിക ചുമതല നൽകിയിരിക്കുന്നത്. ഡയറക്ടറെ നിയമിക്കാത്തതിനാൽ ഫണ്ടുകൾ സ്വതന്ത്രമായി ചെലവഴിക്കാനോ നയപരമായ തീരുമാനമെടുക്കാനോ ആരോഗ്യവകുപ്പിന് സാധിക്കുന്നില്ലെന്നാണ് ആക്ഷേപം. ആരോഗ്യവകുപ്പ് ഡയറക്ടർക്ക് പുറമെ വകുപ്പിലെ സുപ്രധാനമായ രണ്ട് അഡി. ഡയറക്ടർമാരുടെയും തിരുവനന്തപുരം ഡിഎംഒയുടെയും തസ്തികകളും ഒഴിഞ്ഞ് കിടക്കുകയാണ്. ആരോഗ്യവകുപ്പ് സ്ഥാനത്തുനിന്ന് ഡോ. സരിത സ്വയം വിരമിച്ചപ്പോൾ ഡോ. രമേശിന് താൽക്കാലിക ചുമതല നൽകുകയാണ് ചെയ്തത്. ഒന്നര മാസത്തിനുശേഷം ഡോ. രാജുവിന് ഡയറക്ടറുടെ താൽക്കാലിക ചുമതല നൽകി. രാജു വിരമിച്ചതിനെ തുടർന്ന് ഡോ. പ്രീതയ്ക്കാണ് ഡയറക്ടറുടെ താൽക്കാലിക ചുമതല നൽകിയിരിക്കുന്നത്.
അഡി. ഡയറക്ടർമാർക്ക് പകരം ഡപ്യൂട്ടി ഡയറക്ടർമാർക്ക് താൽക്കാലിക ചുമതല നൽകിയിരിക്കുകയാണ്. തിരുവനന്തപുരം ഡിഎംഒയുടെ തസ്തികയിലും താൽക്കാലിക ചുമതലയാണ് നൽകിയിരിക്കുന്നത്. ആരോഗ്യവകുപ്പിനെതിരെ നിരന്തരം ആരോപണങ്ങൾ ഉയരുമ്പോഴും നയപരമായ തീരുമാനങ്ങളെടുക്കേണ്ട ഉത്തരവാദിത്വം ഉള്ള സ്ഥാനങ്ങൾ ഒഴിഞ്ഞുകിടക്കുന്നത് പ്രതിസന്ധിയാണ്. തിരുവനന്തപുരം ഡിഎംഒയുടെ തസ്തിക ഒഴിഞ്ഞു കിടക്കുന്നത് ഈ ജില്ലയിലെ ആരോഗ്യ പ്രവർത്തകരുടെ ഏകോപനം ഉറപ്പാക്കുന്നതിൽ പ്രതിസന്ധിയായി മാറുന്നുണ്ട്.
മറുനാടന് മലയാളി ബ്യൂറോ