സൂറിച്ച്; ലോകകപ്പ് വേദി നേടിയെടുക്കുന്നതിനായി ഏതെങ്കിലും തരത്തിലുള്ള അഴിമതി നടത്തിയതായി തെളിഞ്ഞാൽ അടുത്ത രണ്ട് ലോകകപ്പുകൾക്ക് വേദിയാകാനിരിക്കുന്ന റഷ്യ, ഖത്തർ എന്നീ രാജ്യങ്ങൾക്ക് ലോകകപ്പ് വേദി നഷ്ടപ്പെടാൻ സാധ്യത. റഷ്യയ്ക്കും ഖത്തറിനും ഫിഫാ പ്രസിഡന്റായിരിക്കെ സെപ് ബ്ലാറ്റർ ലോകകപ്പ് അനുവദിച്ചത് യൂറോപ്യൻ രാജ്യങ്ങളുടെ എതിർപ്പ് മറികടന്നാണ്. എല്ലാ ഭൂഖണ്ഡത്തിലും കാൽപ്പന്തുകളിയുടെ അവേശം എത്തിക്കാനായിരുന്നു ഇത്.

ഇതുമായി ബന്ധപ്പെട്ട വിവാദങ്ങളോടെ സെപ് ബ്ലാറ്ററുടെ യൂറോപ്യൻ യൂണിയനുമായി തെറ്റി. ഇത് തന്നെയാണ് ബ്ലാറ്ററുടെ ഫിഫാ പ്രസിഡന്റ് സ്ഥാനത്ത് നിന്നുള്ള രാജിവരെ കാര്യങ്ങളെത്തിയത്. ബ്ലാറ്ററുടെ രാജിയോടെ കാര്യങ്ങൾ അനുകൂലമാക്കാനാണ് യൂറോപ്യൻ രാജ്യങ്ങളുടെ നീക്കം. അതിന്റെ ഭാഗമായാണ് പുതിയ പ്രഖ്യാപനങ്ങൾ. ഈ ലോകകപ്പുകളുടെ ആതിഥേയത്വം നേടിയെടുക്കുന്നതിന് കോഴ നൽകുകയോ അഴിമതി നടത്തുകയോ ചെയ്തു എന്നു തെളിഞ്ഞാലാണ് ലോകകപ്പ് വേദികൾ പിൻവലിക്കാൻ ഫിഫ ആലോചിക്കുന്നത്. ഫിഫയുടെ ഓഡിറ്റ്, പരാതി കമ്മിറ്റികളുടെ ചെയർമാനായ ഡൊമനിക്കോ സ്‌കാലയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

കഴിഞ്ഞ ഏതാനു ദിവസങ്ങളായി ഫിഫയിലുയർന്നിട്ടുള്ള അഴിമതിയാരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് റഷ്യ, ഖത്തർ എന്നീ രാജ്യങ്ങൾക്ക് ലോകകപ്പ് വേദികൾ അനുവദിച്ച നടപടിക്രമങ്ങളും പരിശോധനാ വിഷയമാക്കുന്നത്. ലോകകപ്പ് വേദികൾ നേടിയെടുക്കുന്നതിന് അഴിമതി നടത്തിയതായി തെളിഞ്ഞാൽ ഇവർക്ക് ലോകകപ്പിന് ആതിഥേയത്വം വഹിക്കാനുള്ള അവസരം നഷ്ടപ്പെടുമെന്ന് ഡൊമനിക്കോ സ്‌കാല വ്യക്തമാക്കി. എന്നാൽ, ഇത്തരത്തിലുള്ള യാതൊരുവിധ തെളിവുകളും ഇതുവരെ ലഭിച്ചിട്ടില്ലെന്നും അദേഹം അറിയിച്ചു.

2010 ലോകകപ്പിനു മുൻപ് കോൺകകാഫ് മേഖലയ്ക്കു 10 ദശലക്ഷം യുഎസ് ഡോളർ (ഏകദേശം 63 കോടി രൂപ) നൽകിയതായി ദക്ഷിണാഫ്രിക്കൻ ഗവൺമെന്റ് അടുത്തിടെ സമ്മതിച്ചിരുന്നു.