ഹവാന: ക്യൂബൻ വിപ്ലവ നേതാവ് ഫിഡൽ കാസ്‌ട്രോയുടെ മൂത്ത മകൻ ഫിദൽ കാസ്‌ട്രോ ഡയസ് ബല്ലാർട്ട് ആത്മഹത്യ ചെയ്തു.വ്യാഴാഴ്ച പുലർച്ചെയാണ് ഡയസ് ബല്ലാർട്ടിനെ ആത്മഹത്യചെയ്ത നിലയിൽ കണ്ടെത്തിയത്. കടുത്ത വിഷാദരോഗത്തെ തുടർന്ന് മാസങ്ങളായി അദ്ദേഹം ചികിത്സയിലായിരുന്നു. ക്യൂബൻ ദേശീയ മാധ്യമമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

68കാരനായ കാസ്‌ട്രോ ജൂനിയർ ഏറെക്കാലത്തെ ആശുപത്രി വാസത്തിനു ശേഷം വീട്ടിൽ നിരവധി ഡോക്ടർമാരടങ്ങുന്ന സംഘത്തിന്റെ ചികിത്സയിലായിരുന്നു. കാസ്‌ട്രോയുമായി വളരെ രൂപസാദൃശ്യമുണ്ടായിരുന്ന ഡയസ് ബല്ലാർട്ട് ഫിഡലിറ്റോ എന്നും അറിയപ്പെട്ടിരുന്നു.

കാസ്‌ട്രോയുടെ മക്കളിൽ ഏറ്റവും അധികം വിദ്യാഭ്യാസം നേടിയ ആളായിരുന്നു ബലാർട്ട്. മോസ്‌കോയിലായിരുന്നു ബലാർട്ട് ഉന്നതവിദ്യാഭ്യാസം നേടിയത്. പിന്നീട് രാജ്യത്തിന്റെ ഉന്നത ആണവശാസ്ത്രജ്ഞനാകുകയും ചെയ്തു. ക്യൂബൻ കൗൺസിൽ ഓഫ് സ്റ്റേറ്റിന്റെ ശാസ്ത്രവിഭാഗം ഉപദേഷ്ടാവായിരുന്നു ബലാർട്ട്. ക്യൂബൻ അക്കാദമി ഓഫ് സയൻസസിന്റെ വൈസ് പ്രസിഡന്റുമായിരുന്നു.