- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ബോട്ടിൽ മാറ്റാനും സാധിക്കില്ല, മൂല്യം കുറയ്ക്കാനുമാകില്ല'; യൂറോ കപ്പിലെ 'കോള വിവാദം' രസകരമായ 'പരസ്യമാക്കി' ഫെവികോൾ കമ്പനി; റൊണാൾഡോയുടെ അതേ മേശയിൽ രണ്ട് പുതുപുത്തൻ ബോട്ടിൽ ഫെവികോൾ; ട്വിറ്ററിൽ വൻ ഹിറ്റ്
മ്യൂണിക്: യൂറോകപ്പ് ഫുട്‌ബോളിന്റെ ആവേശക്കുതിപ്പിലും സോഷ്യൽ മീഡിയയിൽ കഴിഞ്ഞ ദിവസങ്ങളിൽ ഏറ്റവും അധികം ചർച്ചയായിക്കൊണ്ടിരിക്കുന്ന സംഭവങ്ങളിൽ ഒന്നാണ് കൊക്ക കോളയുടെ ബ്രാൻഡ് മൂല്യത്തിൽ സംഭവിച്ച ഇടിവ്. യൂറോ കപ്പിന്റെ ഔദ്യോഗിക സ്‌പോൺസർമാരിൽ ഒരാളായ കോളക്ക് പത്രസമ്മേളനത്തിനിടെ പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റിയാനോ റൊണാൾഡോയുടെ ഭാഗത്തുനിന്നുണ്ടായ 'ചെറിയ പ്രതികരണം' കനത്ത തിരിച്ചടിയാണ് നൽകിയത്.
വാർത്താ സമ്മേളനത്തിനിടെ പോർച്ചുഗൽ ഫുട്‌ബോൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ കോക്ക കോള കുപ്പികൾ എടുത്തു മാറ്റിയതും ഫ്രഞ്ച് താരം പോൾ പോഗ്ബ ക്രിസ്റ്റ്യാനോയെ മാതൃകയാക്കി ബീയർ ബോട്ടിൽ വാർത്താ സമ്മേളനത്തിൽനിന്നു മാറ്റിയതുമൊക്കെയാണ് യൂറോ കപ്പ് സ്‌പോൺസർമാർക്ക് തിരിച്ചടിയായത്. വിപണി മൂല്യത്തിൽ ഇടിവുകൾ വന്നതോടെ കോളകമ്പനിക്ക് വിഷയത്തിൽ പ്രസ്താവന വരെ പുറത്തിറക്കേണ്ടിവന്നിരുന്നു.
ഈ സംഭവത്തെ പരസ്യത്തിന്റെ രൂപത്തിൽ മുതലെടുക്കാൻ ശ്രമിക്കുകയാണ് ഫെവികോൾ. ഫുട്‌ബോൾ താരങ്ങൾ വാർത്താ സമ്മേളനത്തിന് പങ്കെടുക്കാനെത്തുമ്പോൾ കൊക്ക കോള മാറ്റിവെക്കുന്ന പശ്ചാത്തലത്തിൽ അതേ ഫ്രെയിമിൽ ഫെവികോളിന്റെ ചിത്രം ഉറപ്പിച്ചു വെച്ചുകൊണ്ടാണ് ഫെവികോൾ പരസ്യചിത്രം പങ്കുവെച്ചിരിക്കുന്നത്. എടുത്ത് മാറ്റാൻ പറ്റാത്ത ഉറപ്പെന്ന രീതിയിലാണ് ഫെവികോൾ കൊക്ക കോളക്കുണ്ടായ ദൗർഭാഗ്യത്തെ പരസ്യത്തിന്റെ രൂപത്തിൽ വിറ്റഴിക്കുന്നത്. സംഭവം ട്രോളന്മാരും ഏറ്റെടുത്തതോടെ ഫെവികോളിന്റെ പരസ്യം വൻ ഹിറ്റായിരിക്കുകയാണ്.
Haye ni mera Coka Coka Coka Coka Coka#Euro2020 #Ronaldo #MazbootJod #FevicolKaJod pic.twitter.com/lv6YWrgfxB
- Fevicol (@StuckByFevicol) June 17, 2021
യൂറോയിലെ കോള വിവാദം സമൂഹമാധ്യമങ്ങളിലാണ് കമ്പനി ഉപയോഗിച്ചിരിക്കുന്നത്. യൂറോ കപ്പിനിടെ ക്രിസ്റ്റ്യാനോ കോള കുപ്പികൾ മാറ്റിയ അതേ ടേബിളിൽ ഫെവിക്കോളിന്റെ രണ്ട് പുതുപുത്തൻ ബോട്ടിലുകളാണ് ഫെവിക്കോൾ എഡിറ്റ് ചെയ്ത് ചേർത്തിരിക്കുന്നത്. പിന്നീട് രസികനൊരു വാചകവും 'ബോട്ടിൽ മാറ്റാനും സാധിക്കില്ല, മൂല്യം കുറയ്ക്കാനുമാകില്ല'. വ്യാഴാഴ്ച വൈകിട്ടാണ് ഫെവികോൾ ഈ പരസ്യം ട്വിറ്ററിലിട്ടത്. വെള്ളിയാഴ്ച വൈകിട്ടോടെ ട്വീറ്റ് ലൈക്ക് ചെയ്തവരുടെ എണ്ണം 31,000 പിന്നിട്ടു.
നിരവധി പേരാണ് കമ്പനിയുടെ മാർക്കറ്റിങ് മികവിനെ പുകഴ്‌ത്തി രംഗത്തെത്തിയത്. യൂറോ കപ്പ് ഫുട്‌ബോളിൽ ഹംഗറിക്കെതിരായ മത്സരത്തിനു മുൻപ് തിങ്കളാഴ്ച നടന്ന മാധ്യമസമ്മേളനത്തിനിടെയാണ് മേശയിൽനിന്നു പോർച്ചുഗൽ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ കോക്ക കോള കുപ്പികൾ എടുത്തു മാറ്റിയത്. തൊട്ടു പിന്നാലെ കോക്ക കോളയുടെ വിപണി മൂല്യം 400 കോടി യുഎസ് ഡോളർ (ഏകദേശം 29,335 കോടി രൂപ) ഇടിഞ്ഞത് യൂറോ കപ്പിന്റെ പ്രധാന സ്‌പോൺസറായ കമ്പനിക്ക് വൻ തിരിച്ചടിയായി. ക്രിസ്റ്റ്യാനോ കോള കുപ്പികൾ എടുത്തു മാറ്റിയ സംഭവത്തിൽ കോക്ക കോള പത്രക്കുറിപ്പിറക്കി.
എല്ലാവർക്കും അവരുടേതായ ഇഷ്ടങ്ങളുണ്ട്, രുചികളും... എന്നായിരുന്നു പത്രക്കുറിപ്പ്. അതേസമയം, 2006ൽ ക്രിസ്റ്റ്യാനോ മോഡലായ കോക്ക കോള പരസ്യവും ഇതോടൊപ്പം വൈറലായി. താരപ്പകിട്ടില്ലാതിരുന്ന കാലത്ത് കോളയുടെ പരസ്യത്തിൽ അഭിനയിക്കുകയും വൻതാരമായ ശേഷം തള്ളിപ്പറയുകയും ചെയ്തത് ഇരട്ടത്താപ്പാണെന്നാണ് ഒരു വിഭാഗത്തിന്റെ നിലപാട്.
സ്പോർട്സ് ഡെസ്ക്