സൂറിച്ച്: യുക്രൈനിൽ റഷ്യയുടെ സൈനിക നടപടിയിൽ പ്രതിഷേധിച്ച് ലോകകപ്പ് ഫുട്‌ബോൾ യോഗ്യതാ പോരാട്ടങ്ങളിൽ നിന്നും വിലക്കേർപ്പെടുത്തി ഫിഫ. ജൂണിൽ നടക്കാനിരിക്കുന്ന വനിതാ യൂറോ കപ്പിൽ നിന്നും റഷ്യയെ വിലക്കാൻ ഫിഫ തീരുമാനിച്ചു. അനിശ്ചിതകാലത്തേക്കാണ് റഷ്യക്കുമേൽ ഫിഫ വിലക്കേർപ്പെടുത്തിയിരിക്കുന്നത്.

ഖത്തർ ലോകകപ്പിന് യോഗ്യത നേടാൻ റഷ്യ പ്ലേ ഓഫ് മത്സരങ്ങൾക്ക് ഒരുങ്ങുന്നതിനിടെയാണ് ഫിഫയുടെ നടപടി. റഷ്യക്കെതിരെ ഫിഫ മൃദുസമീപനം സ്വീകരിക്കുന്നുവെന്ന ആക്ഷേപം ഉയർന്ന പശ്ചാത്തലത്തിലാണ് ശക്തമായ നടപടിയുമായി ഫിഫ രംഗത്തെത്തിയത്.

റഷ്യ-യുക്രൈൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഇംഗ്ലണ്ട്, പോളണ്ട്, സ്വീഡൻ തുടങ്ങി ഒട്ടേറെ രാഷ്ട്രങ്ങൾ റഷ്യയുമായി കളിക്കുന്നതിൽ വിസമ്മതം പ്രകടിപ്പിച്ചിരിക്കുകയാണ്. റഷ്യയുടെ പതാക, റഷ്യയുടെ ദേശീയ ഗാനം എന്നിവയുമായി ബന്ധപ്പെടുന്ന ഒരു ടീമിനെയും മത്സരിപ്പിക്കാൻ കഴിയില്ലെന്നതാണ് ഫിഫയുടെ നിലപാട്.

നേരത്തെ റഷ്യക്ക് രാജ്യത്തിന്റെ പേരിൽ മത്സരിക്കുന്നതിനും ദേശീയ പതാകയോ ദേശീയ ഗാനമോ ടൂർണമെന്റുകളിൽ ഉപയോഗിക്കുന്നതിനും ഫിഫ താൽക്കാലിക വിലക്കേർപ്പെടുത്തിയിരുന്നു. എന്നാൽ റഷ്യക്കെതിരായ നടപടി കുറഞ്ഞുപോയെന്ന വിവിധ രാജ്യങ്ങളിലെ ഫുട്‌ബോൾ ഫെഡറേഷനുകളുടെ അഭിപ്രായം കണക്കിലെടുത്താണ് കർശന നടപിയുമായി ഫിഫ ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്.

ലോകകപ്പ് യോഗ്യതാ പ്ലേ ഓഫിൽ കളിക്കേണ്ട പോളണ്ട്, സ്വീഡൻ, ചെക്ക് റിപ്ലബിക് തുടങ്ങിയ രാജ്യങ്ങളാണ് റഷ്യക്കെതിരെ കർശന നടപടി ആവശ്യപ്പെട്ട് ആദ്യം രംഗത്തെത്തിയത്. ഇതിന് പിന്നാലെ ഫ്രാൻസ്, ഇംഗ്ലണ്ട്, അമേരിക്ക എന്നീ രാജ്യങ്ങളും ഒരു സാഹചര്യത്തിലും റഷ്യയുമായി മത്സരിക്കാനിറങ്ങില്ലെന്ന് വ്യക്തമാക്കിയിരുന്നു. ഫിഫയുടെ നടപടിക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് യൂറോപ്യൻ രാജ്യങ്ങളുടെ ഫുട്‌ബോൾ സംഘടനയായ യുവേഫയും വിലക്കേർപ്പെടുത്തിയതോടെ ഈ വർഷം ജൂണിൽ നടക്കുന്ന വനിതാ യൂറോ കപ്പിലും റഷ്യക്ക് മത്സരിക്കാനാവില്ല.