തിരുവനന്തപുരം: ഡെങ്കിപ്പനി നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ദേശീയ ആരോഗ്യ ദൗത്യത്തിന്റെ പതിനഞ്ച് നഗര പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും പ്രത്യേക ഫീവർ ക്ലിനിക്ക് സംഘടിപ്പിച്ചു. ഇതിന്റെ ഭാഗമായി 397 പേരെ പനി ബാധിതരായി കണ്ടെത്തി. ഇതിൽ 42 പേരെ വിദഗ്ധ പരിശോധയ്ക്കായി ജനറൽ ആശുപത്രിയിലേയ്ക്ക് റഫർ ചെയ്തു. ജില്ലയിൽ ഡെങ്കിപ്പനി ഉൾപ്പെടെയുള്ള സാംക്രമിക രോഗങ്ങൾ വ്യാപിക്കുന്നതിനാൽ നഗരത്തിലെ പതിനഞ്ച് നഗര പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും എല്ലാ ദിവസവും രാവിലെ 10.00 മുതൽ ഉച്ചയ്ക്ക് 1 വരെ ഫീവർ ക്ലിനിക്കുകൾ സംഘടിപ്പിക്കാൻ ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ജെ. സ്വപ്നകുമാരി മെഡിക്കൽ ഓഫീസർമാർക്ക് നിർദ്ദേശം നൽകി.

കൂടാതെ ഡെങ്കിപ്പനി നിവാരണ നിയന്ത്രണ പ്രവർത്തനങ്ങളുടെ ഭാഗമായി നഗരത്തിലെ പ്രധാന കോളനി പ്രദേശമായ ചിറക്കുളത്തു ഈഡിസ് ഈജിപ്തിയുടെ ഉറവിട നശീകരണ പ്രവർത്തനങ്ങൾ നടത്തി. നഗരസഭ വികസനക്ഷേമ ചെയർമാൻ വഞ്ചിയൂർ ബാബു ഉറവിട നശീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നിർവ്വഹിച്ചു. ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഉറവിടനശീകരണ പ്രവർത്തനങ്ങളുടെ മേൽനോട്ടം വഹിച്ചു. മിഷൻ അനന്തപുരിയുടെ ഭാഗമായി നടന്നു വരുന്ന ഉറവിട നശീകരണ പ്രവർത്തനങ്ങൾ ഫലപ്രദമാകുന്നുണ്ടെന്നും കൊതുകിനു മുട്ടയിട്ടു വളരനുള്ള സാഹചര്യം ഒഴിവാക്കുകയാണ് ഈ സാഹചര്യത്തിൽ വേണ്ടതെന്നും ജി്ല്ലാ പ്രോഗ്രാം മാനേജർ പറഞ്ഞു. മൺസൂൺ ആരംഭിക്കുന്നതിനു മുൻപു തന്നെ ദേശീയ ആരോഗ്യ ദൗത്യത്തിന്റെ ആരോഗ്യപ്രവർത്തകർ നഗരപ്രദേശത്തെ ഉറവിട നശീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കുമെന്നും അവർ പറഞ്ഞു. ഉറവിട നശീകരണ പ്രവർത്തനത്തിൽ നഴ്സിങ് കോളജിലെ 36 നഴ്സിങ് വിദ്യാർത്ഥികളും പങ്കെടുത്തു