സൂറിച്ച്: അന്താരാഷ്ട്ര ഫുട്‌ബോൾ ഫെഡറേഷൻ (ഫിഫ) പ്രസിഡന്റ് ജോസഫ് ബ്ലാറ്റർക്കു പിന്നാലെ യുവേഫ അധ്യക്ഷൻ മിഷേൽ പ്ലാറ്റിനിക്കും ഫിഫ സദാചാരസമിതിയുടെ സസ്‌പെൻഷൻ. മൂന്നു മാസത്തേക്കാണു സസ്‌പെൻഷൻ.

ഫിഫ സെക്രട്ടറി ജനറൽ ജറോം വാൽക്കെയെയും സസ്‌പെൻഡു ചെയ്തിട്ടുണ്ട്. ഫിഫയിൽ നടത്തിയ ക്രമക്കേടുകളെ തുടർന്നാണു നടപടി. മുൻ വൈസ് പ്രസിഡന്റ് ചുങ് മോങ് ജൂനിന് ആറുവർഷത്തെ വിലക്കും ഏർപ്പെടുത്തിയിട്ടുണ്ട. ഒരു ലക്ഷം സ്വിസ് ഫ്രാങ്ക് നഷ്ടപരിഹാരം നൽകാനും സമിതി നിർദേശിച്ചു.

ഫിഫയ്ക്ക് നഷ്ടമുണ്ടാക്കിയ സംപ്രേഷണ കരാറിൽ ഒപ്പുവച്ചതിനും യുവേഫ പ്രസിഡന്റ് മിഷേൽ പ്ലാറ്റീനിക്ക് അനവസരത്തിൽ പ്രതിഫലത്തുക നൽകിയെന്നുമുള്ള കുറ്റങ്ങളിലാണ് കഴിഞ്ഞ ദിവസം സെപ് ബ്ലാറ്ററെ ശിക്ഷിച്ചത്. ഈ ആരോപണങ്ങളിൽ സ്വിസ് അറ്റോർണി ജനറൽ ബ്ലാറ്റർക്കെതിരെ ക്രിമിനൽ നടപടി സ്വീകരിച്ചിരുന്നു. ഈ നടപടിയുടെ പശ്ചാത്തലത്തിലാണ് ഫിഫ സദാചാരസമിതി ശിക്ഷ പ്രഖ്യാപിച്ചത്.

1988 മുതൽ ഫിഫ അധ്യക്ഷനാണ് 79കാരനായ ബ്ലാറ്റർ. തന്റെ അടുപ്പക്കാരനായ കരീബിയൻ യൂണിയൻ പ്രസിഡന്റ് ജാക്ക് വാർണർക്ക് തുച്ഛമായ തുകയ്ക്ക് ലോകകപ്പ് സംപ്രേഷണാവകാശം തരപ്പെടുത്തിക്കൊടുത്തെന്നതാണ് ഗുരുതരമായ കുറ്റം. നാലു കോടി രൂപയ്ക്ക് തനിക്ക് കിട്ടിയ സംപ്രേഷണാവകാശം വാർണർ 132 കോടി രൂപയ്ക്ക് മറിച്ചുവിറ്റതായി തെളിഞ്ഞിരുന്നു. 19992001 കാലയളവിൽ ഫിഫയ്ക്കുവേണ്ടി ചെയ്ത ജോലിക്ക് 2011ൽ പ്രതിഫലം നല്കിയെന്നതാണ് മറ്റൊരു കുറ്റം.

ഇതോടെ അഴിമതി ആരോപണങ്ങളിൽ പെട്ട ഫിഫ മേധാവി സെപ് ബ്ലാറ്റർക്ക് മേൽ രാജി സമ്മർദ്ദം ഏറുന്നു. അദ്ദേഹം സ്ഥാനം ഒഴിയണമെന്ന് പ്രധാന സ്‌പോൺസർമാരായ കൊക്കക്കോളയും മക്‌ഡൊണാൾഡും ആവശ്യപ്പെട്ടു. സ്ഥാനം ഒഴിയുന്നതിനെക്കുറിച്ച് ഇപ്പോൾ ആലോചിക്കുന്നില്ലെന്ന് ബ്ലാറ്റർ പ്രതികരിച്ചു. അച്ചടക്ക സമിതിയുടെ നടപടിയെ കുറിച്ചും പ്രതികരിച്ചിട്ടില്ല.

സ്വിസ് അന്വേഷണ സംഘം ഫിഫ ആസ്ഥാനത്ത് നടത്തിയ പരിശോധനകളും ബ്ലാറ്റർക്കെതിരെ ആരംഭിച്ച ക്രിമിനൽ നടപടികളുമാണ് കൊക്കക്കൊളയെയും മക്‌ഡൊണാൾഡിനെയും ആവശ്യം പരസ്യമായി ഉന്നയിക്കാൻ പ്രേരിപ്പിച്ചിരിക്കുന്നത്. ഓരോ ദിവസം കഴിയുന്തോറും ഫിഫയുടെയും ലോക ഫുഡ്‌ബോളിന്റെ നിറം കെട്ടുവരികയാണെന്നാന്നും അതുകൊണ്ട് ഉടൻ ബ്ലാറ്റർ സ്ഥാനം ഒഴിയണമെന്നുമാണ് പ്രധാന സ്‌പോൺസർമാരായ ഇരുകമ്പനികളും ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ ഇപ്പോൾ സ്ഥാനം ഒഴിയാൻ ഉദ്ദേശിക്കുന്നില്ലെന്ന് അഭിഭാഷകൻ മുഖേന ബ്ലാറ്റർ അറിയിച്ചു.

മേയിലാണ് അഞ്ചാം തവണയും ഫിഫ പ്രസിഡന്റായി ബ്ലാറ്റർ തെരഞ്ഞെടുക്കപ്പെട്ടത്. ബ്ലാറ്ററുടെ എതിർപക്ഷത്തായിരുന്ന യുവേഫ പ്രസിഡന്റ് മിഷേൽ പ്ലാറ്റീനി തെരഞ്ഞെടുപ്പിന്റെ അവസാന നിമിഷം ബ്ലാറ്റർക്ക് അനുകൂലമായി കൂറുമാറിയിരുന്നു.