- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫിഫയിലെ അറസ്റ്റ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള യുഎസ് തന്ത്രമെന്ന് റഷ്യ; സെപ് ബ്ലാറ്റർ രാജിവയ്ക്കണമെന്ന് പ്ലറ്റീനി
മോസ്‌കോ: അഴിമതിക്കേസിൽ ഫിഫയിലെ ഉന്നത ഉദ്യോഗസ്ഥരെ അറസ്റ്റു ചെയ്ത സംഭവത്തിന് പുതിയ രാഷ്ട്രീയ തലങ്ങൾ. സംഭവത്തിൽ അമേരിക്കയുടെ കൈകടത്തലുണ്ടെന്ന് റഷ്യ ആരോപിക്കുന്നു. അതിനിടെ, ഫിഫ പ്രസിഡന്റ് സെപ് ബ്ലാറ്ററുടെ രാജി ആവശ്യപ്പെടുന്നവരുടെ കൂട്ടത്തിലേക്ക് യുവേഫ പ്രസിഡന്റും ഫുട്‌ബോൾ ഇതിഹാസവുമായ മിഷേൽ പ്ലറ്റീനിയും എത്തിച്ചേർന്നു. അമേരിക്
മോസ്‌കോ: അഴിമതിക്കേസിൽ ഫിഫയിലെ ഉന്നത ഉദ്യോഗസ്ഥരെ അറസ്റ്റു ചെയ്ത സംഭവത്തിന് പുതിയ രാഷ്ട്രീയ തലങ്ങൾ. സംഭവത്തിൽ അമേരിക്കയുടെ കൈകടത്തലുണ്ടെന്ന് റഷ്യ ആരോപിക്കുന്നു. അതിനിടെ, ഫിഫ പ്രസിഡന്റ് സെപ് ബ്ലാറ്ററുടെ രാജി ആവശ്യപ്പെടുന്നവരുടെ കൂട്ടത്തിലേക്ക് യുവേഫ പ്രസിഡന്റും ഫുട്‌ബോൾ ഇതിഹാസവുമായ മിഷേൽ പ്ലറ്റീനിയും എത്തിച്ചേർന്നു.
അമേരിക്കയ്‌ക്കെതിരെ റഷ്യൻ പ്രസിഡണ്ട് വ്‌ളാദിമർ പുടിനാണ് രംഗത്തെത്തിയത്. മറ്റ് രാജ്യങ്ങളുടെ അധികാര പരിധിയിൽ അമേരിക്ക കടന്നുകയറുകയാണ്. ഫിഫ അറസ്റ്റ് ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ്. ഫിഫയുടെ കാര്യങ്ങളിൽ അമേരിക്ക ഇടപെടേണ്ട. സെപ് ബ്ലാറ്റർ വീണ്ടും ഫിഫ പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെടുന്നത് തടയാനുള്ള അമേരിക്കൻ തന്ത്രമാണ് അറസ്റ്റ്. അറസ്റ്റിലായവർ യുഎസ് പൗരന്മാരല്ലെന്നും പുടിൻ പറഞ്ഞു.
അതിനിടെയാണ് ബ്ലാറ്ററുടെ രാജി ആവശ്യവുമായി പ്ലറ്റീനിയും രംഗത്തെത്തിയത്. കാര്യങ്ങൾ ഇത്രയും വഷളായ സാഹചര്യത്തിൽ രാജിവയ്ക്കണമെന്ന് ബ്ലാറ്ററോട് ആവശ്യപ്പെട്ടതായി മിഷേൽ പ്ലറ്റീനി പറഞ്ഞു. ഫിഫ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ബ്ലാറ്ററെ തോൽപിക്കാൻ വേണ്ടി വോട്ട് ചെയ്യുമെന്നും തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കില്ലെന്നും പ്ലറ്റീനി പറഞ്ഞു.
താൻ ബ്ലാറ്ററുമായി കൂടിക്കാഴ്ച നടത്തിയിരുന്നതായി പ്ലറ്റീനി പറഞ്ഞു. കൂടിക്കാഴ്ചയിൽ രാജി ആവശ്യം താൻ ഉന്നയിച്ചു. എന്നാൽ, തന്റെ ആവശ്യം ബ്ലാറ്റർ തള്ളി. തെരഞ്ഞെടുപ്പ് ആരംഭിക്കാനിരിക്കെ ഈ സാഹചര്യത്തിൽ പെട്ടെന്ന് ഒഴിയാനാവില്ലെന്നാണ് ബ്ലാറ്റർ പ്ലറ്റീനിയെ അറിയിച്ചത്. ഒരുപാട് അഴിമതി ആരോപണങ്ങൾ ഫിഫയ്ക്ക് എതിരെയുണ്ട്. അതുകൊണ്ട് തന്നെ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാതെ ബ്ലാറ്ററെ തോൽപിക്കാനുള്ള നടപടികളുമായി മുന്നോട്ട് പോകാനാണ് യുവേഫയുടെ തീരുമാനം.
എല്ലാ അസോസിയേറ്റ് രാഷ്ട്രങ്ങളോടും ബ്ലാറ്റർക്കെതിരെ വോട്ട് ചെയ്യാൻ അഭ്യർത്ഥിച്ചിട്ടുണ്ട്. പ്രിൻസ് അലിക്ക് വോട്ടുചെയ്യാനാണ് അസോസിയേറ്റ് രാഷ്ട്രങ്ങളോട് അഭ്യർത്ഥിച്ചിട്ടുള്ളത്.
യുഎസ്സ് സർക്കാരിന്റെ നിർദേശ പ്രകാരം ഫിഫ വൈസ് പ്രസിഡണ്ട് ജാക്ക് വാർണറടക്കം ആറ് പേരെ ഇന്നലെ സ്വിസ് പൊലീസാണ് അറസ്റ്റ് ചെയ്തത്. കോടികൾ കൈക്കൂലി വാങ്ങിയെന്നതാണ് ഇവർക്കെതിരെയുള്ള കുറ്റം. 1990 മുതൽ നടത്തിയ 100 ലക്ഷം ഡോളറിന്റെ അഴിമതികളാണ് ഇവർക്കെതിരെ യുഎസ് അധികൃതർ ചുമത്തിയിരിക്കുന്നത്. കുറ്റം തെളിഞ്ഞാൽ ഇവർക്ക് 20 വർഷം വരെ തടവ്ശിക്ഷ ലഭിക്കും. പുതിയ ഫിഫ പ്രസിഡണ്ടിനെ തെരഞ്ഞെടുക്കുന്ന ഫിഫ കോൺഗ്രസ്സിനെത്തിയവരാണ് അറസ്റ്റിലായവർ.
ഉന്നത ഉദ്യോഗസ്ഥരെ സ്വിസ് പൊലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെ പ്രസിഡണ്ട് സെപ് ബ്ലാറ്റർ സ്ഥാനമൊഴിയണമെന്ന ആവശ്യം ശക്തമായി. കഴിഞ്ഞ 17 വർഷമായി ഫിഫയുടെ അനിഷേധ്യനായ പ്രസിഡണ്ടാണ് ബ്ലാറ്റർ. അധ്യക്ഷ പദവിയിൽ അഞ്ചാമൂഴം ലക്ഷ്യമിട്ട് മത്സരരംഗത്തിറങ്ങിയ ബ്ലാറ്റർക്ക് തിരിച്ചടി ആയിരിക്കുകയാണ് ഉദ്യോഗസ്ഥരുടെ അറസ്റ്റ്.
2010ലെ ലോകകപ്പ് ലഭിക്കാൻ ദക്ഷിണാഫ്രിക്കൻ അധികൃതർ ഫിഫ ഉദ്യോഗസ്ഥർക്ക് ഒരു കോടി ഡോളർ കൈക്കൂലി നൽകിയെന്ന് യുഎസ് അന്വേഷണ സംഘം പറയുന്നു. 2018, 2022 ലോകകപ്പ് വേദി റഷ്യയ്ക്കും ഖത്തറിനും നൽകിയതുമായി ബന്ധപ്പെട്ട് സ്വിസ് അധികൃതർ ഫിഫയുടെ സൂറിച്ച് ആസ്ഥാനം റെയ്ഡ് ചെയ്തിട്ടുണ്ട്.
സെപ് ബ്ലാസ്റ്റർ സ്ഥാനമൊഴിയണമെന്ന് ആവശ്യപ്പെട്ട് ഇംഗ്ലീഷ് ഫുട്‌ബോൾ അസോസിയേഷൻ ചെയർമാൻ ഗ്രെഗ് ഡെയ്ക് രംഗത്തെത്തി. ബ്ലാറ്റർ പ്രസിഡണ്ട് സ്ഥാനത്ത് തുടരുന്ന കാലത്തോളം ഫിഫയുടെ വിശ്വാസ്യത വീണ്ടെടുക്കാനാകില്ല. ഒന്നുകിൽ അദ്ദേഹം രാജിവെയ്ക്കണം, അല്ലെങ്കിൽ പുറത്താക്കണം. അതുമല്ലെങ്കിൽ മറ്റൊരു വഴി തേടേണ്ടി വരുമെന്നും ഡെയ്ക്ക് പറഞ്ഞു. 2018 ലോകകപ്പ് വേദിക്കായി റഷ്യയോട് മത്സരിച്ച രാജ്യമാണ് ഇംഗ്ലണ്ട്. റഷ്യയ്ക്ക് ലോകകപ്പ് വേദി നൽകിയതിൽ കൈക്കൂലി ആരോപണം നേരത്തെ ഉയർന്നിരുന്നു.
ഫിഫ കോൺഗ്രസ്സിൽ അംഗങ്ങളായ 209 അസോസിയേഷൻ പ്രതിനിധികളാണ് പുതിയ ഫിഫ പ്രസിഡണ്ടിനെ തെരഞ്ഞെടുക്കുക. ബ്ലാറ്റർക്ക് ശക്തമായ വെല്ലുവിളിയുയർത്തി ജോർദാൻ രാജകുമാരനും നിലവിലെ ഫിഫ വൈസ് പ്രസിഡണ്ടുമായ പ്രിൻസ് അലി ബിൻ അൽ ഹുസൈനാണ് മത്സരരംഗത്തുള്ളത്.
സെപ് ബ്ലാറ്ററിനെ കള്ളനെന്ന് വിശേഷിപ്പിച്ച് ഫുട്‌ബോൾ ഇതിഹാസം ഡീഗോ മറഡോണ ഇന്നലെ രംഗത്തെത്തിയിരുന്നു. ഫിഫ എന്നത് അഴിമതിക്കാർക്കുള്ള പ്ലേഗ്രൗണ്ടായി മാറിയിരിക്കുകയാണെന്ന് മറഡോണ വിമർശിച്ചു. സെപ്പ് ബ്ലാറ്ററിന് കീഴിൽ ഫുട്‌ബോൾ അപമാനിക്കപ്പെട്ടെന്നും മറഡോണ തുറന്നെഴുതിയിരുന്നു.