ദോഹ. ഫിഫ ലോകകപ്പ് 2022 ന് ആതിഥേയത്വം വഹിക്കാനുള്ള തയ്യാറെടുപ്പുകൾ പുരോഗമിക്കുമ്പോൾ മുന്നൊരുക്കങ്ങളിലെ ശ്രദ്ധേയ സാന്നിധ്യമായി കോസ്റ്റൽ ഖത്തർ. ലോകകപ്പിനുള്ള തയ്യാറെടുപ്പിൽ സജീവ പങ്കുവഹിക്കുന്ന പ്രാദേശിക കമ്പനികളിൽ എഞ്ചിനീയറിങ് ജോലികളിൽ വൈദഗ്ദ്ധ്യം നേടിയ കോസ്റ്റൽ ഖത്തർ കമ്പനിയാണ് ലോകകപ്പ് സ്റ്റേഡിയങ്ങളിൽ ആറ് സീറ്റുകളുടെ നിർമ്മാണവും ഇൻസ്റ്റാളേഷനും ഏറ്റെടുത്തിരിക്കുന്നത്. മലയാളിയായ നിഷാദ് അസീം ആണ് കോസ്റ്റൽ ഖത്തറിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറെന്നതാണ് മലയാളികളുടെ അഭിമാനം.

അൽബെയ്ത്, അൽ ജനൂബ്, അഹമ്മദ് ബിൻ അലി, എഡ്യൂക്കേഷൻ സിറ്റി, ലുസൈൽ, റാസ് അബു അബൂദ് എന്നീ സ്റ്റേഡിയങ്ങൾക്കായി മൊത്തം രണ്ടര ലക്ഷം സീറ്റുകളാണ് കോസ്റ്റൽ ഖത്തർ നിർമ്മിക്കുന്നത്. 2017 ഏപ്രിലിൽ സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസിയുമായി കോസ്റ്റൽ കമ്പനി കരാറിലേർപ്പെട്ടിരുന്നു . വിശാലമായ വാണിജ്യ, പൊതു ഇടങ്ങൾക്കായി നിലകൾ രൂപകൽപ്പന ചെയ്യുക, വിതരണം ചെയ്യുക, ഇൻസ്റ്റാൾ ചെയ്യുക, വാസ്തുവിദ്യാ, വ്യാവസായിക പദ്ധതികൾ, പാർക്കുകൾ എന്നിവയ്ക്കായുള്ള ഉൽപ്പന്നങ്ങൾ ഉൾപ്പെടെ അടിസ്ഥാന സൗകര്യ പദ്ധതികൾക്കായി വിപുലമായ ഉൽപ്പന്നങ്ങളാണ് കോസ്റ്റൽ ഖത്തർ നിർമ്മിക്കുന്നത്.

രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളും സാക്ഷ്യം വഹിച്ച ദ്രുതഗതിയിലുള്ള വികസനത്തിന്റെ വെളിച്ചത്തിൽ സ്പോർട്സ് ഇൻഫ്രാസ്ട്രക്ചർ ഉൽപ്പന്നങ്ങളുടെ വിശ്വസനീയമായ ഉറവിടമെന്ന നിലയിൽ കമ്പനിയുടെ പ്രാധാന്യം വളരുകയാണ്. നിർമ്മാണ പ്രക്രിയയുടെ ആസൂത്രണവും രൂപകൽപ്പനയും, 3 ഡി മോഡലിങ്, നടപ്പാക്കൽ, ഇൻസ്റ്റാളേഷൻ ജോലികൾ വരെയുള്ള മുഴുവൻ ജോലികളിലും കമ്പനിയുടെ വിദഗ്ധ സംഘം കൈകാര്യം ചെയ്യുമെന്ന് കോസ്റ്റൽ ഖത്തർ സിഇഒ നിഷാദ് അസീം വിശദീകരിച്ചു .

സ്റ്റേഡിയം സീറ്റുകൾക്കായി വ്യത്യസ്ത വർണ്ണ പാറ്റേണുകൾ വികസിപ്പിക്കുന്നതിൽ കമ്പനി വിജയിച്ചതായി കോസ്റ്റൽ ഖത്തർ പ്രൊജക്ട് മാനേജർ ഇമാദ് പറഞ്ഞു. സുപ്രീം കമ്മിറ്റിയിലെ ഉദ്യോഗസ്ഥർക്കായി ഒരു കൂട്ടം ഓപ്ഷനുകൾ അവതരിപ്പിക്കാൻ ഞങ്ങൾക്ക് കഴിഞ്ഞു. ലോകകപ്പ് സ്റ്റേഡിയങ്ങളിൽ നിങ്ങൾ ഇപ്പോൾ കാണുന്ന വർണ്ണ പാറ്റേണുകൾ ആ ഓപ്ഷനുകളിൽ നിന്ന് തിരഞ്ഞെടുത്തതാണ്, അദ്ദേഹം കൂട്ടിച്ചേർത്തു.

സ്റ്റേഡിയം സീറ്റുകളുടെ നിർമ്മാണ വേളയിൽ സുസ്ഥിര സമ്പ്രദായങ്ങൾ പാലിക്കുന്നതിലും പ്ലാസ്റ്റിക് പാഴാക്കുന്നത് ഒഴിവാക്കുന്നതിലും കോസ്റ്റൽ ഖത്തർ ഏറെ ശ്രദ്ധിച്ചിട്ടുണ്ട്. ''സീറ്റുകൾ നിർമ്മിക്കുന്ന സാഹചര്യത്തിൽ ആവശ്യമായ അംഗീകാരം ലഭിക്കാതെ വരികയോ നിറങ്ങൾ മാറ്റേണ്ടി വരികയോ ചെയ്താൽ അവ പുനർനിർമ്മിക്കും. ചില സാഹചര്യങ്ങളിൽ. അന്തിമ ഉൽപ്പന്നം മിക്‌സഡ്-കളറിലാണ് വരിക. നിർമ്മാണത്തിന്റെ എല്ലാ ഘട്ടങ്ങളും കൈകാര്യം ചെയ്യുന്ന ഒരു വിദഗ്ധ സംഘമാണ് ജോലികൾക്ക് മേൽനോട്ടം വഹിക്കുന്നത്. സുപ്രീം കമ്മറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസിയുമായുള്ള സഹകരണത്തിൽ, അസീമും ഇമാദും തികഞ്ഞ സംതൃപ്തിയും അഭിമാനവും പ്രകടിപ്പിച്ചു.

നിർമ്മാണം, വാണിജ്യം, സ്റ്റീൽ ഫാബ്രിക്കേഷൻ, പ്രോജക്ട് സപ്പോർട്ട് എന്നിവയിൽ ശ്രദ്ധേയമായ സ്ഥാപനമാണ് കോസ്റ്റൽ ഖത്തർ. ഹമദ് ഇന്റർനാഷണൽ എയർപോർട്ട്, ഖത്തർ ആഭ്യന്തര മന്ത്രാലയം ഹെഡ് കോർട്ടേഴ്‌സ്, ഖത്തർ നാഷണൽ മ്യൂസിയം, ഖത്തർ നാഷണൽ ലൈബ്രറി തുടങ്ങിയ ഖത്തറിന്റെ അഭിമാനപദ്ധതികളിലൊക്കെ കോസ്റ്റൽ ഖത്തറിന് പങ്കാളിത്തമുണ്ട്.